X

ഇന്ത്യയിലേക്കുള്ള ചരക്കു ഗതാഗതം തടസപ്പെടുത്തുന്നു; പാകിസ്താന് അഫ്ഗാന്റെ താക്കീത്‌

അഴിമുഖം പ്രതിനിധി

ഇന്ത്യയിലേക്ക് വാഗാ അതിര്‍ത്തി വഴി ചരക്ക് കയറ്റുമതി നടത്തുവാന്‍ അനുവദിക്കാത്ത പാക്കിസ്ഥാന്റെ നടപടിക്കെതിരെ താക്കീതുമായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. വാഗാ അതിര്‍ത്തി വഴി ചരക്ക് കയറ്റുമതി നടത്തുവാന്‍ അനുവദിച്ചില്ലെങ്കില്‍ അഫ്ഗാന്‍ വഴി മധ്യഏഷ്യന്‍ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കം നടത്തുവാന്‍ പാക്കിസ്ഥാനെയും അനുവദിക്കില്ലെന്ന് അഷ്‌റഫ് ഗനി മുന്നറിയിപ്പ് നല്‍കി.

അഫ്ഗാനില്‍ ഉല്‍പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ക്ക് വലിയ വിപണിയാണ് ഇന്ത്യയിലുള്ളത്. പക്ഷെ ചരക്കുകള്‍ സമയബന്ധിതമായി എത്തിക്കാന്‍ സാധിക്കാത്തത് മൂലം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപരബന്ധം വലിയ പ്രതിസന്ധിയിലാണ്. ചരക്കുകള്‍ പാക്കിസ്ഥാന്‍ തടയുന്നതിനാല്‍ വാഗാ അതിര്‍ത്തിയില്‍ വച്ച് സാധനങ്ങള്‍ മറ്റു വാഹനങ്ങളിലേക്ക് മാറ്റിയ ശേഷം അട്ടാരിയിലേക്ക് കൊണ്ടുവരും, ചരക്കുകള്‍ അവിടെ ഇറക്കി വീണ്ടും വേറെ വാഹനങ്ങളിലേക്ക് മാറ്റണം.

ഇതുകാരണം കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് രാജ്യത്തിനുണ്ടാക്കുന്നതെന്ന് ഗനി ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ചുമത്തില്ലെന്ന് ഇന്ത്യ ഉറപ്പു തന്നിട്ടുണ്ടെങ്കിലും വ്യാപാരം സജീവമാക്കാന്‍ സാധിക്കാത്തത് മൂലം ഇതിന്റെ ഗുണം രാജ്യത്തിന് കിട്ടുന്നില്ലെന്നും ഗനി പറയുന്നു.

അട്ടാരിയില്‍ നേരിട്ട് ചരക്കെത്തിക്കുവാനും അവിടെ വച്ച് ഇന്ത്യന്‍ ട്രക്കുകളിലേക്കും മാറ്റുവാനുമുള്ള സൗകര്യമൊരുക്കണമെന്നാണ് അഫ്ഗാനിസ്ഥാന്റെ ആവശ്യം. ഇതുവഴി ഇന്ത്യയുമായുള്ള വ്യാപാരം രണ്ടോ മൂന്നോ ഇരട്ടിയായി ഉയര്‍ത്തുവാന്‍ സാധിക്കുമെന്നാണ് വ്യാപാരികള്‍ പ്രേതീക്ഷിക്കുന്നത്.

 

This post was last modified on December 27, 2016 2:29 pm