തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിൽ മലയാളികളുടെ പ്രിയ നടി ഉർവശിയും വേഷമിടുന്നു. ‘ഇരുതി സുട്ര്’ എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കായുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘സൂരറൈ പൊട്രിൽ’ എന്ന ചിത്രത്തിലാണ് ഉർവശി എത്തുന്നത്. മലയാളി താരം അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തിലെ നായിക.
ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും, വ്യവസായിയുമായ ജി.ആര് ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയിലാണ് സൂര്യ നായകനാകുന്നത്. എയര്‍ ഡെക്കാണിന്റെ സ്ഥാപകനായ ജി.ആര് ഗോപിനാഥ്, ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റന്‍ എന്ന നിലയിലും എഴുത്തുകാരന് എന്ന നിലയിലും ശ്രദ്ധേയനാണ്. സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആരംഭിച്ചത്.
മോഹൻ ബാബു, കരുണാസ്, ജാക്കി ഷ്രോഫ്, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജിവി പ്രകാശ് കുമറാണ് സംഗീതം നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം നികേത് ബൊമ്മി റെഡ്ഡിയും.
സൂര്യയുടെ 38ആം ചിത്രമാണിത്. ‘ഇരുതിസുട്രിന്’ പുറമെ,’ ദ്രോഹി’, ‘ഗുരു’ എന്നീ ചിത്രങ്ങളും സുധ സംവിധാനം ചെയ്തിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായെത്തിയ ‘അകം’ എന്ന മലയാള ചിത്രത്തിന്റെ സംവിധായിക ശാലിനി ഉഷ നായരും സുധ കൊങ്കരയും ചേര്‍ന്നാണ് സൂര്യ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ നിര്‍മാണ കമ്പനിയായി 2ഡി എന്റര്ടെയിന്മെന്റും രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യനും ഗുണീത് മോംഗയുടെ സിഖ്യ എന്റെര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.