X

പാർട്ടി സിപിഎമ്മാണ്, അത് തന്നെയാണ് പ്രശ്നവും പ്രതീക്ഷയും; വീണ്ടും വീണ്ടും പി കെ ശശി ആകരുത്

ആരോപണ വിധേയനായ ഷൊർണൂർ എം.എൽ. എ പി.കെ. ശശി മാധ്യമങ്ങൾക്കു മുന്നിൽ വന്ന് കൂസലില്ലാതെ സംസാരിക്കുമ്പോൾ, ആരോപണമുന്നയിച്ച സ്ത്രീയ്ക്ക് പേരുപോലും ഇല്ലാതിരിക്കുന്നതുമായ ആ നിസ്സഹായാവസ്ഥയും കാലങ്ങളായി തുടരുന്നുണ്ട്.

“സ്ത്രീത്വത്തിനു നേരെ ഉയരുന്ന കരങ്ങൾ എത് പ്രബലന്റെതായാലും പിടിച്ചുകെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും.” സി പി എം ന്റെ പോളിറ്റ് ബ്യുറോ മെമ്പറും, മുഖ്യമന്ത്രിയുമായ പിണറായി വിജയൻറെ വാക്കുകൾ ആണിത്. കേരളത്തിൽ ഏറ്റവും അധികം വനിത പ്രവത്തകർ ഉള്ളത് ഇടതുപക്ഷത്തിന്റെ വിവിധ പോഷക സംഘടനകളിലാണ്. എന്നിട്ടും എന്ത് കൊണ്ടാണ് പാർട്ടിയിലെ എം എൽ എ കൂടിയായ പി കെ ശശിക്കെതിരെ ഗുരുതരമായ ആരോപണവുമായി ഒരു ഡി വൈ എഫ് ഐ പ്രവർത്തക രംഗത്തെത്തിയിട്ടും ഇനിയും നടപടി ഉണ്ടാകാത്തത്. പാർട്ടിയിലെ തന്നെ മുതിർന്ന നേതാക്കൾ തമ്മിൽ ഈ വിഷയത്തിൽ അഭിപ്രായ ഭിന്നത ഉണ്ടെന്നാണ് പല പ്രസ്താവനകളും ചൂണ്ടി കാണിക്കുന്നത്. മാധ്യമ പ്രവർത്തക മനില സി മോഹൻ എഴുതുന്നു.

പാർട്ടി സി.പി.എമ്മാണ്.
അത് തന്നെയാണ് പ്രശ്നവും പ്രതീക്ഷയും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് ചോദിക്കുന്നു: മൂന്നാഴ്ച മുൻപ് പാർട്ടിയ്ക്ക് കിട്ടിയ പരാതി, പാർട്ടി കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന പരാതി, നിങ്ങൾ ഇപ്പോഴല്ലേ അറിഞ്ഞുള്ളൂ… എന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി മാധ്യമങ്ങളോട് പറയുന്നു: ഇന്നലെ പരാതി കിട്ടിയെന്ന്.

ആ മൂന്നാഴ്ച മുൻപത്തെ ദിവസവും ഇന്നലെയ്ക്കും ഇടയ്ക്കുള്ള ദിവസങ്ങൾ പരാതിക്കാരിക്ക് പാർട്ടിക്കു മേലുള്ള വിശ്വാസത്തിന്റെ പരിശോധനാ ദിനങ്ങൾ കൂടിയായിരുന്നിരിക്കും. ഇവിടെ ഒന്നും നടക്കുന്നില്ല എന്ന് തോന്നിയിട്ടായിരിക്കുമല്ലോ യെച്ചൂരിക്ക് പരാതി നൽകിയിട്ടുണ്ടാവുക.

പരാതികൾ ഒതുക്കിത്തീർത്തും പരാതിക്കാരിയെ പലവിധ സമ്മർദ്ദങ്ങളിൽപ്പെടുത്തിയും പരാതിയ്ക്കിടയായ സംഭവത്തെ നിസ്സാരവൽക്കരിക്കാനും പരാതി പുറത്തറിയാതിരിക്കാനും നടത്തുന്ന പാട്രിയാർക്കൽ ശീലങ്ങൾ തന്നെയാണ് സി.പി.എമ്മിനും ഉള്ളത്. ആ ശീലങ്ങൾ എല്ലാത്തരം സ്ഥാപനങ്ങളും സംഘടനകളും കുടുംബങ്ങളും കാലാകാലങ്ങളായി തുടരുന്നതാണ്.

ആരോപണ വിധേയനായ ഷൊർണൂർ എം.എൽ. എ പി.കെ. ശശി മാധ്യമങ്ങൾക്കു മുന്നിൽ വന്ന് കൂസലില്ലാതെ സംസാരിക്കുമ്പോൾ, ആരോപണമുന്നയിച്ച സ്ത്രീയ്ക്ക് പേരുപോലും ഇല്ലാതിരിക്കുന്നതുമായ ആ നിസ്സഹായാവസ്ഥയും കാലങ്ങളായി തുടരുന്നുണ്ട്.

ലൈംഗികാക്രമണം നേരിട്ട ഒരു സ്ത്രീയുടെ പ്രശ്നം പാർട്ടിയുടെ ആഭ്യന്തര കാര്യമല്ല എന്ന അടിസ്ഥാന തിരിച്ചറിവാണ് സി.പി. എമ്മിന് ആദ്യം ഉണ്ടാവേണ്ടത്. എം.എൽ. എ യ്‌ക്കെതിരെ നിയമപരമായി നീങ്ങാൻ പരാതിക്കാരിയെ സഹായിക്കേണ്ട ഉത്തരവാദിത്തമാണ് പാർട്ടിയ്ക്കുള്ളത്. അത് ചെയ്യാൻ വൈകുന്ന ഓരോ മണിക്കൂറും പാർട്ടി ആർക്കൊപ്പം എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.പാർട്ടി സി.പി.എമ്മാണ്. അതുകൊണ്ടാണ് പാർട്ടിയുടെ നിലപാട് പ്രസക്തമാകുന്നത്. അപമാനിക്കപ്പെട്ട സ്ത്രീകൾ പരാതി പറയുമ്പോൾ അതിനൊപ്പം നിൽക്കുകയാണ് വേണ്ടത്. അല്ലാതെ വീണ്ടും വീണ്ടും പി.കെ ശശിയാവുകയല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on September 5, 2018 3:16 pm