X

സമാനതകളില്ലാത്ത അവസാന അര മണിക്കൂര്‍; ഗൗതം മേനോനെ വെല്ലും ശിഷ്യന്‍ മഗിഴ് തിരുമേനിയുടെ ‘തടം’

മര്‍ഡര്‍ മിസ്റ്ററി കാറ്റഗറിയിൽ പെടുന്ന 'തട'ത്തിൽ അരുൺ വിജയ് ഇരട്ട വേഷത്തിലെത്തുന്നു

ത്രില്ലടിപ്പിക്കുക എന്നതാണ് ഒരു ത്രില്ലറിന്റെ അടിസ്ഥാനപരമായ കടമ എങ്കിൽ ഇന്ന് തിയേറ്ററിലെത്തിയ ‘തടം’ എന്ന തമിഴ് സിനിമ അക്കാര്യത്തിൽ നൂറ് ശതമാനം വിജയമാണ്. ഗൗതം മേനോന്റെ ശിഷ്യൻ ആയിരുന്ന മഗിഴ് തിരുമേനി സ്‌ക്രിപ്റ്റെഴുതി സംവിധാനം ചെയ്തിരിക്കുന്ന മര്‍ഡര്‍ മിസ്റ്ററി കാറ്റഗറിയിൽ പെടുന്ന ‘തട’ത്തിൽ അരുൺ വിജയ് ഇരട്ട വേഷത്തിലെത്തുന്നു.

പറഞ്ഞുവരുമ്പോൾ പണ്ട് പ്രേംനസീറിന്റെ കാലത്തുള്ള ഐഡന്റിക്കൽ ട്വിൻസിന്റെ കഥ തന്നെയാണ് ഇവിടെയും കൈകാര്യം ചെയ്തിരിക്കുന്നത് എങ്കിലും കെണിഞ്ഞ് പണിഞ്ഞഞ്ഞെഴുതിയുണ്ടാക്കിയിരിക്കുന്ന സ്‌ക്രിപ്റ്റിലൂടെയും അതിഗംഭീരൻ മേക്കിംഗിലൂടെയും മഗിഴ് തിരുമേനി അവസാന അരമണിക്കൂർ പ്രേക്ഷകനെ കസേരയുടെ തുമ്പത്തേക്ക് നീക്കിയിരുത്തുകയും ഉദ്വേഗം കൊണ്ടും വിസ്മയം കൊണ്ടും വായ് പിളർത്തിപ്പിക്കുകയും ചെയ്യുന്നു.

പക്കാമാന്യനും കൺസ്ട്രക്ഷൻ കമ്പനിയിലൂടെ വെൽസെറ്റിൽഡും ആയ ഏഴിൽ എന്ന ആദ്യ കഥാപാത്രത്തിന്റെ പ്രണയകഥയായിട്ടാണ് തടം തുടങ്ങുന്നത്. ദീപിക എന്ന നായികാ കഥാപാത്രം ഒരു ഫിലിം റിവ്യൂവർ ആണ്. തുടർന്ന് തീർത്തും അലമ്പും ചീട്ടുകളിക്കാരനും കള്ളനുമൊക്കെയായ കവിൻ എന്ന ഇരട്ട കഥാപാത്രം പരമ്പരാഗതമട്ടിൽ വരുന്നു. യോഗി ബാബു അവതരിപ്പിക്കുന്ന സുരുളി പതിവുപോലെ എർത്തായി കൂടെയുണ്ട്. മേക്കിംഗിൽ ഉള്ള പുതുമകളൊഴിച്ചാൽ ആദ്യ പകുതി തീർത്തും സാധാരണമാണ്.

