X

ജെയിംസ് ബോണ്ട് നായകൻ ഡാനിയല്‍ ക്രെയ്​ഗിന് പരിക്ക്; ‘ബോണ്ട് 25’ ചിത്രീകരണം മുടങ്ങി

ചിത്രീകരണത്തിനിടെ ക്രെയ്​ഗിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. ഉടനെ അമേരിക്കയിലേയ്ക്ക് കൊണ്ടുപോയ ക്രെയ്​ഗിനെ വിദഗ്ദ്ധ പരിശോധനകള്‍ക്ക് വിധേയനാക്കി

ജെയിംസ് ബോണ്ട് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നായകന്‍ ഡാനിയല്‍ ക്രെയ്​ഗിന് പരിക്കേറ്റു. ജമൈക്കയിലെ പൈന്‍വുഡ് സ്റ്റുഡിയോസിലായിരുന്നു ചിത്രീകരണം. താരത്തിന് പരിക്കേറ്റതിനെ തുടർന്ന് ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. ‘ബോണ്ട് 25 ‘ എന്നാണ് ചിത്രത്തിന്റെ താൽക്കാലിക പേര്. ചിത്രീകരണത്തിനിടെ ക്രെയ്​ഗിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. ഉടനെ അമേരിക്കയിലേയ്ക്ക് കൊണ്ടുപോയ ക്രെയ്​ഗിനെ വിദഗ്ദ്ധ പരിശോധനകള്‍ക്ക് വിധേയനാക്കി. ഇനി എപ്പോൾ ചിത്രീകരണം പുന:രാരംഭിക്കാനാവുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയട്ടില്ല.

തന്റെ ആദ്യ ബോണ്ട് ചിത്രമായ കാസിനോ റോയലിന്റെ ചിത്രീകരണത്തിനിടയിലും ക്രെയ്​ഗിന് നിരവധി തവണ പരിക്കേറ്റിരുന്നു. അതുപോലെ ക്വാണ്ടം ഓഫ് സോളസിന്റെയും 2015ല്‍ പുറത്തിറങ്ങിയ സ്‌പെക്ടറിന്റെയും ചിത്രീകരണങ്ങള്‍ക്കിടയിലും ഇതുപോലെ തോളിലെ പേശികള്‍ക്കും കണങ്കാലിനും ക്രെയ്​ഗിന് പരിക്കേറ്റിരുന്നു.

2020 ഏപ്രില്‍ എട്ടിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ചിത്രീകരണം വീണ്ടും മുടങ്ങിയത് റിലീസിന് പ്രശ്‌നമാകുമോ എന്നൊരു ആശങ്കയും അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. ജമൈക്കയില്‍ അവധി ആഘോഷിച്ചുകൊണ്ടിരിക്കുന്ന ബോണ്ടിന് പഴയ സുഹൃത്ത് ഫെലിക്‌സ് ലെയ്റ്ററുടെ അപേക്ഷ അനുസരിച്ച് കാണാതായ ഒരു ശാസ്ത്രജ്ഞനെ കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുക്കേണ്ടിവരുന്നതാണ് പുതിയ ചിത്രത്തിന്റെ ഇതിവൃത്തം. ഈ യാത്രയില്‍ അപകടകരമായ പല സാങ്കേതികവിദ്യകളുടെയും പരീക്ഷണങ്ങള്‍ ബോണ്ടിന് നേരിടേണ്ടിവരുന്നുണ്ട്. ലണ്ടന്‍, ഇറ്റലി, നോര്‍വെ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍.