X

കാസ്റ്റിംഗ് കൗച്ച്; ശ്രീ റെഡ്ഡിയുടെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

തെലുങ്കാന സര്‍ക്കാരിനും കേന്ദ്ര വാര്‍ത്തവിതരണ മന്ത്രാലയത്തിനും കമ്മീഷന്‍ നോട്ടീസ് അയച്ചു

തെലുങ്ക് സിനിമലോകത്ത് സ്ത്രീകള്‍ക്കെതിരെ വ്യാപകമായ രീതിയില്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നും തന്നെ സിനിമസംഘടനയില്‍ അംഗമാക്കുമില്ലെന്നും ആരോപിച്ച് പൊതുമധ്യത്തില്‍ വസ്ത്രമഴിച്ചുള്ള പ്രതിഷേധം ഉള്‍പ്പെടെ നടത്തിക്കൊണ്ടിരിക്കുന്ന നടി ശ്രീ റെഡ്ഡിയുടെ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. തെലുഗ് സിനിമമേഖലയില്‍ കാസ്റ്റിംഗ് കൗച്ചും ലൈംഗിക ചൂഷണവും നടക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തെലുങ്കാന സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. നടിയുടെ പരാതികളില്‍ നടപടിയെടുക്കാതെയും അവര്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ നടിക്കെതിരേ കേസ് എടുക്കുകയും ചെയ്തതിനെ കമ്മീഷന്‍ വിമര്‍ശിക്കുകയും ചെയ്തു. കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിനും ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ അയച്ചിട്ടുണ്ട്.

ശ്രീ റെഡ്ഡി നടത്തിയ ആരോപണങ്ങളെക്കുറിച്ച് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. നടി ഉയര്‍ത്തിയ ലൈംഗികചൂഷണ ആരോപണങ്ങളിലും അഭിനേതാക്കളുടെ സംഘടനയില്‍ അംഗമാക്കുന്നില്ലെന്ന പരാതിയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ആഴ്ച്ചയക്കുള്ളില്‍ മറുപടി ലഭിക്കണമെന്നാണ് തെലുങ്കാന ചീഫ് സെക്രട്ടിക്കും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം സെക്രട്ടറിക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

റാണ ദഗ്ഗുബാട്ടിയുടെ സഹോദരനെതിരേ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി

This post was last modified on April 13, 2018 8:44 am