X

അമേരിക്ക ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുമോ?

ടീം അഴിമുഖം

ഒരു വിദേശ യുദ്ധവിമാനം ഇന്ത്യയില്‍ നിര്‍മിക്കുന്നത് നമ്മള്‍ കാണാന്‍ പോവുകയാണോ? അതും ഒരു അമേരിക്കന്‍ യുദ്ധവിമാനം?

 

നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) നയത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള തിങ്കളാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ തീരുമാനം ആ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒപ്പം, നമ്മുടെ സൈനിക മേഖല തന്ത്രപരമായ ഒരു വ്യതിയാനത്തിലേക്കും ഇന്ത്യ ചുവടു മാറുന്നു എന്നും ഇതില്‍ സൂചനകളുണ്ട്.

 

നിക്ഷേപകര്‍ ‘ആധുനിക’ സാങ്കേതിക വിദ്യ കൊണ്ടുവരികയാണെങ്കില്‍ പ്രതിരോധ മേഖലയില്‍ 100 ശതമാനം എഫ്.ഡി.ഐ അനുവദിക്കാമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്തും ‘state-of-art സാങ്കേതികവിദ്യ കൊണ്ടുവരികയാണെങ്കില്‍ പ്രതിരോധ മേഖലയില്‍ 100 ശതമാനം എഫ്.ഡി.ഐ എന്നത് നിലവിലുണ്ടായിരുന്നു. എന്നാല്‍ അതില്‍ ഇളവുകള്‍ വരുത്തിക്കൊണ്ടുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യയുടെ പ്രതിരോധ, സുരക്ഷാ മേഖലകളിലുള്ള നാടകീയമായ മാറ്റത്തിനും കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്. അതിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്ന് നമുക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

 

നിലവിലുള്ള സൂചനകള്‍ അനുസരിച്ചും പ്രതിരോധ വൃത്തങ്ങളിലെ ചില വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നതനുസരിച്ചും മോദി സര്‍ക്കാര്‍ ഒരു അമേരിക്കന്‍ വമ്പനെ ഇവിടേക്ക് സ്വാഗതം ചെയ്യാനൊരുങ്ങൂകയാണ്- വിമാനങ്ങളും സാറ്റലൈറ്റുകളുമൊക്കെ നിര്‍മിക്കുന്ന Lockheed Martin. മറ്റൊന്ന് F-18 ഇവിടെ നിര്‍മിക്കാന്‍ ബോയിംഗ് ഒരുങ്ങുന്നു എന്നുള്ളതാണ്. ഇക്കാര്യങ്ങളില്‍ മോദി സര്‍ക്കാരില്‍ നിന്ന് നാടകീയ പ്രഖ്യാപനം ഉണ്ടായാലും അത്ഭുതപ്പെടാനില്ല.

 

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ആകാശയുദ്ധങ്ങളെ രൂപപ്പെടുത്തിയതില്‍ വലിയ പങ്കുള്ള യുദ്ധവിമാനമാണ് Lockheed Martin നിര്‍മിക്കുന്ന F-16. 1976-ല്‍ ആരംഭിച്ച ശേഷം ഇതുവരെ 4500-ലേറെ യുദ്ധവിമാനങ്ങള്‍ കമ്പനി നിര്‍മിച്ചു കഴിഞ്ഞു. പാക്കിസ്ഥാന്‍, ഇസ്രായേല്‍, ടര്‍ക്കി തുടങ്ങിയവയൊക്കെ ഈ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നവരാണ്.

