X

ലാല്‍ ജോസിന്റെ പുതിയ ചിത്രം ‘നാല്‍പത്തിയൊന്ന്’; സിനിമയുടെ പ്രമേയം ശബരിമലയോ?

'നാല്‍പത്തിയൊന്ന്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജുമേനോനും നിമിഷയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ലാൽ ജോസ് സംവിധാനം ചെയ്യുന്ന 25-ാമത്തെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ‘നാല്‍പത്തിയൊന്ന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജുമേനോനും നിമിഷയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുല്യപ്രാധാന്യമുളള കഥാപാത്രങ്ങളായി പുതിയ ഒരു നായകനും നായികയും കൂടി അരങ്ങേറ്റം കുറിക്കുന്നുണ്ട് എന്നാണ് റിപോർട്ടുകൾ.

സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന ചിത്രത്തിന് കണ്ണൂരിലെ സാമൂഹ്യ ജീവിതമാണ് പശ്ചാത്തലമാകുന്നത്. നവാഗതനായ പി.ജി.പ്രഗീഷിന്റേതാണ് തിരക്കഥ.

ചിത്രത്തിന് ശബരിമല വിഷയവുമായി ബന്ധമുണ്ടെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ കമന്റുകൾ ഉയർന്നിരുന്നു. നാല്‍പ്പത്തിയൊന്ന് എന്ന പേര് നാല്‍പ്പത്തിയൊന്ന് ദിവസത്തെ മണ്ഡല വ്രതമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ധ്യാനലീനനായിരിക്കുന്ന ശബരിമല അയ്യപ്പനുമായി സാമ്യമുള്ള രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റിലായ 41 എഴുതിയിരിക്കുന്നത്. ഇതും ചിത്രത്തിന് ശബരിമലയുമായി ബന്ധമുണ്ടെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സംവിധായകന്‍ പുറത്ത് വിട്ടിട്ടില്ല.

ഛായാഗ്രഹണം: എസ്.കുമാര്‍. സംഗീതം: ബിജിബാല്‍. ഗാനരചന: റഫീഖ് അഹമ്മദ്, കലാസംവിധാനം: അജയന്‍ മാങ്ങാട്. എഡിറ്റിങ്: രഞ്ജന്‍ എബ്രഹാം.

This post was last modified on March 25, 2019 6:38 am