X

പ്രിയങ്ക ചോപ്ര വ്യക്തിപരമായ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ തെറ്റില്ല; പാകിസ്താന്റെ നിലപാടിനെ തള്ളി യു.എൻ

യുനിസെഫിന്റെ അംബാസഡറായ പ്രിയങ്ക ചോപ്ര ഇന്ത്യൻ സൈന്യത്തിന് പിന്തുണ പ്രഖ്യാപിക്കുകവഴി യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും പക്ഷപാതം കാണിക്കുകയും ചെയ്തുവെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു.

ഇന്ത്യൻ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് അഭിപ്രായ പ്രകടനം നടത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്രക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭ. യുനിസെഫിന്റെ അംബാസഡറായ പ്രിയങ്ക ചോപ്ര ഇന്ത്യൻ സൈന്യത്തിന് പിന്തുണ പ്രഖ്യാപിക്കുകവഴി യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും പക്ഷപാതം കാണിക്കുകയും ചെയ്തുവെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. പ്രിയങ്കയെ യുനിസെഫ് അംബാസഡർ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പാകിസ്താൻ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീൻ മസാരി യു.എന്നിന് കത്തയക്കുകയും ചെയ്തിരുന്നു.

യുനിസെഫിന്റെ ഗുഡ്‌വിൽ അംബാസഡർമാർ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ തെറ്റില്ലെന്നും, താൽപര്യമോ വേവലാതിയോ ഉള്ള കാര്യങ്ങളിൽ അഭിപ്രായം പറയാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്‌റ്റെഫാനി ദുജാരിക് പറഞ്ഞു. ‘അവരുടെ വ്യക്തിപരമായ നിരീക്ഷണമോ പ്രവൃത്തികളോ യുനിസെഫിന്റേത് ആകണമം എന്നില്ല. യുനിസെഫിന്റെ ഭാഗമായി സംസാരിക്കുമ്പോൾ അവർ പക്ഷപാതമില്ലാതെ പെരുമാറണമെന്നു മാത്രമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.’ സ്റ്റെഫാനി പറഞ്ഞു.

പാകിസ്താനെതിരേ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ഉയര്‍ത്തിയ ആണവഭീഷണിയെയും പ്രിയങ്ക അനുകൂലിച്ചിരുന്നു. ഈ നീക്കങ്ങളെല്ലാം തന്നെ സമാധാനത്തിനും സദ്മൂല്യങ്ങള്‍ക്കും എതിരാണെന്നും യു എന്‍ ഗുഡ്‌വില്‍ അംബാസിഡറാകാനുള്ള നിബന്ധനകള്‍ക്കെതിരെയാണെന്നും പാക് മന്ത്രി പ്രിയങ്കയ്ക്ക് എതിരെ
യു.എന്നിന് അയച്ച കത്തിൽ പറഞ്ഞത്.

‘ബിജെപി സർക്കാരിന്റെ എല്ലാ നയങ്ങളും വംശീയ ഉന്മൂലനം, വംശീയത, ഫാസിസം, വംശഹത്യ എന്നിവ സംബന്ധിച്ച നാസി സിദ്ധാന്തത്തിന് സമാനമാണ്. ഇന്ത്യൻ സർക്കാർ നിലപാടിനെ പ്രിയങ്ക ചോപ്ര പരസ്യമായി അംഗീകരിക്കുകയും ഇന്ത്യൻ പ്രതിരോധ മന്ത്രി പാകിസ്ഥാന് നൽകിയ ആണവ ഭീഷണിയെ പിന്തുണയ്ക്കുകയും ചെയ്തു. സമാധാനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ ഗുഡ്‌വിൽ അംബാസഡർ എന്ന നിലയിൽ പ്രിയങ്ക ഉയർത്തിപ്പിടിക്കേണ്ട സമാധാനത്തിന്റെയും സൽസ്വഭാവത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമാണ് ഇതെല്ലാം. മോദിസർക്കാറിന്റെ നയങ്ങളെ അനുകൂലിക്കുകയും യുദ്ധത്തെ, പ്രത്യേകിച്ച് ന്യൂക്ലിയർ യുദ്ധത്തെ അനുകൂലിക്കുകയും ചെയ്യുന്നതുവഴി യൂണിസെഫിന്റെ അംബാസഡർ പദവിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. തൽസ്ഥാനത്ത് നിന്ന് പ്രിയങ്കയെ നീക്കം ചെയ്തില്ലെങ്കിൽ അത് സമാധാനത്തിന്റെ ഗുഡ്‌വിൽ അംബാസഡർ എന്ന ആശയത്തെ ആഗോളതലത്തിൽ തന്നെ പരിഹാസ്യമാക്കി തീർക്കും’- പാക്ക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരിൻ മസാരിതന്റെ കത്തിൽ പറയുന്നു

ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തു നിന്ന് പ്രിയങ്കയെ പുറത്താക്കണം; ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ച് പാകിസ്ഥാൻ