X

അമ്മ മകനെ തിരികെ വിളിക്കുമോ അതോ മകന്‍ അമ്മയുടെ അടുത്തേക്ക് പോകുമോ? കാണാന്‍ പോകുന്ന പൂരത്തെ കുറിച്ചുതന്നെ

രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയിലും ബാക്ക് സീറ്റ് ഡ്രൈവിംഗ് സാധ്യമാണല്ലോ

2017 ഫെബ്രുവരി 17 നു ശേഷം മലയാളസിനിമ ലോകം എങ്ങനെയെങ്കിലും മാറിയോ? മാറ്റം എന്നു പറയാന്‍ കഴിയില്ലെങ്കിലും അതിന്റെ പരമ്പരാഗത അധികാരകേന്ദ്രങ്ങള്‍ക്കു നേര്‍ ചില എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങിയെന്നു പറയാം. അത്തരം ശബ്ദങ്ങള്‍ മുന്‍പും കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴത്തേത്ത് അല്‍പം വ്യത്യസ്തമാണ്. മുന്‍കാലങ്ങളിലേതുപോലെ ഒറ്റപ്പെട്ട ശബ്ദങ്ങളല്ല ഇപ്പോള്‍ കേള്‍ക്കുന്നതെന്നതുകൊണ്ട്. തങ്ങളുടെ ഒരു സഹപ്രവര്‍ത്തക, അതിക്രൂരമാംവിധം ആക്രമിക്കപ്പെടുന്നു. അതില്‍ മറ്റൊരു സഹപ്രവര്‍ത്തകന്‍ കുറ്റാരോപിതനാകുന്നു. കേട്ടുകേള്‍വിയില്ലാത്തൊരു സംഭവം. ആ പ്രശ്‌നത്തില്‍ സിനിമയിലെ ഒരു വലിയ വിഭാഗം നടനൊപ്പം നില്‍ക്കാന്‍ തയ്യാറായതോടെ വളരെ ചെറിയൊരു ഗ്രൂപ്പ് ആണെങ്കിലും നടിക്കൊപ്പം ശക്തമായി നില്‍ക്കാനും ചിലര്‍ മുന്നോട്ടു വന്നു. വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിത കൂട്ടായ്മയുടെ പിറവിയങ്ങനെയാണ്. സിനിമയുടെ മുഖ്യധാരയിലെ ശ്രദ്ധേയമായ മുഖങ്ങളെന്നു പറയാന്‍ വിരലില്‍ എണ്ണാവുന്നര്‍ മാത്രമായിരുന്നു ആ സംഘടനയില്‍. ഇവര്‍ക്കു പിന്തുണയുമായി ഒന്നുരണ്ട് യുവനടന്മാരും ഒപ്പം നിന്നതോടെ, ആ സംഘടനയുടെയും നടിയോടൊപ്പമുള്ളവരുടെയും ശബ്ദത്തിനു മൂര്‍ച്ഛയുണ്ടാവുകയും പൊതുസമൂഹത്തിന്റെ പിന്തുണ സ്വന്തമാക്കാനും കഴിഞ്ഞു.

അറസ്റ്റിലായ നടന്‍ ദിലീപ് ഒരു താരശരീരം മാത്രമായിരുന്നില്ല. സിനിമവ്യവസായത്തെ തന്നെ നിയന്ത്രിക്കാന്‍ തക്ക ശക്തനായിരുന്നു. താരസംഘടനയായ അമ്മയില്‍ സുപ്രധാന റോളായ ട്രഷറര്‍ സ്ഥാനത്ത് ഇരിക്കുമ്പോള്‍ തന്നെ, നിര്‍മാതാക്കളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയുമെല്ലാം സംഘടനകളിലും ദിലീപിന് നിര്‍ണായകസ്ഥാനം ഉണ്ടായിരുന്നു. ഒരു സിനിമയുടെ ചിത്രീകരണം തൊട്ട്, അത് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അയാള്‍ക്ക് സ്വാധീനം ചെലുത്താമായിരുന്നു. തന്റെ സിനിമകളുടെ കാര്യത്തില്‍ മാത്രമായിരുന്നില്ല അതിനയാള്‍ക്ക് സാധിച്ചിരുന്നത്. ഇത്തരത്തില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിനൊപ്പം, അയാളുടെ ‘ഉദാരമനസ്‌കത’യും ‘സഹജീവി സ്‌നേഹവും’ കൊണ്ട് സിനിമയിലെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ കൂടി സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നു. അങ്ങനെയുള്ളൊരാളെ ഒറ്റപ്പെടുത്താന്‍ സിനിമാലോകം നന്നായി ബുദ്ധിമുട്ടിയിരുന്നു. എന്നിരിക്കിലും അമ്മ എന്ന താരസംഘടനയില്‍ നിന്നും അയാളെ പുറത്താക്കാതിരിക്കാന്‍ ദിലീപിന്റെ സംരക്ഷകര്‍ക്ക് കഴിയാതെ പോയത് വിരലില്‍ എണ്ണാവുന്നത്രപേര്‍ മാത്രമുള്ള, അവള്‍ക്കൊപ്പം നിന്ന താരങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നിലായിരുന്നു.

