ശ്രീനിവാസന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വടക്കു നോക്കിയന്ത്രം. അതിലെ കഥാപാത്രങ്ങളായിരുന്നു തളത്തില്‍ ദിനേശനും ശോഭയും. സംശയരോഗമുള്ള, എന്നാല്‍ ആത്മവിശ്വാസം തീരെയില്ലാത്ത ഭര്‍ത്താവായി ശ്രീനിവാസനും ദിനേശന്റെ സുന്ദരിയായ ഭാര്യയായി പാര്‍വതിയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു വടക്കു നോക്കിയന്ത്രം.
വർഷങ്ങൾക്ക് ശേഷം ദിനേശനും ശോഭയും വീണ്ടുമെത്തുകയാണ്.
ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളിയും നയന്‍ താരയും തളത്തിൽ ദിനേശനും ശോഭയും ആകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കയാണ് സംഗീത സംവിധായകന് ഷാന്‍ റഹ്മാന്.
പേരുകള്‍ പഴയതെങ്കിലും പുതിയ കാലഘട്ടത്തിലെ ഭാര്യാഭര്ത്താക്കന്മാരായാണ് നിവിനും നയന്‍സും ചിത്രത്തിലെത്തുന്നത്. ശ്രീനിവാസന്, മല്ലിക സുകുമാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അജു വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒപ്പം മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്, ദീപക് പറമ്പോല്‍ എന്നിവര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്.