X

Explainer: എന്താണ് ജസ്റ്റിസ് ബേദി റിപ്പോർട്ട്? എന്തിനാണ് ഗുജറാത്ത് സർക്കാർ ഈ റിപ്പോർട്ടിനെ പേടിക്കുന്നത്?

ജാവേദ് അക്തറിന്റെയും ബിജി വർഗീസിന്റെയും പരാതിയെ അടിസ്ഥാനമാക്കി ബേജിയെ മേൽനോട്ടസമിതിയുടെ തലവനായി നിശ്ചയിക്കുമ്പോൾ സുപ്രീംകോടതി പറഞ്ഞത്, വിശ്വാസ്യത യാതൊരു വിധത്തിലും സംശയിക്കപ്പെടാത്ത ഒരാൾ വേണം ഈ സമിതിയെ നയിക്കാനെന്ന് തങ്ങൾക്ക് നിർബന്ധമുണ്ടെന്നായിരുന്നു.

ഗുജറാത്തിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ നടന്ന അന്വേഷണങ്ങൾക്ക് സുപ്രീംകോടതി നിർദ്ദേശപ്രകാരം മേൽനോട്ടം വഹിച്ച ജസ്റ്റിസ് എച്ച്എസ് ബേദി കമ്മീഷന്റെ റിപ്പോർട്ട് കക്ഷികളുടെ പക്കലെത്തിയിരിക്കുകയാണ്. കോടതിയിൽ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഈ റിപ്പോർട്ട് കക്ഷികൾക്ക് ലഭ്യമാക്കണമെന്ന് കോടതി ഉത്തരവിട്ടത്. വ്യാജ ഏറ്റുമുട്ടലുകളിന്മേൽ ഗുജറാത്ത് സർക്കാർ നടത്തിയ അന്വേഷണങ്ങൾ സംബന്ധിച്ച് രാജ്യമെമ്പാടും സംശയവും ആശങ്കയും നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. ഗുജറാത്ത് സർക്കാരിന്റെ എതിർപ്പിനെ അവഗണിച്ച് സുപ്രീംകോടതിയെടുത്ത ഈ തീരുമാനം ഏറെ നിർണായകമാണ്.

എന്താണ് ജസ്റ്റിസ് ബേദി റിപ്പോർട്ട്?

ഗുജറാത്തിൽ 2002നും 2006നും ഇടയിൽ നടന്ന 17 ഏറ്റുമുട്ടൽ കൊലപാതകക്കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക കമ്മറ്റിയുടെ തലവനാണ് ജസ്റ്റിസ് എച്ച്എസ് ബേദി. 2012ലാണ് ബേദി കമ്മിറ്റിയെ നിയോഗിച്ചത്. ഗാനരചയിതാവ് ജാവേദ് അക്തർ, മാധ്യമപ്രവർത്തകൻ ബിജി വർഗീസ് എന്നിവർ നൽകിയ ഹരജികൾ പ്രകാരമാണ് ഈ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേക ദൗത്യ സംഘത്തിന്റെ നടപടികൾ നിരീക്ഷിക്കുക, ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളുടെ പരാതികൾ സ്വീകരിക്കുക തുടങ്ങിയ ചുമതലകളാണ് ബേദി കമ്മിറ്റിക്ക് ഉണ്ടായിരുന്നത്. ബേദി കമ്മിറ്റി തങ്ങളുടെ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് ഒരു സീൽ ചെയ്ത കവറിലാക്കി കഴിഞ്ഞവർഷം ഫെബ്രുവരി മാസത്തിൽ കോടതിയിൽ സമർപ്പിച്ചിരുന്നു.

ഷമീർ ഖാൻ എന്ന, ക്രിമിനലെന്ന് ഗുജറാത്ത് പൊലീസ് ആരോപിക്കുന്നയാള്‍ കൊല്ലപ്പെട്ട 2002ലെ ഏറ്റുമുട്ടൽ വ്യാജമായി സംഘടിപ്പിക്കപ്പെട്ടതാണെന്ന് ഒരു വാർത്താമാസിക ഒളികാമറ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്ന വസ്തുത അക്തർ തന്റെ ഹരജയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബിജി വർഗീസാകട്ടെ ഇതേ കേസിൽ കൊലപാതകങ്ങളുടെ ശൈലി ചില ദുരൂഹതകൾ അവശേഷിപ്പിക്കുന്നതായി ആരോപിക്കുകയാണ് ചെയ്തത്. ഈ ഹരജികളെക്കൂടി പരിഗണിച്ച് കോടതി നൽകിയ വിധിയിൽ ഗുജറാത്ത് സർക്കാർ എന്തൊക്കെയോ മൂടിവെക്കാൻ ശ്രമിക്കുന്നുവെന്ന അക്തറിന്റെ ആരോപണം എടുത്തുപറയുകയുണ്ടായി. ഖാനെ ഏറ്റുമുട്ടലിൽ കൊന്ന അതേ സംഘമാണ് സൊഹ്റാബുദ്ദീൻ ഷെയ്ഖിനെയും കൊലപ്പെടുത്തിയതെന്ന് അക്തർ ആരോപിച്ചിരുന്നു.

എന്താണ് ഇപ്പോൾ ഈ റിപ്പോർട്ട് വാർത്തകളിൽ നിറയുന്നതിന് കാരണം?

