X

കശ്മീരിലെ കുട്ടികളുടെ അവസ്ഥയിൽ ആശങ്കയുണ്ട്; ഇത് അവരോട് ചെയ്യുന്ന ഹിംസയാണ്: നടി തൃഷ (വീഡിയോ)

ചെന്നൈയിലെ സ്‌റ്റെല്ല മാരിസ് കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു തൃഷ

ജമ്മു കശ്മീരിലെ കുട്ടികളുടെ അവസ്ഥയിൽ ആശങ്കയുണ്ടെന്ന് നടിയും യൂനിസെഫിന്‍റെ സെലിബ്രിറ്റി വക്താവും കൂടിയായ തൃഷ. അവിടെ സ്‌കൂളുകള്‍ അടച്ചിട്ടത് ചൂണ്ടിക്കാട്ടിയാണ് തൃഷയുടെ പ്രതികരണം. സ്കൂളുകള്‍ അടച്ചിടുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണെന്നും താരം പറഞ്ഞു. ചെന്നൈയിലെ സ്‌റ്റെല്ല മാരിസ് കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു തൃഷ.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ തുടരുകയാണ്. സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുക എന്നത് അവരോട് ചെയ്യുന്ന ഹിംസയാണ്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിലൂടെ ഒരുപാട് പ്രശ്നങ്ങള്‍ തടയാന്‍ സാധിക്കുമെന്നും തൃഷ പറഞ്ഞു.

ലൈംഗിക ചൂഷണത്തിനെതിരെ അവബോധവുമായി രംഗത്തുവരണമെന്ന് കോളജിലെ വിദ്യാര്‍ഥികളോട് തൃഷ അഭ്യര്‍ഥിച്ചു. രാജ്യത്തെ പോക്‌സോ കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചു. 2014ല്‍ 9000 പോക്‌സോ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2016ല്‍ അത് 36,000 ആയി ഉയര്‍ന്നു. ബാലവിവാഹങ്ങള്‍ തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും തൃഷ വിശദമാക്കി. നടിമാരേക്കാള്‍ പ്രതിഫലം ലഭിക്കുന്ന പ്രവണത മാറിവരുന്നുണ്ട്. 17 വര്‍ഷമായി സിനിമാ രംഗത്തുള്ള തനിക്ക് അക്കാര്യം ഉറപ്പിച്ചു പറയാനാവുമെന്നും തൃഷ കൂട്ടിച്ചേർത്തു.