X

തൊഴിലവസരങ്ങളെക്കുറിച്ച് അധികം പറയാതെ ബിജെപിയുടെ പ്രകടനപത്രിക

കോണ്‍ഗ്രസ് മിനിമം വരുമാനം സംബന്ധിച്ചും തൊഴിലവസരങ്ങള്‍ സംബന്ധിച്ചും വലിയ വാഗ്ദാനങ്ങള്‍ നല്‍കുമ്പോളാണ് ബിജെപിയുടെ പ്രകടന പത്രിക നാമമാത്രമായ തൊഴിലവസര പരാമര്‍ശങ്ങളില്‍ ഒതുങ്ങുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും, ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കും എന്നെല്ലാം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നത് സംബന്ധിച്ച് വാഗ്ദാനങ്ങളില്ല. രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും എന്നാണ് 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി വാദ്ഗാനം ചെയ്തത്. എന്നാല്‍ രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അല്ലെങ്കില്‍ രൂക്ഷമായ തൊഴിലില്ലായ്മ തടയുന്ന തരത്തില്‍ ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വലിയ പരാജയമാണ് എന്നാണ് സര്‍ക്കാര്‍ ഏജന്‍സികളുടെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച എന്‍എസ്എസ്ഒ (നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ്) റിപ്പോര്‍ട്ട് പൂഴ്ത്തിയ മോദി സര്‍ക്കാരിന്റെ നടപടി വലിയ വിവാദമായിരുന്നു. 45 വര്‍ഷത്തിനിടെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക് (6.1) ആണ് 2017-18ല്‍ രേഖപ്പെടുത്തിയത് എന്നടതടക്കമുള്ള റിപ്പോര്‍ട്ടുകളാണ് എന്‍എഎസ്എസ്ഒ തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതില്‍ പ്രതിഷേധിച്ചാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ പിസി മോഹനന്‍ അടക്കമുള്ളവര്‍ രാജി വച്ചത്. രാജ്യത്തെ 2.8 കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് ആറ് വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടമായതായും എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്വകാര്യമേഖലയില്‍ വ്യാപകമായ കൂട്ടപ്പിരിച്ചുവിടലുകളും പൊതു, സ്വകാര്യ മേഖലകളില്‍ വലിയ തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യമാണ് മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണകാലത്തുണ്ടായത്. നോട്ട് നിരോധനം തൊഴില്‍ നഷ്ടത്തില്‍ വലിയ പങ്ക് വഹിച്ചു. അസംഘടിത മേഖലകളേയും ഗ്രാമീണ സമ്പദ് വ്യവസ്ഥയേയും അത് തകര്‍ത്തും. ജി എസ് ടി ചെറുകിട വ്യാപാരികളെ ദുരിതത്തിലാക്കി. നോട്ട് നിരോധനത്തെക്കുറിച്ചും ജി എസ് ടിയെക്കുറിച്ചും അമിത് ഷായുടെ അവതാരികയിലെ ചെറിയ പരാമര്‍ശമൊഴിച്ചാല്‍ പ്രകടനപത്രിക മിണ്ടുന്നില്ല.

കോണ്‍ഗ്രസ് മിനിമം വരുമാനം സംബന്ധിച്ചും തൊഴിലവസരങ്ങള്‍ സംബന്ധിച്ചും തൊഴിലുറപ്പ് സംബന്ധിച്ചും വലിയ വാഗ്ദാനങ്ങള്‍ നല്‍കുമ്പോളാണ് ബിജെപിയുടെ പ്രകടന പത്രിക നാമമാത്രമായ തൊഴിലവസര പരാമര്‍ശങ്ങളില്‍ ഒതുങ്ങുന്നത്. 2020നകം 22 ലക്ഷം തസ്തികകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടിയെടുക്കും എന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. ഗ്രാമസഭകളില്‍ 10 ലക്ഷം തൊഴിലവസരങ്ങളൊരുക്കും. നിലവിലെ 100 ദിവസങ്ങളില്‍ നിന്ന് തൊഴിലുറപ്പ് പ്രവൃത്തിദിനങ്ങള്‍ വര്‍ഷത്തില്‍ 200 ആക്കുമെന്നാണ് സിപിഎമ്മിന്റേയും തൃണമൂല്‍ കോണ്‍ഗ്രസിന്റേയും വാഗ്ദാനം.

This post was last modified on April 8, 2019 4:09 pm