എന്നാൽ ഇന്റർവെല്ലിനോടാനുബന്ധിച്ച് ഒരു മർഡർ നടക്കുകയും തെളിവുകൾ എതിരായതിനാൽ രണ്ടുപേരും പോലീസ് കസ്റ്റഡിയിലാവുകയും ചെയ്തതോടെ പടത്തിന്റെ ഗിയർ മാറുന്നു. ആജന്മശത്രുക്കളായ രണ്ടുപേരെയും പോലീസ് ചോദ്യം ചെയ്യുന്നത് അപരൻ കസ്റ്റഡിയിലുള്ളത് അറിയിക്കാതെയും നീ മാത്രമാണ് കുറ്റവാളി എന്ന നിലയിലും ആണ്. എന്നിട്ടുപോലും തെളിവുകൾ കൂട്ടിപ്പൂരിപ്പിച്ച് ഒരാളിലേക്ക് ഫോക്കസ് ചെയ്യാനാവാതെ പോലീസ് വട്ടം ചുറ്റുമ്പോൾ, പടം പിന്നെയും പിന്നെയും ഗിയർ ടോപ്പ് തട്ടിയിട്ട് ആവേശത്തിന്റെ ടോപ്പിലേക്ക് കയറുന്നു.

എക്സലന്റ് എന്ന് പറയാവുന്ന രീതിയിൽ നോൺ ലീനീയറിൽ മെനഞ്ഞ് മെനഞ്ഞ് കൊണ്ടുവരുന്ന തടത്തിന്റെ അവസാന അര മണിക്കൂർ സമാനതകളില്ലാത്തതാണ്. ക്ളൈമാക്സ് എന്ന രീതിയിൽ ഉള്ള പല എൻഡിംഗുകളും ടെയിൽ ഏൻഡ് പോലെയുള്ള പൂരണങ്ങളും മഗിഴ് തിരുമേനിയുടെ പ്രതിഭയ്ക്ക് അടിവരായിട്ടുന്നവയാണ്. ഒരുപക്ഷെ ഗുരുവായ ഗൗതം വാസുദേവ് മേനോനെപ്പോലും കൊതിപ്പിക്കുന്നത് എന്നുപറഞ്ഞാലും അധികമാവില്ല.

ഐഡന്റിക്കൽ ട്വിൻസ് ആയ ഏഴിലിനെയും കവിനെയും മേക്കപ്പ് കൊണ്ടും കോസ്റ്റ്യൂംസ് കൊണ്ടും വിഭിന്നരാക്കാതെ subtle ആയ ശരീരഭാഷ കൊണ്ട് വേറിട്ടവരാക്കിയ അരുൺ വിജയിന്റെ തകർപ്പൻ പ്രകടനമാണ് തടത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഓരോ സിനിമ കഴിയുന്തോറും അരുൺ ഉയരങ്ങളിലേക്ക് നടന്നുകയാറുകയാണ്. സബ് ഇൻസ്‌പെക്ടർ റോളിൽ വന്ന വിദ്യാ പ്രദീപിന്റെതാണ് മറ്റൊരു സ്റ്റൈലൻ പെർഫോമൻസ്.

2012ൽ ഇറങ്ങിയ തടയറ താക്ക എന്ന സിനിമയിലൂടെ തമിഴിന് ഒരു സൂപ്പർ ഹിറ്റ് സമ്മാനിച്ച ജോഡിയാണ് അരുൺ വിജയും മഗിഴും. അത് കാണാൻ കഴിഞ്ഞിരുന്നില്ല. ഇമൈക്കാ നൊടികൾ എന്ന സിനിമയിൽ അനുരാഗ് കശ്യപിന്നു ശബ്ദം കൊടുത്തത് ആരാണെന്ന് അന്വേഷിച്ചപ്പോൾ ആയിരുന്നു മഗിഴ് തിരുമേനി എന്ന പേര് എന്റെ ശ്രദ്ധയിൽ എത്തുന്നത്. ആള് ഇത്ര പുലിയാണെന്നു അറിഞ്ഞിരുന്നില്ല. ഇനിയിപ്പോ പ്രതീക്ഷയോടെ അടുത്ത സിനിമ കാത്തിരിക്കേണ്ട സംവിധായകരുടെ ലിസ്റ്റിലേക്ക് ഒരു പേരും കൂടി ആയി.

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

This post was last modified on March 1, 2019 6:49 pm