X

9/11നു ശേഷം ജോര്‍ജ് കാര്‍ലിന്‍ പറഞ്ഞതോര്‍ക്കുമ്പോള്‍

ജെഫ് എഡ്‌ഗേഴ്‌സ്

സെപ്റ്റംബര്‍ 10, 2011 നു വെഗാസിലെ, അയാള്‍ വെറുത്തിരുന്ന നഗരം, ഒരു വേദിയില്‍ തന്റെ പുതിയ HBO പരിപാടിക്കായി കരുതിവെച്ച ഒരു ഭാഗം ജോര്‍ജ് കാര്‍ലിന്‍ അവതരിപ്പിച്ചു. ‘ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്ന ഒരു കാര്യത്തെക്കുറിച്ച് നിങ്ങളോട് പറയട്ടെ? ‘MGM Grandലെ കാണികളെ അയാള്‍ കളിയാക്കി. ‘മാരകമായ ദുരന്തങ്ങള്‍. നിരവധി പേര്‍ മരിക്കുന്ന മാരക ദുരന്തങ്ങള്‍.’

ആ 10 മിനിറ്റ് ഭാഗത്തെ അയാള്‍ ‘Uncle Dave’ എന്നു വിളിച്ചു. കാര്‍ലിന്‍ തൊട്ടുമുമ്പായി ഒരു ഒസാമ ബിന്‍ ലാദനും വിമാനാപകട തമാശയും അവതരിപ്പിച്ചതിന് ശേഷമായിരുന്നു ഇത്. ഹാ, ഒറ്റ ദിവസമുണ്ടാക്കുന്ന വ്യത്യാസങ്ങള്‍. ആ അമ്മാവന്‍ ശരിക്കുള്ള ഒരാളായിരുന്നില്ല. ഭൂമി തകരുകയും അന്ത്യനാളുകള്‍ വരികയും ചെയ്യുന്ന ഒരു കാലത്തെക്കുറിച്ചുള്ള സൂചനയായിരുന്നു. അതിന്റെ തലക്കെട്ടുതന്നെ ‘ഒരുപാട് പേര്‍ മരിക്കുമ്പോള്‍ ഞാനതിഷ്ടപ്പെടുന്നു,’ എന്നായിരുന്നു. പോസ്റ്റര്‍ തയ്യാറാക്കി. അപ്പോഴാണ് ആക്രമണം നടന്നത്. 

കാര്‍ലിന്‍ ആ പരിപാടി പുതുക്കിപ്പണിതു. ആ നവംബറില്‍ HBO ഒരു വ്യത്യസ്തമായ തത്സമയ പ്രത്യേക പരിപാടി, ‘പരാതികളും പരിഭവങ്ങളും,’ എന്ന പേരില്‍ അവതരിപ്പിച്ചു. 2008ല്‍ മരിക്കും വരെ അയാള്‍ ശേഖരിച്ച നിരവധി കാസറ്റുകളുടെ ഒരു പെട്ടിയില്‍ ഡേവ് അമ്മാവനെ കിടത്തി. ഇപ്പോള്‍ 9/11നു 15 കൊല്ലങ്ങള്‍ക്ക് ശേഷം അയാളുടെ മകള്‍ കേളിയും ഏറെക്കാലം മാനേജരായിരുന്ന ജെറി ഹംസയും പഴയ രേഖകള്‍ ശേഖരിക്കുന്ന ലോഗന്‍ ഹെഫ്ടലും ചേര്‍ന്ന് ‘Uncle Dave’നെ സെപ്റ്റംബര്‍ 9നും 10നും പുറത്തെത്തിക്കുന്നു. 

