X

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ‘തിരുവനന്തപുരം സീറ്റി’നെക്കുറിച്ച് മോഹന്‍ലാലിനു പറയാനുള്ളത്‌

എന്റെ സ്വപ്നമായ ഹോളിസ്റ്റിക് യോഗ സെന്ററിനെ കുറിച്ചു പറഞ്ഞപ്പോള്‍ ‘മോഹന്‍ജി ഞാന്‍ യോഗയുടെ ഒരു ബിഗ് ഫാന്‍’ ആണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി

സൂപ്പർ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനവും നിലപാടുകളും കേരളത്തിൽ എന്നും ചർച്ചാ വിഷയമാകാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ മോഹന്‍ലാലിന്റെ  രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇതുവരെ തന്റെ രാഷ്ട്രീയ നിലപാട് വെളിപ്പെടുത്തിയിട്ടില്ല. ബിജെപി ടിക്കറ്റില്‍ തിരുവനന്തപുരത്ത് മോഹൻലാൽ മത്സരിക്കുന്നു എന്നുവരെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കുകയാണ് മോഹന്‍ലാല്‍. രാഷ്ട്രീയത്തിലേക്കില്ലെന്നാണ് മോഹന്‍ലാലിന്റെ നിലപാട് . വനിതക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞത്.

‘ഏതു രാഷ്ട്രീയക്കാരുടെ കൂടെ സമയം ചെലവഴിച്ചാലും പ്രചരിപ്പിക്കപ്പെടുന്ന കാര്യമാണ് നമ്മുടെ രാഷ്ട്രീയ പ്രവേശനം. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാന്‍ തിരുവനന്തപുരത്ത് മത്സരിക്കും എന്നു വരെ ആരെക്കൊയോ പ്രഖ്യാപിച്ചു. പക്ഷേ, രാഷ്ട്രീയത്തിലേക്ക് ഞാനില്ല. ഒരു രീതിയിലും താത്പര്യമില്ലാത്ത കാര്യമാണത്. എനിക്ക് ഇപ്പോഴുള്ളതു പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം. പലരും എന്നോട് രാഷ്ട്രീയത്തിലേക്കു വരാനും ഇലക്ഷനു നില്‍ക്കാനുമെല്ലാം പറഞ്ഞു. പക്ഷേ, ഞാനില്ല. അറിയാത്ത മേഖലയിലേക്ക് ഇറങ്ങാതിരിക്കുകയല്ലേ നല്ലത്.’ മോഹന്‍ലാല്‍ പറയുന്നു.

എന്റെ സ്വപ്നമായ ഹോളിസ്റ്റിക് യോഗ സെന്ററിനെ കുറിച്ചു പറഞ്ഞപ്പോള്‍ ‘മോഹന്‍ജി ഞാന്‍ യോഗയുടെ ഒരു ബിഗ് ഫാന്‍’ ആണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടിയെന്നും അദ്ദേഹം എന്നെ ‘മോഹന്‍ജി’ എന്നാണ് വിളിച്ചത്. രാഷ്ട്രീയത്തെ കുറിച്ചൊന്നും ചർച്ച ചെയ്തില്ല. മോഹൻലാൽ കൂട്ടി ചേർത്തു.