 

പക്ഷേ ഇനി കാര്യങ്ങള്‍ എങ്ങനെ മാറും എന്നതാണ് കാണേണ്ടത്. തിരികെയെത്തുന്ന ദിലീപ് കൂടുതല്‍ ശക്തനാണ്. പ്രേക്ഷകര്‍ക്കിടയിലും സിനിമാലോകത്തും ഒരുപോലെ അയാളുടെ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജയിലില്‍ കിടക്കുമ്പോള്‍ തന്നെ സിനിമാക്കാരെയെല്ലാം അവിടെയെത്തിച്ച് അയാളെ കാണാനും പിന്തുണ നല്‍കാനും വലിയ പ്രചാരവേലകള്‍ നടന്നിരുന്നു. ഇതിനൊപ്പമാണ് പുറത്തും സമാനപ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നിരുന്നത്. രാമലീല എന്ന സിനിമ അയാളിലെ താരത്തിനുള്ള സ്വീകാര്യതയാക്കി മാറ്റി ദിലീപിന്റെ വില നിലനിര്‍ത്തുന്നു. ഇനിയയാള്‍ക്ക് സിനിമയ്ക്കുള്ളിലെ പഴയ പദവികള്‍ തിരികെ പിടിക്കുകയാണ് വേണ്ടത്. അതിനായി നേരിട്ടിറങ്ങി ബുദ്ധിമോശം കാണിക്കാന്‍ ദിലീപ് തയ്യറാകില്ല. പകരം പ്രതിനിധികളാണ് ആ പണി ചെയ്യുന്നത്. നടനും നിയമസഭാംഗവും സര്‍വ്വോപരി അമ്മയുടെ വൈസ്പ്രസിഡന്റുമായ കെ ബി ഗണേഷ് കുമാര്‍ അതിനുള്ള വഴി വെട്ടിക്കഴിഞ്ഞിരിക്കുന്നു. ദിലീപ് ഇപ്പോഴും അമ്മയില്‍ ഉണ്ടെന്നാണ് ഗണേഷ് പറയുന്നത്. നടനെ പുറത്താക്കിയെന്ന തീരുമാനം അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കുന്നതുമല്ലെന്നു അമ്മയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍ കൂടിയായ ഗണേഷ് തുറന്നടിക്കുന്നു. അവിടെയദ്ദേഹം മമ്മൂട്ടിയെപ്പോലും തള്ളിക്കളയാന്‍ മടിക്കുന്നില്ല. ദിലീപിനെതിരേ നടപടി പ്രഖ്യാപിക്കുന്നത് അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മൂട്ടിയാണ്.

എറണാകുളത്ത് പനമ്പള്ളി നഗറിലുള്ള മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. എക്‌സ്യൂട്ടീവില്‍ ഉണ്ടായിരുന്ന പ്രഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ യാതൊരു വിധ ഒത്തു തീര്‍പ്പിനും തയ്യാറല്ലെന്ന നിലയില്‍ കുറ്റാരോപിതനായ നടനെതിരേ നടപടിയുണ്ടാകണമെന്ന് ഉറച്ച നിലപാടെടുത്തതോടെയാണ് ദിലീപ് പുറത്താകുന്നത്. ഈ യോഗത്തിനു ദിവസങ്ങള്‍ക്കു മുമ്പായിരുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗം നടന്നത്. നടി ആക്രമിക്കപ്പെട്ടതിനും നടനുനേരെ സംശയങ്ങള്‍ ഉയര്‍ന്നതിനും പിന്നാലെ നടന്ന ആ പൊതുയയോഗത്തില്‍ ഈ വിഷയം ഒരു ചര്‍ച്ചയാക്കാന്‍ അതിന്റെ നേതൃത്വം തയ്യാറായില്ല, മാത്രമല്ല, നടനെ സംരക്ഷിക്കുന്നവിധത്തില്‍ വൈകാരികമായി പ്രതികരിക്കാനും അവര്‍ തയ്യാറായി. ഇങ്ങനെയൊരു വിജയം താരസംഘടനയിലെ നേതൃത്വത്തിനു സാധ്യമായതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ അതേ നടനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ നടിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് സാധിച്ചത്. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടി ഇതൊരു ഒറ്റക്കെട്ടായ തീരുമാനം ആയിരുന്നവന്നും നടനെ പുറത്താക്കുകയെന്നതില്‍ എല്ലാവര്‍ക്കും യോജിപ്പായിരുന്നുവെന്നും രേഖ സഹിതം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം ഉണ്ടായതില്‍ സീനിയര്‍ നടന്മാരടക്കം വളരെ വലിയൊരു വിഭാഗത്തിന് കടുത്ത അതൃപ്തിയായിരുന്നു. അവരത് പ്രകടിപ്പിക്കുകയും ചെയ്തു. എങ്കിലും പരസ്യമായി രംഗത്തുവരാന്‍ തയ്യാറായില്ല. പകരം അവര്‍ സാഹചര്യം മാറുന്നതിനായി കാത്തിരുന്നു. ആ സമയമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