ഒരു ഹാസ്യതാരം അത്തരത്തില്‍ ആളുകള്‍ പൊറുക്കാത്ത തരം സൃഷ്ടി 9/11നു ശേഷം വെളിച്ചം കാണിക്കാത്തത്തില്‍ അത്ഭുതമില്ല, അതിന്റെ ഉറവിടം മനസിലാക്കിയില്ലെങ്കില്‍. തൊഴിലിന്റെ കാര്യത്തില്‍ പിന്‍വലിയുന്ന ഒരാളായിരുന്നില്ല കാര്‍ലിന്‍. ആരെയെങ്കിലും വ്രണപ്പെടുത്തും എന്നുകരുതി അയാള്‍ ഒരു തമാശയും പറയാതിരുന്നിട്ടുമില്ല. 

തന്റെ കലയ്ക്കുവേണ്ടി വലിയ ത്യാഗങ്ങള്‍ ചെയ്ത ഒരാളാണിത് എന്നോര്‍ക്കണം. 1960കളില്‍ നല്ല സുന്ദരക്കുട്ടപ്പനായി ‘Hippie Dippie Weatherman’ പോലുള്ള പരിപാടികളുമായി ഇഷ്ടംപോലെ കശുണ്ടാക്കിയിരുന്ന ഒരാളായിരുന്നു കാര്‍ലിന്‍. പക്ഷേ സര്‍ക്കാരിനെതിരെ നിരാശയും കെണിയിലാക്കപ്പെട്ട തോന്നലും അയാളെ പ്രതിഷേധ മുന്നേറ്റത്തില്‍ ആകൃഷ്ടനാക്കി. അയാള്‍ മുടി നീട്ടി വളര്‍ത്തി. മയക്കുമരുന്നു വലിച്ചു. സമൂഹത്തിന്റെ എല്ലാ വശങ്ങളെയും ചോദ്യം ചെയ്യുന്ന പരിപാടികളുണ്ടാക്കി. ‘ടെലിവിഷനില്‍ പറയാന്‍ പറ്റാത്ത ഏഴു വാക്കുകള്‍’ എന്ന പ്രസിദ്ധമായ പരിപാടി കാര്‍ലിന്‍ തയ്യാറാക്കി. 1972ല്‍ മില്‍വൗക്കീയിലെ ഒരു പരിപാടിക്ക് ശേഷം അശ്ലീലപരിപാടിക്ക് കാര്‍ലിനെ പോലീസ് അറസ്റ്റ് ചെയ്തു. 

അപ്പോഴേക്കും അയാളൊരു താരവും പ്രതിസംസ്‌കാര നായകനുമായി മാറിക്കഴിഞ്ഞിരുന്നു. 1975ല്‍ ‘Night Live’ എന്ന പരിപാടി ചെയ്തു. ധാരാളം വിറ്റഴിഞ്ഞ പുസ്തകങ്ങള്‍ എഴുതി. അയാളോട്ടും മയപ്പെട്ടില്ല. പ്രായമാകുന്തോറും കടുപ്പം കൂടിവന്നേയുള്ളൂ. ഉപഭോഗ സംസ്‌കാരത്തെ കടന്നാക്രമിച്ച അയാള്‍ പലപ്പോഴും കാണികളെ മുറിവേല്‍പ്പിച്ചുവിട്ടു. പിന്നെ അയാളെ എപ്പോഴും കൂട്ടത്തില്‍ മുകളില്‍ത്തന്നെ നിര്‍ത്തിയത് ഗംഭീര തമാശക്കാരനായിരുന്നു എന്നാണ്. 

1999ല്‍ ഒരിക്കല്‍ മാത്രമാണു ഞാന്‍ കാര്‍ലിനോടു സംസാരിച്ചത്. സ്‌കൂള്‍ വെടിവെപ്പിനെക്കുറിച്ച് ഒരു ചെറിയ പരിപാടിയെക്കുറിച്ച് പറയാന്‍ നിര്‍ബന്ധിച്ചു. കൊളംബിയന്‍ ഹൈസ്‌കൂള്‍ കൂട്ടക്കൊലയുടെയന്ന് അയാളത് ചെയ്തിരുന്നു. 

‘എങ്ങനെയാണ് ഇപ്പൊഴും ആ തമാശ പറയാന്‍ സാധിക്കുന്നത്?’ ഞാന്‍ ചോദിച്ചു. 

