X

എംടി രമേശിനെതിരെ വ്യാജരേഖ ചമച്ചെന്ന് സംസ്ഥാന സെക്രട്ടറി: പൊട്ടിക്കരഞ്ഞ് രമേശ്

കോഴ വിവാദത്തില്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമം നടക്കുന്നതെന്നും രമേശ്

കേരളത്തിലെ ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം ടി രമേശിനെതിരെ വ്യാജരേഖ ചമച്ചെന്ന് ആരോപണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വികെ സജീവനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം തനിക്കെതിരെ നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രമേശ് ഇന്ന് ചേര്‍ന്ന കോര്‍ക്കമ്മിറ്റി യോഗത്തില്‍ പൊട്ടിക്കരഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് രമേശ് പറഞ്ഞത്.

കോഴ വിവാദത്തില്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമം നടക്കുന്നതെന്നും രമേശ് ആരോപിച്ചു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പറയുന്ന രമേശ് ചിലര്‍ തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളെ തിരിച്ചറിയണമെന്നാണ് സജീവന്‍ ആരോപണത്തോടൊപ്പം പറഞ്ഞിരിക്കുന്നത്. ഇതിനിടെ യോഗത്തിനിടെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെയും വിമര്‍ശനം ഉയര്‍ന്നു. കോഴ അന്വേഷണത്തിന് കമ്മിഷനെ വച്ചത് കോര്‍ കമ്മിറ്റി അറിയിക്കാതെയായിരുന്നെന്നാണ് കുമ്മനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. അതീവരഹസ്യ സ്വഭാവമുള്ളതിനാലാണ് അറിയിക്കാത്തതെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.

കോഴ വിവാദത്തില്‍ എത്ര ഉന്നതനായാലും തല ഉരുളുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ മുന്നറിയിപ്പ്. ബിഎല്‍ സന്തോഷാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം യോഗത്തില്‍ അറിയിച്ചത്. റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നില്‍ സംസ്ഥാന സെക്രട്ടറി എകെ നസീര്‍ മാത്രമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രനേതൃത്വം. വിഷയത്തില്‍ നസീറിനെതിരെ നടപടിയെടുക്കും. അച്ചടക്ക നടപടിയുടെ വിശദാംശങ്ങള്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യും. കോര്‍ക്കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന സമിതി ആരംഭിച്ചിരിക്കുകയാണ്.

This post was last modified on July 22, 2017 3:55 pm