വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വ്യാജവാര്‍ത്തയാണ് പരക്കുന്നതെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി. കോവളം മണ്ഡലത്തിലെ ചൊവ്വര ബൂത്ത് നമ്പര്‍ 51ല്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിയ്ക്ക് വോട്ട് പോകുന്നുവെന്ന ആരോപണത്തെക്കുറിച്ചാണ് ഇവര്‍ പ്രതികരിച്ചത്.
ഇടയ്ക്ക് ഒരു പ്രാവശ്യം ഇത്തരമൊരു തകരാര്‍ കാണിച്ചെങ്കിലും യന്ത്രം മാറ്റി സ്ഥാപിച്ചതായും അവര്‍ വ്യക്തമാക്കി. തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതിനാലാണ് താന്‍ തന്നെ നേരിട്ട് ഇക്കാര്യം ബോധ്യപ്പെടുത്തുന്നതെന്നും അവര്‍ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. 76 വോട്ടുകള്‍ വിജയകരമായാണ് രേഖപ്പെട്ടതെന്നും 77-ാം വോട്ട് ചെയ്യാന്‍ നേരത്തെ യന്ത്രം ജാമായതാണെന്നും അതാണ് ഇവിടെ സംഭവിച്ച പ്രശ്‌നമെന്നും അവര്‍ പറയുന്നു. ഇത്തരത്തിലെന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ഉടന്‍ യന്ത്രം മാറ്റേണ്ടതാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശമുണ്ടെന്നും അതനുസരിച്ച് യന്ത്രം മാറ്റി സ്ഥാപിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്തെ വോട്ടിംഗ് മെഷീനുകള്‍ക്ക് വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും മാധ്യമങ്ങളോട് പറഞ്ഞു. വോട്ടിംഗ് മെഷീനിലെ തകരാര്‍ സംഭവിച്ചത് വ്യാപകമായി പരാതിയില്ല. ചില സ്ഥലങ്ങളില്‍ പ്രശ്‌നമുണ്ടായിട്ടുണ്ട്. അതു ഞങ്ങള്‍ പ്രതീക്ഷിച്ചതുമാണെന്നും ടിക്കാറാം മീണ പറയുന്നു.
ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് പെയ്തത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യം ഞങ്ങള്‍ ആദ്യമേ പറഞ്ഞതാണ്. ഗുരുതരമായ പ്രശ്‌നങ്ങളൊന്നും വോട്ടെടുപ്പില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതാത് സ്ഥലങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോവളത്ത് വോട്ടുകള്‍ ചിഹ്നം മാറി രേഖപ്പെടുത്തുന്നു എന്ന പരാതിയില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്. എന്തായാലും വ്യാപകമായ പരാതികളൊന്നുമില്ല. മഴയും ഇടിയും ഉണ്ടായത് മൂലമുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ. ഇതുവരെയുള്ള കണക്കനുസരിച്ച് രാവിലെ ഒന്‍പതരയോടെ പന്ത്രണ്ട് ശതമാനം പോളിംഗ് നടന്നതായും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ യാതൊരു ആശങ്കയും പേടിയുമില്ലാതെ ധൈര്യത്തോടെ പോയി വോട്ടു ചെയ്തു വരണമെന്നും പ്രത്യേക അജണ്ട വച്ച് രാഷ്ട്രീയക്കാര്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ജനങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
This post was last modified on April 23, 2019 11:58 am
Leave a Comment