കോടതിയിൽ സമർപ്പിക്കപ്പെട്ട ബേദി കമ്മിറ്റി റിപ്പോർട്ട് കേസിൽ കക്ഷികളായവർക്ക് അപേക്ഷിക്കുന്ന മുറയ്ക്ക് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതാണ് ഇപ്പോഴത്തെ വാർത്തകളുടെ അടിസ്ഥാനം. ഈ റിപ്പോർട്ട് രഹസ്യമാക്കി വെക്കണമെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ താൽപര്യം. ഇത് അവർ കോടതിയിൽ ശക്തമായി വാദിക്കുകയും ചെയ്തു. രണ്ടു കക്ഷികൾക്കും റിപ്പോർട്ടിന്റെ കോപ്പി നൽകി 2019 ജനുവരി 9ന് ഉത്തരവായി. നാലാഴ്ചയ്ക്കകം ഇരു കക്ഷികളിൽ നിന്നും പ്രതികരണം ലഭിക്കണമെന്നും ഉത്തരവുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തലവനായ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് രണ്ട് കക്ഷികളുടെയും വാദം കേൾക്കുമെന്നും കോടതി പറഞ്ഞു.

ഗുജറാത്തിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മാത്രമാണ് ഹരജിക്കാരെ വിഷമിപ്പിക്കുന്നതെന്നും രാജ്യത്തെ മറ്റിടങ്ങളിലെ കൊലകളെ അവർക്ക് കാണാൻ കഴിയുന്നില്ലെന്നുമെല്ലാം ഗുജറാത്ത് സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചിരുന്നു. ഇതിനെയെല്ലാം തള്ളിയാണ് അന്വേഷണവും അവയെ നിരീക്ഷിക്കാനുള്ള സമിതിയെയും കോടതി പ്രഖ്യാപിച്ചത്.

Explainer: വിധി പറഞ്ഞ ജഡ്ജി ക്ഷമാപണം നടത്തിയതെന്തിന്: 22 പേരെ വെറുതെവിട്ട സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിനെക്കുറിച്ച് അറിയേണ്ട ചിലത്

ഏറ്റുമുട്ടൽ കേസുകൾ ഏതെല്ലാമായിരുന്നു

പതിനേഴ് കേസുകളാണ് അന്വേഷണവിധേയമായത്. ഇതിൽ നാലെണ്ണം നഷ്ടപരിഹാരത്തോടെ ഒത്തുതീർപ്പായി. മറ്റ് കേസുകളിൽ അന്വേഷണം തുടർന്നു. ഗുജറാത്ത് പൊലീസിൽ നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു പ്രത്യേക ദൗത്യ സംഘങ്ങളെ നയിച്ചിരുന്നത്. പിൽക്കാലത്ത് സിബിഐ ജോയിന്റ് ഡയറക്ടറായി മാറിയ എകെ ശർമയാണ് ഈ സംഘങ്ങളുടെ കോഓർഡിനേറ്റിങ് ഓഫീസർ. ഇദ്ദേഹം ജസ്റ്റിസ് ബേദിക്ക് റിപ്പോർട്ട് ചെയ്യണമായിരുന്നു.

എന്തുകൊണ്ടാണ് ബേദി റിപ്പോർട്ട് കക്ഷികൾക്ക് നൽകണമെന്ന കോടതിവിധി പ്രധാനമാകുന്നത്?

ജസ്റ്റിസ് ബേദിയുടെ മേൽനോട്ടത്തിൻകീഴിലാണ് അന്വേഷണങ്ങളെല്ലാം നടന്നത്. ഈ അന്വേഷണങ്ങളുടെ ഉദ്യോഗസ്ഥരെല്ലാം ബേദിക്ക് റിപ്പോർട്ട് ചെയ്യണമായിരുന്നു. ബേദിയുടെ വിലയിരുത്തലുകൾ എന്തെല്ലാമാണെന്ന് റിപ്പോർട്ടിലുണ്ടാകും. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വ്യാജമായി സംഘടിപ്പിച്ചവയാണെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിൽ ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും നടപടിക്കും ഉത്തരവിടുകയുമാകാം. വ്യാജ ഏറ്റുമുട്ടലുകൾ സംഘടിപ്പിച്ചെന്ന് ആരോപിക്കപ്പെട്ട് കേസുകൾ നേരിട്ട നിരവധി ഉദ്യോഗസ്ഥർക്ക് കോടതികൾ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. ഇതെല്ലാം ചോദ്യം ചെയ്യപ്പെടാനുള്ള അവസരമാണ് ഒരുങ്ങുക.

എന്താണ് റിപ്പോർട്ട് സംബന്ധിച്ച് ഗുജറാത്ത് സർക്കാരിന്റെ വാദം

ജാവേദ് അക്തറിന്റെയും ബിജി വർഗീസിന്റെയും പരാതിയെ അടിസ്ഥാനമാക്കി ബേജിയെ മേൽനോട്ടസമിതിയുടെ തലവനായി നിശ്ചയിക്കുമ്പോൾ സുപ്രീംകോടതി പറഞ്ഞത്, വിശ്വാസ്യത യാതൊരു വിധത്തിലും സംശയിക്കപ്പെടാത്ത ഒരാൾ വേണം ഈ സമിതിയെ നയിക്കാനെന്ന് തങ്ങൾക്ക് നിർബന്ധമുണ്ടെന്നായിരുന്നു. ബേദിയെ ആരും സംശയിക്കുന്നില്ല. ഇക്കാരണത്താൽ ഗുജറാത്ത് സർക്കാരിന് ഭയമുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ വാദങ്ങൾ. ബേദി ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുത്തതെന്നും സമിതിയിലെ മറ്റുള്ളവരുടെ വാദങ്ങൾ അംഗീകരിക്കുകയുണ്ടായില്ലെന്നും സർക്കാർ പറഞ്ഞു.

This post was last modified on January 10, 2019 10:51 am