പ്രത്യക്ഷത്തില്‍ മമ്മൂട്ടിയെ തള്ളിക്കളയുന്നൂവെന്നു തോന്നലുണ്ടാകുമെങ്കിലും ഗണേഷിനെ പോലുള്ളവര്‍  ഇപ്പോള്‍ ഉന്നം വയ്ക്കുന്നത്‌ പൃഥ്വിരാജിനെ പോലുള്ളവരെയാണ്. പൃഥ്വിരാജിനെ സന്തോഷിപ്പിക്കാനായിരിക്കാം മ്മൂട്ടിയങ്ങനെ ചെയ്തതെന്ന പരാമര്‍ശം തന്നെയാണ് അതിനുദാഹരണം. ദിലീപിന്റെ ഔദാര്യം പറ്റിയവരൊക്കെ അയാളെ പിന്തുണയ്ക്കണമെന്നു പരസ്യമായി ആഹ്വാനം ചെയ്തയാളാണ് പത്തനാപുരം എംഎല്‍എ. ഇനി ഗണേഷ് അടങ്ങുന്ന സംഘം ഒരുക്കുന്നത് ദിലീപിന്റെ തിരിച്ചുവരവ് ഏതുവിധത്തിലായിരിക്കണം എന്ന തിരക്കഥയാണ്. സംഘടനയുടെ നിയമാവലിയൊക്കെ നിരത്തി സാങ്കേതികത പറഞ്ഞ് ദിലീപിനെ മടങ്ങി വരവ് സാധ്യമാക്കുകയല്ല വേണ്ടത്, ദിലീപിനെ തിരികെ വിളിക്കണം, സിനിമാലോകം; അതാണ് ഹീറോയിസം എന്നാണ് അവരുടെ കണക്കുകൂട്ടല്‍. താന്‍ ആയിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ അമ്മയില്‍ എന്നല്ല, ഒരു സംഘടനയിലേക്കും പോകില്ലെന്നു ഗണേഷ് പറഞ്ഞതിന് അര്‍ത്ഥം, ആപത്ത് കാലത്ത് തന്നെ തള്ളിപ്പറഞ്ഞവരുടെ കൂട്ടമാണ് ഇതെന്നും, അങ്ങനെയൊരിടത്തേക്ക് തിരികെ പോകുന്നത് സ്വയം അപമാനിക്കലാണെന്നുമാണ്. അതായത് ദിലീപ് ആയിട്ട് ഒരു സംഘടനയിലേക്ക് തിരികെ ചെല്ലാന്‍ നില്‍ക്കരുത്. പകരം സംഘടന അവരുടെ ക്ഷമാപണത്തോടെ ദിലീപിനെ തിരികെ ക്ഷണിക്കണം. അങ്ങനെയാണെങ്കില്‍ മാത്രമാണ് ദിലീപിന് തന്റെ പഴയ പ്രൗഢി തിരികെ കിട്ടുകയുള്ളൂ. ദിലീപിനെ മാറ്റി നിര്‍ത്താന്‍ അമ്മയ്ക്ക് സാധിക്കില്ല, കാരണം അത്രമേല്‍ കഴിവുള്ളൊരു ബിസിനസ്സുകാരനാണ്, എക്‌സിക്യൂട്ടറാണ്. അഭിനയം മാത്രമല്ല അയാളുടെ തൊഴില്‍. ഏതൊരു സംഘടനയ്ക്കും അതിന്റെ നിലനില്‍പ്പിന് ദിലീപിനെ പോലൊരാളെ വേണം. അതിനാല്‍ സ്വാഭാവികമായും ദിലീപിനെ അവര്‍ തിരികെ വിളിക്കും. ആ വിളി ദിലീപ് സ്വീകരിക്കുന്നത് എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനകളാണ് ഗണേഷിനെ പോലുള്ളവര്‍ നല്‍കുന്നത്.