‘കുട്ടീ, ഈ സമയത്താണ് ആ തമാശ ഏറ്റവും കൂടുതല്‍ വേണ്ടത്,’ അയാള്‍ പറഞ്ഞു. ‘ഈ രാജ്യത്തെ കൃത്രിമമായ കരച്ചിലും മരിച്ചവര്‍ക്ക് വേണ്ടിയുള്ള ദേശവ്യാപക ദുഖാചരണവും ഈ നാടകളും കരടിക്കുട്ടി പാവകളും മരിച്ചവര്‍ക്കായുള്ള സമര്‍പ്പണങ്ങളുമെല്ലാം അസ്വസ്ഥരാക്കുന്നു. ഇതെല്ലാം അനാവശ്യമാണ്. ഒരു വര്‍ഗം എന്ന നിലയില്‍ അമേരിക്കന്‍ ജനത എത്രമാത്രം വൈകാരികമായി അപക്വരാണ് എന്നിത് കാണിക്കുന്നു.’

വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ ആക്രമണം നടക്കുമ്പോള്‍ കാര്‍ലിന്‍ വെഗാസിലായിരുന്നു. ‘വെഗാസില്‍ പരിപാടി നടത്താന്‍ ജോര്‍ജിന് ഇഷ്ടമല്ലായിരുന്നു,’ഹംസ പറഞ്ഞു. ‘പണത്തിനുവേണ്ടിയാണ് ചെയ്തത്. പക്ഷേ അയാളാ കാണികളെ വെറുത്തു. അവര്‍ വെറുതെ കല്ലുപോലെയിരിക്കുന്നവരാണെന്ന് കരുതി. അയാളവിടെ ഒറ്റക്കായിരുന്നു.’

‘വെഗാസിലെ ഓരോ പരിപാടിയിലും ഇടയ്ക്കുവെച്ചു കുറേപ്പേര്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങി,’ ഒരു പരിപാടിയില്‍ പങ്കെടുത്ത കില്ലി കാര്‍ലിന്‍ പറഞ്ഞു. ‘ഇതാ ‘Hippie Dippie Weatherman അല്ലേ എന്നൊക്കെ ആളുകള്‍ ആദ്യമായി ചോദിച്ച ഒരു സ്ഥലമായിരിക്കും. അപ്പോള്‍ ഒരു ഗര്‍ഭച്ഛിദ്ര തമാശ പൊട്ടിക്കും. അതിനൊന്നും സ്വീകരിക്കാന്‍ ആളുകള്‍ സജ്ജരല്ലായിരുന്നു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എനിക്കു വേദിയില്‍ അച്ഛനെ മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഒരു മകളെന്ന അച്ചന്റെ ഓരോ പേശിയുടെയും ചലങ്ങളില്‍ നിന്നു ദേഷ്യം വന്നു നിറയുന്നത് എനിക്കു മനസിലാക്കാനായി. കറുത്ത ഫലിതം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരോടു അച്ഛന് പുച്ഛമായിരുന്നു.’

‘Uncle Dave’ അത്തരത്തിലൊന്നായിരുന്നു. 

ടോര്‍ണാഡോയും ക്ഷാമവും തൊട്ട് ഉല്‍ക്കാപതനം വരെയുള്ള പ്രാകൃതിക ദുരന്തങ്ങളെ കാര്‍ലിന്‍ കയ്യടക്കത്തോടെ ഗുണദോഷവിചാരം നടത്തും. എല്ലാവരെയും വിഴുങ്ങുന്ന ഒരു തീഗോളം ഒടുവിലെത്തുന്നു. 

