X

രാഹുൽ ഗാന്ധിക്കെതിരായ വ്യജവാർത്തയിൽ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടി; പുലിവാല് പിടിച്ച് രാജീവ് ചന്ദ്രശേഖറിന്റെ മൈ നേഷന്‍

ആർബി ഐ അഡീഷണല്‍ ഡയറക്ടര്‍‌ ഉൾപ്പെടെ വാർത്ത ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ പ്രചരിപ്പിച്ച വ്യാജ വാർത്തയിൽ പ്രായ പുർത്തിയാവാത്ത പെൺകുട്ടിയുടെ ചിത്രം ഉപയോഗിച്ചതിൽ വിവാദം. ദുബായ് സന്ദര്‍ശനത്തിനിടെ രാഹുൽ ഗാന്ധിയെ ഉത്തരം മുട്ടിക്കുന്ന ചോദ്യവുമായി പെൺകുട്ടി
എന്ന തരത്തിലായിരുന്നു ബിജെപി രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വാർത്താ മാധ്യമമായ മൈ നേഷന്‍ വാർത്ത നൽകിയത്. കയ്യിൽ മൈക്രോഫോൺ പിടിച്ച് രാഹുല്‍ ഗാന്ധിക്കൊപ്പം നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം
സഹിതമായിരുന്നു ജനുവരി 13 ന് പോസ്റ്റ് ചെയ്ത വാർത്ത. 14 കാരിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പകച്ചുപോയ കോൺഗ്രസ് അധ്യക്ഷൻ പുഞ്ചിരിച്ച് ഉത്തരം നൽകാതെ മടങ്ങിയെന്നും, പരിപാടിയുടെ ലൈവ് കോൺഗ്രസ് അകൃധിതർ തടസപ്പെടുത്തിയെന്നും വാർത്ത
ചൂണ്ടിക്കാട്ടിയിരുന്നു.

വർഷങ്ങളായി കോൺഗ്രസ് ഭരിച്ച് ഇന്ത്യയിൽ വികസനവും ക്ഷേമവും ഇതുവരെ പൂർണമായില്ല, ഇനി സാധ്യമാവുമോ? എന്നായിരുന്നു കുട്ടിയുടെ ചോദ്യമെന്നും  ഈ ചോദ്യത്തെ ജനക്കൂട്ടം കയ്യടിയോടെയാണ് സ്വീകരിച്ചതെന്നുമായികുന്നു റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടിനൊപ്പം വീഡിയോ ഇല്ലായിരുന്നു. മൈ നേഷന്റെ റിപ്പോർട്ട് മറ്റ് മാധ്യമങ്ങൾ ഏറ്റെടുത്തതോടെ റിപ്പോർട്ടും ഫോട്ടോയും സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലാവുകയും ചെയ്തു. ആർബി ഐ അഡീഷണല്‍ ഡയറക്ടര്‍‌ ഗുരുമൂര്‍ത്തി ഉൾപ്പെടെ വാർത്ത ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ അധികം വൈകാതെ വാർത്തയുടെ ആധികാരിത പൊളിയുകയായിരുന്നു. കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിൽ ചിത്രം മൂന്നുവർഷം പഴക്കമുള്ളതാമെന്ന് കണ്ടെത്തുകയായിരുന്നു. വ്യാജ വാർത്തകൾക്കെതിരെ പ്രവർത്തിക്കുന്ന ആൾട്ട്
ന്യൂസാണ് യഥാർത്ഥ ചിത്രം തേടിപിടിച്ചത്.

കേന്ദ്ര സർക്കാറിന്റെ തന്നെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതികളുടെ ഭാഗമായി നടത്തിയ ചർച്ചാ പരിപാടിയിൽ നിന്നാണ് പെൺകുട്ടിയുടെ ചിത്രം എടുത്തതെന്നായിരുന്നു റിപ്പോർട്ട്. മുംബെയിലെ വിക്രോളിയിലെ സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാത്ഥിനിയാണ്
ഇതെന്നും വ്യക്തമാവുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ ദുബൈയിലെ ചടങ്ങിൽ പങ്കെടുത്ത രണ്ട് മാധ്യമ പ്രവർത്തകരും സംഭവം ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നുണ്ട്.

വ്യാജ വാർത്തയാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ റിപ്പോർട്ടിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ ഫോട്ടോ തെറ്റായി ഉപയോഗപ്പെടുത്തിയെന്നാണ് പ്രധാന ആക്ഷേപം. ഇത് ക്രിമിനൽ കുറ്റമാണെന്നും പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പെണ്‍കുട്ടിയുടെ ഫോട്ടോ മുംബൈയിലെ അവരുടെ കുടുംബവും തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടി ഇതുവരെ ദുബൈയില്‍
പോയിട്ടില്ലെന്നും, ഫോട്ടോ ഉപയോഗിക്കുന്നതിന് ആരും അനുമതി തേടിയിട്ടില്ലെന്നും വ്യക്തമാക്കുന്നു. സ്വകാര്യത മാനിച്ച് കുട്ടിയുടെ വിവരങ്ങൾ പുറത്ത് വിടരുതെന്ന് ആവശ്യപ്പെടുകയാണ് കുടുംബം. നിലവിൽ കുട്ടിയിപ്പോൾ സി എ എന്‍ട്രൻസിന് പരിശീലനം തേടുകയാണെന്ന്  അറിയിച്ചതായും ന്യൂസ് ലോണ്‍ട്രി വെബ്സൈറ്റ് റിപ്പോർട്ട് പറയുന്നു.

അതേസമയം, കോൺഗ്രസ് ഓവർസീസ് സെക്രട്ടറി ആരതി കൃഷ്ണനും അവരുടെ ഓഫിസുമായി
ബന്ധപ്പെട്ട് സ്ഥിരീകരിച്ച ശേഷമാണ് വാർത്ത പുറത്ത് വിട്ടതെന്ന് മൈ നേഷന്‍എഡിറ്റർ അഭിജിത്ത് മജൂംദാര്‍ പറയുന്നു. എന്നാൽ വീഡിയോ ലഭിച്ചില്ല. വിശ്വസിക്കാവുന്ന ഉറവിടത്തിൽ നിന്നാണ് വാർത്ത ലഭിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ‌ പിന്നീട് റിപ്പോർട്ട് പിന്‍വലിക്കാനും മൈ നേഷന്‍ തയ്യാറായി.

This post was last modified on January 18, 2019 1:48 pm