ദിലീപ് തിരികെ സംഘടനയിലേക്ക് വരികയാണെങ്കില്‍, അപ്പോള്‍ മറ്റൊരു ചോദ്യം ഉടലെടുക്കും. ദിലീപിനെ പുറത്താക്കണമെന്ന് നിര്‍ബന്ധം പിടിച്ചവര്‍ എന്തു നിലപാടെടുക്കും? ദിലീപ് നിപരാധിത്വം തെളിയിച്ചല്ല, ഉപാധികളോടെയുള്ള ജാമ്യവ്യവസ്ഥയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. അയാളുടെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. പുതിയ കുറ്റപത്രപ്രകാരം ദിലീപ് രണ്ടാം പ്രതിയാകാനുള്ള സാധ്യതയുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സംഘടനയിലേക്ക് തിരികെയെടുക്കുന്നത് നീതിയാകില്ലെന്നും തങ്ങള്‍ ‘അവള്‍ക്കൊപ്പം’ എന്നു പ്രഖ്യാപിച്ചുകൊണ്ട് അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തില്‍ എടുത്ത തീരുമാനം നിരാകരിക്കലാണെന്ന വാദം ഉയര്‍ത്തി ദിലീപിനെ തിരികെ സംഘടനയിലേക്ക് ക്ഷണിക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടുമോ?

ഇത്തരമൊരു എതിര്‍പ്പ് ഉണ്ടാവുകയാണെങ്കില്‍ അത് താരസംഘടനയുടെ പിളര്‍പ്പിന് കാരണമാകുമെന്നു കരുതേണ്ടതില്ല. വിമന്‍ കളക്ടീവ് പോലും അമ്മയുടെ സമാന്തര സംഘടനയല്ല എന്നാണവര്‍ പറയുന്നത്. എന്നതിനാല്‍ അമ്മ പിളര്‍ന്ന് പുതിയൊരു സംഘടനയുടെ രൂപീകരണം ഉണ്ടാവില്ലെന്നു തന്നെ ഉറപ്പിക്കാം. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഏതാനും പേര്‍ സംഘടനയില്‍ നിന്നും മാറിനില്‍ക്കാന്‍ സാധ്യതയുണ്ട്. നിലപാടകള്‍ പറയുകയും പിന്നീടത് തിരുത്തുകയും ചെയ്യുന്ന ആസിഫ് അലിയെ പോലുള്ളവരല്ല, പൃഥ്വിരാജിനെയും രമ്യ നമ്പീശനെയും പോലുള്ളവര്‍. കാരണം, ഇവര്‍ ഒരു വിഭാഗത്തിന്റെ ടാര്‍ഗറ്റ് ആയി കഴിഞ്ഞിരിക്കുകയാണ്. ഗണേഷിന്റെ പ്രസ്താവനയിലെ പ്രിഥ്വിരാജ് പരാമര്‍ശം മാത്രമല്ല, പി സി ജോര്‍ജിനെ പോലുള്ളവരുടെ പരോക്ഷ ആരോപണത്തിലും ഈ നടനെ കുറ്റപ്പെടുത്തുന്നുണ്ട്. ദിലീപ് ആരുടെയെക്കെയോ ഗൂഢാലോചനയുടെ ഇരയായിരുന്നുവെന്ന പ്രചാരണത്തിന് സ്ഥിരീകരണം നല്‍കാന്‍ പ്രിഥ്വിയെ പോലുള്ളവരെ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടതായുണ്ട്. ഈ കളിയോട് ഇവര്‍ എങ്ങനെ പ്രതികരിക്കുമെന്നതിനെ അനുസരിച്ചു മാത്രമെ ബാക്കി കാര്യങ്ങള്‍ പറയാന്‍ കഴിയൂ.

ട്വിസ്റ്റ്; ബുദ്ധിമാനാണ് ദിലീപ്. അതുകൊണ്ട് തന്നെ തന്റെ നിരപരാധിത്വം പൂര്‍ണമായി തെളിയിക്കപ്പെട്ടശേഷം മാത്രമെ താന്‍ സംഘടനകളിലേക്ക് വരൂ എന്നു പറയാനും ദിലീപ് മടിക്കില്ല. രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയിലും ബാക്ക് സീറ്റ് ഡ്രൈവിംഗ് സാധ്യമാണല്ലോ..