X

രാജ്യത്ത് മറ്റൊരു മഹാഭാരതം വേണമെന്നാണോ?; രജനികാന്തിനെ വിമര്‍ശിച്ച് ഓവൈസി

ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയെ അനുകൂലിച്ച നടന്‍ രജനികാന്തിനെ പരോക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം നേതാവ്  അസദുദ്ദീന്‍ ഒവൈസി എംപി. ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും  കൃഷണനും അര്‍ജുനനും പോലെയാണെന്നായിരുന്നു  രജനികാന്തിന്റെ പരാമര്‍ശം. ഇതിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ഒവൈസി രംഗത്ത് വന്നത്.. ഈദ് ദിനത്തില്‍ ഹൈദരാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു ഒവൈസി.

“കശ്മീരിന്റെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് തമിഴ് നാട്ടിലെ ഒരു സൂപ്പര്‍ താരം മോദിയെയും അമിത് ഷായെയും കൃഷ്ണനെന്നും അര്‍ജുനനെന്നുമാണ് വിശേഷിപ്പിച്ചത്. എങ്കില്‍ ഈ സാഹചര്യത്തില്‍ ആരാണ് പാണ്ഡവര്‍, ആരാണ് കൗരവര്‍.. രാജ്യത്ത് മറ്റൊരു മഹാഭാരതം വേണമെന്നാണോ?” ഒവൈസി ചോദിച്ചു.

കശ്മീര്‍ വിഷയത്തില്‍ ചരിത്രപരമായ മൂന്നാമത്തെ വിഡ്ഢിത്തമാണ് പ്രത്യേക പദവി റദ്ദാക്കിയതെന്നായിരുന്നു ഒവൈസി നേരത്തെ ലോക്‌സഭയില്‍ അഭിപ്രായപ്പെട്ടത്. 1953ല്‍ ഷെയ്ക് അബ്ദുള്ളയെ അറസ്റ്റ് ചെയ്തതാണ് ആദ്യത്തെ മണ്ടത്തരം. 1987ല്‍ നിയമസഭ തിരഞ്ഞെടുപ്പിനെ കൃത്രിമമെന്ന് ആരോപിച്ചതാണ് രണ്ടാമത്തെ മണ്ടത്തരമെന്നും ഒവൈസി ലോക്‌സഭയില്‍ പറഞ്ഞു.

തമിഴ്‌നാട് കോണ്‍ഗ്രസ്സ് അധ്യക്ഷൻ കെ.എസ് അഴഗിരിയും രജനികാന്തിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു…”ജനങളുടെ കയ്യില്‍ നിന്ന് അവരുടെ അവകാശങ്ങള്‍ തട്ടിയെടുത്തവര്‍ക്ക് എങ്ങനെ കൃഷ്ണനും അര്‍ജുനനും ആകാന്‍ സാധിക്കും, പ്രിയപ്പെട്ട രാജനികാന്ത് താങ്കള്‍ മഹാഭാരതം ഒന്നുകൂടി ഇരുത്തി വായിക്കൂ” എന്നാണ് അഴഗിരി പറഞ്ഞത്

ALSO READ: രണ്ടാം ഭാഗവും സൂപ്പർഹിറ്റ്; എന്നിട്ടും എന്തിരന്റെ സബ്ടൈറ്റില്‍ ഒരുക്കിയ പ്രതിഫലം പോലും ലഭിച്ചിട്ടില്ല