X

സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

അനിൽ ബാബു എന്ന് വിളിപ്പേരുള്ള ഇരട്ട സംവിധായകരിൽ ഒരാളായിരുന്നു ബാബു നാരായണൻ

സംവിധായകൻ ബാബു നാരായണൻ (59) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാബു നാരായണൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. അനിൽ ബാബു എന്ന് വിളിപ്പേരുള്ള ഇരട്ട സംവിധായകരിൽ ഒരാളായിരുന്നു ബാബു നാരായണൻ. മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം, തുടങ്ങി 24 ചിത്രങ്ങളോളം ഇരുവരും ചേർന്ന് സംവിധാനം ചെയ്‌തു. 2004 ൽ പുറത്തിറങ്ങിയ പറയാം’ എന്ന ചിത്രമാണ് ഇരുവരും ഒരുമിച്ച് ചെയ്‌ത അവസാന ചിത്രം. നടി ശ്രവണ മകളാണ് (‘തട്ടിൻപ്പുറത്തെ അച്യുതൻ’ നായിക). ഭാര്യ: ജ്യോതി ബാബു. മകന്‍: ദര്‍ശന്‍.

2013ൽ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രം ബാബു നാരായണൻ സ്വതന്ത്രമായി സംവിധാനം ചെയ്തു. അനഘ, പൊന്നരഞ്ഞാണം എന്നീ ആദ്യ ചിത്രങ്ങൾക്ക് ശേഷമാണ് ബാബു നാരായണൻ അനിലുമായി ചേർന്ന് സംവിധാനം ആരംഭിച്ചത്. മാന്ത്രികച്ചെപ്പ് എന്ന ചിത്രം 1992 ൽ സംവിധാനം ചെയ്താണ് അനിൽ ബാബു കൂട്ടുകെട്ട് സംവിധാന രംഗത്തേക്ക് വരുന്നത്.

സംവിധായകൻ ഹരിഹരന്റെ സഹായി ആയാണ് ബാബു നാരായണൻ മലയാള സിനിമയിലേക്ക് എത്തുന്നത്. മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ എന്നിവർ അനിൽബാബുമാരുടെ ജനപ്രിയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

This post was last modified on June 29, 2019 3:14 pm