X

ഇര; ഒരു ‘കുറ്റാരോപിത’നെ ഇങ്ങനെയും വെളുപ്പിച്ചെടുക്കാം

ഒരു കുറ്റാരോപിതന്റെ കഥ എന്ന വൺലൈൻ മുതൽ ആണ് നടി ആക്രമിക്കപ്പെട്ട സംഭവത്തെ ഇര ഓർമിപ്പിക്കുന്നത്

ഒരുപാട് സംശയങ്ങൾ ഉണ്ടാക്കിയാണ് ഇരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യം ലഭിച്ചു പുറത്തു വരുന്ന ദൃശ്യത്തെ ഓർമിപ്പിച്ചു കൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ ചിത്രം അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. ദിലീപ് പക്ഷത്തുള്ള സിനിമ എന്ന രീതിയിയിലാണ്, അണിയറ പ്രവർത്തകർ അവകാശവാദങ്ങൾ ഉന്നയിച്ചില്ലെങ്കിലും, ഇര എന്ന സിനിമയെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നത്. ഉദയ കൃഷ്ണയും വൈശാഖും ചേർന്ന് നിർമിച്ചു ഉദയകൃഷ്ണ പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന സിനിമ ആണെന്നത് ഈ ഊഹത്തിന്റെ ബലം കൂട്ടി. വൈശാഖിന്റെ അസിസ്റ്റന്റും നടനും ഒക്കെ ആയ എസ് എസ് സൈജുവിന്റെ കന്നി സംവിധാന സംരംഭം ആണ് ഇര. ട്രെയിലറിലും മറ്റും ഒരേ ടവർ ലൊക്കേഷൻ തുടങ്ങി ആ കേസിനെ ഓർമിപ്പിക്കുന്ന പരാമർശങ്ങൾ ഉണ്ടായി. ഇത് കാണികളെ തീയറ്ററിൽ എത്തിക്കാൻ വലിയ കാരണമായി. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, മിയ, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, ലെന, നിരഞ്ജന അനൂപ് തുടങ്ങീ അഭിനേതാക്കളുടെ വലിയ ഒരു നിര തന്നെ നിരയിൽ ഉണ്ട്.

ഒരു ത്രില്ലർ മാതൃകയിൽ ഒരുക്കിയ സിനിമ ആണ് ഇര. വനം വകുപ്പ് മന്ത്രി ചാണ്ടി (അലൻസിയർ) മരിക്കുന്നതും ആ കേസിൽ ഡോക്ടർ ആര്യൻ (ഗോകുൽ സുരേഷ്) അറസ്റ്റിലാവുന്നതും ആണ് പ്രധാന കഥാതന്തു. ആര്യൻ നിഷ്കളങ്കനാണ് എന്ന് അയാൾക്ക്‌ ചുറ്റുമുള്ള എല്ലാവരും അവകാശപ്പെടുന്നു. പക്ഷെ അനാഥനായ അയാൾക്ക്‌ വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല. അപ്പോഴാണ് രാജീവ് (ഉണ്ണി മുകുന്ദൻ) എന്ന കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥൻ നാട്ടിൽ എത്തുന്നത്. ചില പ്രത്യേക കാരണങ്ങൾ രാജീവ് ഈ അന്വേഷണത്തിന്റെ ഭാഗമാകുന്നു. തുടർന്ന് ഈ കേസിനു സംഭവിക്കുന്ന മാറ്റങ്ങളും തുടരന്വേഷണവും വിചാരണയും ഒക്കെയാണ് ഇര.

ഒരു കുറ്റാരോപിതന്റെ കഥ എന്ന വൺലൈൻ മുതൽ ആണ് നടി ആക്രമിക്കപ്പെട്ട സംഭവത്തെ ഇര ഓർമിപ്പിക്കുന്നത്. കഥാഗതിയിൽ പ്രത്യക്ഷ സാമ്യം ഒന്നുമില്ല. പക്ഷെ ആ കേസിലെ പല ഘട്ടങ്ങളെ ഉപയോഗിച്ചാണ് പ്ലോട്ട് മുന്നോട്ട് നീങ്ങുന്നത്. എന്തിനാ ചേട്ടാ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നത് എന്ന ദിലീപിന്റെ ചോദ്യം അതേപടി പകർത്തിയതാണ് സിനിമ വീണ്ടും സജീവ ചർച്ചകളിൽ നിന്നത്. ദിലീപിന്റെ അറസ്റ്റിനു കിട്ടിയ മാധ്യമ ശ്രദ്ധ കുറെ സിനിമാക്കാരെ അസ്വസ്ഥരാക്കിയതായി തോന്നിയിട്ടുണ്ട്. പല സിനിമകളിലും ഹാസ്യാത്മകമായി ആ രംഗങ്ങൾ ആവർത്തിച്ചു അയാൾക്ക് പരോക്ഷ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇരയിലും ആ പതിവ് തുടരുന്നുണ്ട്. ഒരേ ടവർ ലൊക്കേഷനിൽ പെട്ടാൽ പ്രതിയാവുമോ സെൽഫിയിൽ പെട്ട് പോയാൽ പ്രതിയാവുമോ തുടങ്ങി ‘അതിനിഷ്കളങ്ക’ ചോദ്യങ്ങൾ ഇര ചോദിക്കുന്നുണ്ട്. മറ്റൊരു സേഫ് സോണിൽ നിൽക്കുന്ന കേസ് വച്ച് നടി ആക്രമിച്ച കേസിലെ കുറ്റാരോപിതനെ ന്യായീകരിക്കും പോലെ തോന്നും ആദ്യ പകുതിയിലെ ചില രംഗങ്ങൾ കണ്ടാൽ. അച്ഛനൊപ്പം പോകുന്ന അമ്മയെ വെറുക്കുന്ന മകളും സേഫ് സോണിൽ നിന്ന് ആ സംഭവങ്ങളെ ഓർമിപ്പിക്കുന്നു. പക്ഷെ പീന്നീട് ആദ്യം പറഞ്ഞതൊക്കെ തിരുത്തി മറ്റെന്തൊക്കെയോ കഥാഗതിയിലേക്ക് കടക്കുന്നുണ്ട്. നടിയെ ആക്രമിച്ചതുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് കാണികളുടെ ആ ആകാംക്ഷയെ കൂടി ഉപയോഗിച്ച് സിനിമ മാർക്കറ്റ് ചെയ്തു എന്ന ഉത്തരം പറയേണ്ടി വരും. ആ കേസിന്റെ വാദ പ്രതിവാദ സാധ്യതകൾ ഉപയോഗിച്ച് മറ്റൊരു കഥ ഫ്രെയിം ചെയ്ത് ആളുകൾ ആ വിഷയം ശ്രദ്ധിക്കുന്ന സമയത്ത് പോസ്റ്റർ പുറത്തിറക്കി. ആ കേസിന്റെ വിചാരണ സമയത്തു അറിഞ്ഞോ അറിയാതെയോ സിനിമ റിലീസ് ആകുകയും ചെയ്തു.

