X

എന്‍ഡോസള്‍ഫാന്‍: മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ചില്‍, സെല്‍ പുനഃരുജ്ജീവിപ്പിച്ചു; ഇരകള്‍ക്കു പ്രതീക്ഷ നല്‍കി സര്‍ക്കാര്‍ ഇടപെടല്‍

മുളിയാറിലെ പുനരധിവാസ ഗ്രാമത്തിന് 5 കോടി അനുവദിക്കാനും തീരുമാനം

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലുള്ളവരുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു രോഗബാധിതതരെ കണ്ടെത്താനായുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക എന്നത്. ഈ ആവശ്യം ഉള്‍പ്പെടെ സര്‍ക്കാര്‍ തലത്തില്‍ നിന്നും നേരിടുന്ന അവഗണനകള്‍ക്കെതിരേ സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ പട്ടിണി സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളും ഇവിടുത്തെ അമ്മമാരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. മുന്‍പ് ഭരിച്ച സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തില്‍ നിരാശരായ ഇരകള്‍ പുതിയ ഇടതുപക്ഷ സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസം നഷ്ടപ്പെടുന്നൂ എന്ന ഘട്ടത്തില്‍ വീണ്ടുമൊരിക്കല്‍ കൂടി സെക്രട്ടേറിയേറ്റ് പടിക്കലേക്ക് സമരവുമായി എത്താനുള്ള ഒരുക്കത്തില്‍ നില്‍ക്കുമ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന രണ്ടു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനുളള സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് ആദ്യവാരം സംഘടിപ്പിക്കാനുള്ള നിര്‍ദേശം വന്നിരിക്കുന്നതു തന്നെയാണ് ഈ മേഖലയിലുള്ളവര്‍ക്ക് ലഭിക്കുന്ന ഏറ്റവും നല്ല വാര്‍ത്ത ഇതു തന്നെയാണ്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രയോജനം നിലവില്‍ ലിസ്റ്റില്‍ പെട്ടവര്‍ക്കു മാത്രമായിരിക്കും ലഭിക്കുക. എന്നാല്‍ വര്‍ഷങ്ങളായി നടത്താത്ത മെഡിക്കല്‍ ക്യാമ്പുകളുടെ അഭാവം എന്‍ഡോസള്‍ഫാന്‍ മൂലം തന്നെ പലവിധ രോഗങ്ങള്‍ക്ക് ഇരകളായി തീര്‍ന്ന കുട്ടികള്‍ അടക്കമുള്ളവര്‍ ലിസ്റ്റില്‍ നിന്നും പുറത്തു നില്‍ക്കാന്‍ കാരണമായി. 2013 ആഗസ്ത് മാസത്തിന് ശേഷം മുടങ്ങിയ മെഡിക്കല്‍ ക്യാമ്പുകള്‍ മുടങ്ങിയതോടെ ലിസ്റ്റില്‍ ഇടം നേടാനായി കാത്തിരിക്കുന്ന ആറായിരത്തിലധികം ജീവിതങ്ങളുണ്ടിവിടെ. ഇവരുടെ കാര്യത്തില്‍ പ്രതീക്ഷയ്ക്കു വക നല്‍കുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ അപേക്ഷ സ്വീകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൂക്ഷ്മപരിശോധന നടത്തിയ പട്ടികയിലുള്‍പെട്ടവര്‍ക്കാണ് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. 2013 ലെ മെഡിക്കല്‍ ക്യാമ്പിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും രോഗികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുക.നിലവില്‍ 5848 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുളളത്. ഇതില്‍ 610 പേരുടെ ഉത്തരവിനായി കാത്തിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 127 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. ഇതുവരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സക്കായി 17 ആശുപത്രികളില്‍ എട്ടു കോടി രൂപ ചെലവഴിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരികബാധിത പട്ടിക സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.

സെല്‍ ചെയര്‍മാന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നഷ്ടപരിഹാരത്തിന്റെ മൂന്നാം ഗഡു മൂന്നുമാസത്തിനകം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അനര്‍ഹര്‍ കടന്നുകൂടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും തീരുമാനമായി. ബാരലുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് എറണാകുളം എച്ച്‌ഐഎല്ലുമായും ഈ രംഗത്തെ വിദഗ്ധരുമായും ചര്‍ച്ച നടത്താന്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങളെയും ബിപിഎല്‍ പട്ടികയിലുള്‍പ്പെടുത്തി റേഷന്‍ ലഭ്യമാക്കുന്നതിനും പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലിസ്റ്റില്‍ പേര് ചേര്‍ത്തിട്ടുണ്ടെങ്കിലും, നേരത്തേ പ്രഖ്യാപിച്ചിരുന്ന സൗജന്യ റേഷന്‍, ബി.പി.എല്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ തകിടം മറിഞ്ഞു കിടക്കുകയായിരുന്നു.
ജനുവരി 17 നു റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുളള സെല്ലിന്റെ ആദ്യയോഗത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടത്താനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. നിര്‍ജ്ജീവമായി കിടന്ന സെല്ലിന്റെ പുനര്‍ജ്ജീവനവും നിരന്തരമായി പറഞ്ഞുകൊണ്ടിരുന്ന മറ്റൊരു ആവശ്യമായിരുന്നു. മുന്‍സര്‍ക്കാരിന്റെ കാലത്ത് കൃഷി മന്ത്രിയായിരുന്നു സെല്ലിന്റെ ചെയര്‍മാന്‍. എന്നാല്‍ ചത്തുകിടക്കുന്ന അവസ്ഥയിലായിരുന്നു സെല്‍.

എന്‍ഡോസള്‍ഫാന്‍ ഇരകളായവര്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കുമായി ഒരു പുനരധിവാസ ഗ്രാമം എന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. മുളിയാറില്‍ ഇതിനായി സ്ഥലം ഏറ്റെടുത്തിട്ടുമുണ്ട്. അതിനുശേഷം കാര്യമായ നടപടികളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. ആ കാര്യത്തിലും പ്രതീക്ഷകള്‍ വളര്‍ത്തുന്ന തീരുമാനമാണ് ഇന്നലെത്തെ സെല്‍ യോഗത്തില്‍ ഉണ്ടായത്. മുളിയാറില്‍ സ്ഥാപിക്കുന്ന പുനരധിവാസ ഗ്രാമത്തിന് ആദ്യഗഡുവായി അഞ്ചുകോടി രൂപ ചെലവഴിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം ദുരിതബാധിതരുടെ മൂന്നുലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുന്നതിനാവശ്യമായ തുക വകമാറ്റുന്നതിന് സര്‍ക്കാര്‍ അനുമതി തേടുന്നതിനും തീരുമാനമായി. എന്‍ഡോസള്‍ഫാന്‍ പുനരധിവാസസെല്ലില്‍ ജില്ലയിലെ മുഴുവന്‍ മുന്‍ എംഎല്‍എ മാരേയും ഉള്‍പ്പെടുത്താനും തീരുമാനമായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ പ്രതിനിധികളേയും അംഗങ്ങളാക്കുന്നതിനുളള പട്ടിക ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും.
പുതിയ തീരുമാനങ്ങളില്‍ പ്രദേശത്തെ ജനങ്ങള്‍ക്കു സംതൃപ്തിയുണ്ടെങ്കിലും എടുത്ത തീരുമാനങ്ങള്‍ ആര്‍ജവത്തോടെ നടപ്പാക്കുമ്പോഴെ സര്‍ക്കാരിന്റെ ഈ പാവങ്ങളോടുള്ള കടമ പൂര്‍ത്തിയാകുന്നുള്ളൂ.

This post was last modified on January 18, 2017 11:01 am