 

ഈ രണ്ടു കമ്പനികളില്‍ Lockheed Martin നിര്‍മിക്കുന്ന F-16 ഇന്ത്യയിലേക്ക് വരാനാണ് കൂടുതല്‍ സാധ്യതയെന്നാണ് സൂചനകള്‍. വൈപ്പര്‍ എന്നു വിളിക്കപ്പെടുന്ന F-16 നാലാം തലമുറ യുദ്ധവിമാനമാണ്. എന്നാല്‍ ആഗോള വ്യോമയാന ശക്തികളൊക്കെ ഇപ്പോള്‍ അഞ്ചാം തലമുറ ആധുനിക യുദ്ധവിമാനങ്ങളിലേക്കും ആയുധങ്ങള്‍ വഹിക്കാവുന്ന ഡ്രോണുകളിലേക്കുമൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്, ആകാശ യുദ്ധങ്ങളെ അടിമുടി മാറ്റിമറിക്കുന്ന കാര്യങ്ങളാണ് ഇവ. ഈ യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. F-16 ഓര്‍ഡര്‍ ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാകണമെങ്കില്‍ തന്നെ അടുത്ത വര്‍ഷം അവസാനമാകണം. അതായത്, തങ്ങളുടെ മുഖ്യ ഉപയോക്താക്കളായ അമേരിക്കന്‍ മിലിറ്ററി F-16 വാങ്ങുന്നത് അവസാനിപ്പിച്ച സാഹചര്യത്തില്‍ അമേരിക്കയിലെ യന്ത്രസാമഗ്രികള്‍ യോജിപ്പിക്കുന്ന നിര്‍മാണ ശാല (Assembly line) ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അടച്ചുപൂട്ടാനൊരുങ്ങുകയാണ് Lockheed Martin.

 


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം Lockheed Martin CEO, Marillyn Hewson.

 

സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് തങ്ങളുടെ Assembly ine ഇന്ത്യയിലേക്ക് മാറ്റുന്നതില്‍ കമ്പനി ഏറെ സന്തുഷ്ടരാണ്. ഈ യുദ്ധവിമാനം ഇവിടെ അസംബ്ലി ചെയ്യാന്‍ കമ്പനിയെ ക്ഷണിക്കുന്നതില്‍ മോദി സര്‍ക്കാരിനും ഏറെ താത്പര്യമുണ്ട്. പാക്കിസ്ഥാന്‍ ഈ യുദ്ധവിമാനം ഉപയോഗിക്കുന്നുണ്ട് എന്നതോ, ഏറ്റവും ആധുനിക യുദ്ധവിമാനമല്ല ഇതെന്നതോ, ചൈന ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തി തന്ത്രപ്രധാനമായ മാറ്റങ്ങള്‍ ഇതുണ്ടാക്കുമെന്നതോ ഒന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പരിഗണനാവിഷയമല്ല.

 

പ്രതിരോധ മേഖല പൂര്‍ണമായി തുറന്നുകൊടുത്തതിനെ വിമര്‍ശിച്ച മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ വാദം തെറ്റാണെന്ന് പറയാന്‍ കഴിയില്ല. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെയാണ് എഫ്.ഡി.ഐ നയത്തില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ദേശീയ സുരക്ഷയ്ക്കും ഒപ്പം സ്വതന്ത്രമായ ഇന്ത്യയുടെ വിദേശനയത്തിനും കടുത്ത ഭീഷണിയാണിത്. അതായത്, പ്രതിരോധ മേഖലയില്‍ 100 ശതമാനം എഫ്.ഡി.ഐ അനുവദിക്കുന്നതോടെ ഇന്ത്യയുടെ പ്രതിരോധ മേഖല മുഴുവനായി നാറ്റോ-അമേരിക്കന്‍ പ്രതിരോധ ഉപകരണ നിര്‍മാതാക്കളുടെ കൈകളിലേക്ക് വച്ചുകൊടുത്തിരിക്കുകയാണ്” – ആന്റണി പറഞ്ഞു.

 

അതോടൊപ്പം, തദ്ദേശീയമായി പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ രാജ്യത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളേയും മോദി സര്‍ക്കാരിന്റെ നടപടി അട്ടിമറിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതെല്ലാം സംഭവിക്കുന്നത് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.

 

This post was last modified on June 21, 2016 1:20 pm