സിനിമയിലേക്ക് വന്നാൽ ക്രാഫ്റ്റിനോ മേക്കിങ്ങിനോ സൂക്ഷ്മ കാഴ്ചകൾക്കോ ഇടമില്ലാതെ കഥാഗതിയിൽ മാത്രമൂന്നി മുന്നോട്ട് പോകുന്ന കുറെ ശരാശരി സിനിമകളിൽ ഒന്നാണ് ഇര. ആദ്യ പകുതിയിൽ പറഞ്ഞതിനെ മൊത്തം അകാരണമായി റദ്ദു ചെയ്യുന്ന രണ്ടാം പകുതി യുക്തിയെ ചോദ്യം ചെയ്യുന്നുമുണ്ട്. അനാവശ്യമായ കുറെ കഥാപാത്രങ്ങൾ സിനിമയുടെ തുടർച്ചക്ക് ആവശ്യമില്ലാതെ വെറുതെ നീളം കൂട്ടാനായി വന്നു പോകുന്നുണ്ട്. സിനിമ ആദ്യം പറഞ്ഞ കുറ്റാരോപിതന്റെ കഥ എന്ന ബിൽഡ് ആപ്പിനെ മൊത്തം പൊളിച്ചെഴുതി രണ്ടാം പകുതി അർത്ഥമില്ലാതാകുന്നു. ഒരേ താളത്തിൽ തുടങ്ങി അവസാനിക്കുന്ന ത്രില്ലർ ആണ് എന്നും പറയാം. പ്രേക്ഷകർ ഊഹിക്കാത്ത എന്തൊക്കെയോ കാണിക്കാൻ ബദ്ധപ്പെടുന്നത് പോലെ തോന്നും സിനിമയിലെ ചില രംഗങ്ങൾ കണ്ടാൽ. ഗോകുൽ സുരേഷിന്റെ വേഷപകർച്ച ദയനീയം ആയി തോന്നി. ഒരുപാട് പോലീസുകാരും മാധ്യമ പ്രവർത്തകരും ക്യാമറകളും നിറഞ്ഞ സ്ഥലത്തു നിന്നും പ്രതി രക്ഷപ്പെടുന്നതും നായകനെ മാത്രം വലിയ വില്ലൻ സംഘം കൊല്ലാതെ വിടുന്നതും ഒക്കെ വിചിത്രമായി തോന്നി. അത്തരം യുക്തികളൊന്നും സിനിമയിൽ ഒരിടത്തും ഇല്ല. കുറെയധികം പെൺകുട്ടികളെ കാഴ്ച വസ്തുക്കളെ പോലെ അനാവശ്യമായി നിരത്തിയിരിക്കുന്നു.

എന്തായാലും നടി ആക്രമിച്ച കേസ് ഉപയോഗിച്ച് മാർക്കറ്റ് ചെയ്തു, ആ കേസ് ഹിസ്റ്ററിയിലെ സംഭവങ്ങളെ മറ്റൊരു കഥാഗതിയുമായി ചേർത്ത് ഉപയോഗിക്കാൻ ശ്രമിച്ച ഒരു സിനിമയാണ് ഇര. യുക്തിയുടെ പൂർണമായ അഭാവമുള്ള ഒരു ത്രില്ലർ കൂടിയാണ് ഈ സിനിമ. ഈ രണ്ടു ഘടകങ്ങളും ഈ സിനിമ കാണാൻ പ്രേരിപ്പിക്കുന്നെങ്കിൽ ധൈര്യം സംഭരിച്ചു തീയറ്ററിൽ പോകുക.

ഒരു ത്രില്ലര്‍ സിനിമയുടെ സസ്‌പെന്‍സും ക്ലൈമാക്‌സും തുറന്നെഴുതുന്ന നിരൂപണം, ഇത് ഷണ്ഡത്വമാണ്; മാതൃഭൂമിക്കെതിരേ ആഞ്ഞടിച്ച് വൈശാഖും ഉദയകൃഷ്ണയും

ഇനി മുതല്‍ കക്കൂസില്‍ ഉപയോഗിക്കാനുള്ള ടിഷ്യു പേപ്പര്‍; ഇരയുടെ നിരൂപണത്തില്‍ മാതൃഭൂമിക്കെതിരേ സിനിമാലോകം

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:

This post was last modified on March 17, 2018 1:44 pm