‘ആര് മരിക്കും എന്നതെനിക്ക് പ്രശ്‌നമല്ല,’ അതിനിടയില്‍ കാര്‍ലിന്‍ പറയും.’അത് ഞാനോ എനിക്കു വേണ്ടപ്പെട്ട ആരെങ്കിലുമോ അല്ലാത്തിടത്തോളം. സത്യം പറഞ്ഞാല്‍, നല്ലൊരു ദുരന്തമാണെങ്കില്‍ വേണ്ടപ്പെട്ടവരാണെങ്കില്‍പ്പോലും… അതെന്റെ ഉത്തരവാദിത്തമല്ല.’

കാര്‍ലിന്റെ പെട്ടികളില്‍ കെട്ടുകണക്കിന് ടേപ്പുകളുണ്ട്. ഏതാണ് പ്രധാനം, ഏതാണ് മാറ്റിയത് എന്നൊക്കെയുള്ള കയ്യെഴുത്ത് കുറിപ്പോടെ. ‘Uncle Dave’ മാറ്റിവെച്ചതിലും 9/11 ന്റെ പ്രത്യേക പരിപാടിക്കായി പുതിക്കിയതുമൊന്നും അത്ഭുതപ്പെടുത്തുന്നില്ല എന്നു ഹംസ പറഞ്ഞു. 

‘ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിന്നായിരുന്നു. അയാളാ നഗരത്തെ സ്‌നേഹിച്ചിരുന്നു. അവിടെ വെറുതെ ചുറ്റിയടിക്കലായിരുന്നു അയാളുടെ ആനന്ദം. 9/11 അയാളെ സംബന്ധിച്ചു ഹൃദയഭേദകമായിരുന്നു. അയാളാകെ കുപിതനായി. പക്ഷേ ന്യൂയോര്‍ക്കില്‍ അത് സംഭവിച്ചതിലെ ദുഖമായിരുന്നു അതെന്ന് എനിക്കു മനസിലായി.’

‘Uncle Dave’ ഒരു നാള്‍ മടങ്ങിയെത്തും എന്നു കാര്‍ലിന്‍ കരുതി. 

‘ഒന്നും പാഴാകില്ലെന്നാണ് ജോര്‍ജ് എപ്പോഴും കരുതിയത്. ചിലപ്പോള്‍ പരിപാടി കഴിയുമ്പോള്‍ ഈ രണ്ടോമൂന്നോ മിനിറ്റ് നേരത്തെ പരിപാടിക്ക് സാമയം ഇല്ലാതെ വരുമ്പോള്‍ ജോര്‍ജ് പറയും,’വിഷമിക്കണ്ട, നമ്മള്‍ അതുപയോഗിക്കും.’

കാര്‍ലിന്റെ ടേപ്പുകളില്‍ ഉപയോഗി്ക്കാത്ത അധികമൊന്നുമില്ല. ചരിത്രപ്രാധാന്യമുള്ള ചില ഭാവിയില്‍ പ്രസിദ്ധപ്പെടുത്തിയേക്കാം എന്നു കെല്ലി കാര്‍ലിന്‍ പറയുന്നു. ‘Carlin Comes Clean’ എന്നയാളുടെ ഇഷ്ടപപദ്ധതി പുറത്തിറക്കാനും ആലോചനയുണ്ട്. ‘Uncle Dave’ ഒടുവില്‍ വരുന്നതിനെക്കുറിച്ച് അച്ഛന്‍ എന്തുകരുതുമായിരുന്നു എന്ന ചോദ്യത്തിന് കെല്ലി ഇങ്ങനെ മറുപടി നല്കി, ‘നിങ്ങള്‍ക്ക് നിങ്ങളുടെ ഹൃദയത്തില്‍ നോക്കേണ്ടിവരും. എട്ടുവര്‍ഷത്തിന് ശേഷമാണ്. ഞങ്ങള്‍ ഏറെ സമയമെടുത്താലോചിച്ചു. എനിക്കെന്റെ അച്ഛന്റെ ശബ്ദം കേള്‍ക്കാം,’ഞാന്‍ മരിച്ചു, ഞാനീ സംഭാഷണത്തിന്റെ ഭാഗമല്ല.’

 

This post was last modified on September 11, 2016 9:44 am