X

ലോകത്തെ തിരിച്ചറിയാന്‍ എല്ലാവര്‍ക്കും കാന്‍സര്‍ വരേണ്ട കാര്യമില്ല; തുറന്നു പറഞ്ഞ് മനീഷ കൊയിരാള

സഞ്ജയ് ദത്തിന്റെ ആത്മകഥാപരമായ ചിത്രത്തില്‍ നര്‍ഗ്ഗീസ് ദത്തിന്റെ വേഷം ചെയ്തുകൊണ്ടിരിക്കുകയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയ മനീഷ

ഒരിക്കല്‍ താരപ്രഭയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നിന്നയാളാണ് മനീഷ കൊയിരാള. പക്ഷെ കാന്‍സര്‍ എന്ന അസുഖം ബാധിച്ചതോടെ ജീവിതത്തിനും മരണത്തിനുമുടയിലുള്ള പോരാട്ടത്തിലേക്ക് അവര്‍ പെട്ടെന്ന് എടുത്തെറിയപ്പെട്ടു. അപ്പോള്‍ ചുറ്റും തിളങ്ങുന്ന വെളിച്ചങ്ങളും ചിരിക്കുന്ന സുഹൃത്തുക്കളും ആര്‍പ്പുവിളിക്കുന്ന ആരാധകരും ഉണ്ടായിരുന്നില്ല. ഒരു നിര്‍മ്മാതാവും അവരുടെ ഡേറ്റിന് വേണ്ടി വീടിന് വെളിയില്‍ ക്യൂ നിന്നില്ല. പക്ഷെ, നിലനില്‍പ്പിന് വേണ്ടിയുള്ള ആ പോരാട്ടത്തില്‍ സ്വന്തം ഇച്ഛാശക്തികൊണ്ട് അവര്‍ വിജയം നേടി. ഇപ്പോള്‍ വീണ്ടും ബോളിവുഡില്‍ പിച്ചവെക്കുകയാണ് ഒരുകാലത്ത് ലക്ഷങ്ങള്‍ ഒന്നു കാണുന്നതിന് വേണ്ടി മാത്രം കാത്തുനിന്നിരുന്ന ഈ താരം.

ജീവിതത്തിലെ വലിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ അസുഖ കാലത്തെ കുറിച്ചും അതിജീവനത്തെക്കുറിച്ചുമൊക്കെ അവര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് മനസ് തുറന്നു. ഹൃദയസ്പര്‍ശിയായ വാക്കുകളായിരുന്നു ആ അഭിമുഖത്തില്‍ ഉടനീളം ഉതിര്‍ന്ന് വീണത്. ‘യഥാര്‍ത്ഥത്തില്‍ അത് വളരെ വേദനാജനകമാണ്, വീഴ്ചയുടെ ഒരു കാലത്തിലൂടെ കടന്നുപോവുക എന്ന പ്രക്രിയ,’ എന്ന് കാന്‍സര്‍ കാലത്തെ കുറിച്ച് അവര്‍ പറയുന്നു.

ഇത്തരം ഘട്ടങ്ങളില്‍ ഒറ്റപ്പെടുക സ്വാഭാവികമാണെന്ന് രോഗകാലത്തെ സുഹൃത്തുക്കളുടെ അസാന്നിധ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അവര്‍ പറഞ്ഞു. ഇത് ബോളിവുഡിലെ മാത്രം കാര്യമല്ല. ലോകത്തില്‍ എല്ലായിടത്തുമുള്ള യാഥാര്‍ത്ഥ്യമാണ്. ഉയരങ്ങളിലേക്ക് പോകുമ്പോഴും നാം താഴ്ചയിലേക്ക് തന്നെ വരേണ്ടതുണ്ട് എന്ന ലോകസത്യം തിരിച്ചറിഞ്ഞതിനാല്‍ ഇപ്പോള്‍ ഒന്നും വ്യക്തിപരമായി എടുക്കാറില്ലെന്ന് മനീഷ പറയുന്നു. എന്ത് സംഭവിച്ചാലും പക്വതയോടെ നേരിടണം എന്നതാണ് ഇക്കാലത്ത് പഠിച്ച വലിയ പാഠം. പക്ഷെ രോഗബാധയുടെ സമയത്ത് താന്‍ ഇത്രയും പക്വത കൈവരിച്ചിരുന്നില്ലെന്നും അതിനാല്‍ തന്നെ ദുഃഖിതയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

എല്ലാവരും ഒരു ദിവസം മരിക്കേണ്ടവരാണ്. പ്രശസ്തി കുറച്ച് കാലം കഴിയുമ്പോള്‍ നഷ്ടപ്പെടും. ആളുകള്‍ക്ക് നിങ്ങളിലുള്ള താല്‍പര്യം കുറയും. ആ പ്രശസ്തി എന്നും നിലനില്‍ക്കും എന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമാണ്. ജോലിയോട് ആത്മാര്‍പ്പണവും പുലര്‍ത്തുക മാത്രമാണ് ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്.

ജീവന്‍ നഷ്ടപ്പെടും എന്ന അവസ്ഥയുമായി താരതമ്യം ചെയ്യാവുന്ന മറ്റൊരു അനുഭവവുമില്ലെന്നും മരണം നിങ്ങളുടെ മുന്നിലുണ്ടെന്ന തിരിച്ചറിവ് വല്ലാത്ത ഒരു വികാരമാണെന്നും അവര്‍ പറയുന്നു. മോശം സമയങ്ങള്‍ ചിലപ്പോള്‍ നമ്മെ തകര്‍ത്തുകളയും. എന്നാല്‍ മോശം കാലങ്ങള്‍ നമ്മെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കും. ചില കാര്യങ്ങള്‍ നേടുന്നതിന് ചിലവ നഷ്ടപ്പെടുത്തേണ്ടി വരും. ആരൊക്കെയാണ് എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളെന്ന് ഈ കാലഘട്ടത്തിലാണ് തനിക്ക് വ്യക്തമായത്. ചില പാഠങ്ങള്‍ കൈപ്പേറിയതാണ്. പക്ഷെ അവ പിന്നീടൊരിക്കലും മറക്കില്ല. അതുകൊണ്ട് അത്തരം പാഠങ്ങളെ നിധികള്‍ എന്ന് വിളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മനീഷ പറഞ്ഞു.

രോഗം ഭേദമായ ശേഷം തന്റെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ അവര്‍ എപ്പോഴും ശ്രമിക്കാറുണ്ട്. എന്റെ വേദനകള്‍ കൊണ്ട് മറ്റുള്ളവരെ ബോധവല്‍ക്കരിക്കാന്‍ സാധിക്കുമെങ്കില്‍ അത് നല്ല കാര്യമല്ലേയെന്ന് അവര്‍ ചോദിക്കുന്നു. ലോകത്തെ തിരിച്ചറിയാന്‍ എല്ലാവര്‍ക്കും കാന്‍സര്‍ വരേണ്ട കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആളുകളെ പ്രചോദിപ്പിക്കേണ്ടത് തന്റെ കടമായയാണ് കരുതുന്നത്.

ഇനി ഒരു നടിയായി മാത്രം അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. അഭിനയത്തോടൊപ്പം ധാരാളം സിനിമകള്‍ കാണാനും, എഴുതാനും വായിക്കാനും വ്യത്യസ്തരായ ആളുകളെ കാണാനും സമയം കണ്ടെത്തും. എല്ലാവരെയും ആശ്ലേഷിക്കാനും തന്റെ ഉള്ളിലുള്ള സ്‌നേഹം പകര്‍ന്നു നല്‍കാനും തോന്നുന്നതായും മനീഷ പറഞ്ഞു. തന്റെ വേദനകള്‍ കണ്ടു നില്‍ക്കാനുള്ള കരുത്തില്ലാത്തതു കൊണ്ടാണ് സുഹൃത്തുക്കളില്‍ പലരും രോഗസമയത്ത് അകന്ന് നിന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

പുതുമുഖ നടികള്‍ വളരെ പ്രൊഫഷണലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണെന്ന് മനീഷ പറഞ്ഞു. അലിയ ഭട്ട്, കങ്കണ റനൗട്ട്, ദീപിക പദുക്കോണ്‍ എന്നിവരുടെ പേരുകള്‍ അവര്‍ എടുത്തുപറഞ്ഞു. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നവരാണ് അവരെന്നാണ് മനീഷയുടെ അഭിപ്രായം. സഞ്ജയ് ദത്തിന്റെ ആത്മകഥാപരമായ ചിത്രത്തില്‍ നര്‍ഗ്ഗീസ് ദത്തിന്റെ വേഷം ചെയ്തുകൊണ്ടിരിക്കുകയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയ മനീഷ കൊയിരാള.

This post was last modified on May 11, 2017 11:24 am