X

സെക്‌സി ദുര്‍ഗയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്; മുംബൈ ഫിലിം ഫെസ്റ്റിവലില്‍ നിന്നും ഒഴിവാക്കി

തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നല്‍കി

ഐഎഫ്എഫ്‌കെയില്‍ മലയാള സിനിമ വിഭാഗത്തില്‍ മാത്രം ഉള്‍പ്പെടുത്തി അവഗണിച്ച സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ മാമി മുംബെ ഫിലിം ഫെസ്റ്റിവലില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ചിത്രത്തിന്റെ പേരില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സനല്‍ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. സെക്‌സി ദുര്‍ഗ എന്ന പേര് ഒരു പ്രത്യേക മത വിഭാഗത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്നാണ് മന്ത്രാലയത്തിന്റെ നിരീക്ഷണം.

ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കമാണെന്നും താന്‍ ഇതിനെതിരെ പോരാടുമെന്നും സനല്‍ പറയുന്നു. ഇന്ത്യ ഗോള്‍ഡ് എന്ന വിഭാഗത്തിലാണ് ഈ ചിത്രത്തിനെ പരിഗണിച്ചിരുന്നത്. കേരളത്തില്‍ നിന്നു മാത്രമാണ് തനിക്കും ചിത്രത്തിനും അവഗണന നേരിടുന്നതെന്നും മന്ത്രാലയത്തിന്റെ നടപടിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ സമരത്തിനൊരുങ്ങിയിരിക്കുകയാണെന്നും സനല്‍ പറയുന്നു. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടും ചിത്രം കേരളത്തില്‍ അവഗണിക്കപ്പെടുകയായിരുന്നുവെന്ന് പരാതിയുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്രമന്ത്രാലയവും ചിത്രത്തിന്റെ പേരിനെ ചൊല്ലി നടപടിയെടുത്തിരിക്കുന്നത്. ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പ്രദര്‍ശന അനുമതി ആവശ്യമാണ്. നേരത്തെ നാല് ഡോക്യുമെന്ററികള്‍ക്ക് കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മന്ത്രാലയം അനുമതി നിഷേധിച്ചട്ടുണ്ട്.

അതേസമയം ഇത് സാംസ്‌കാരിക അടിയന്തരാവസ്ഥയാണെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി മനോജ് കുമാര്‍ അഴിമുഖത്തോട് പറഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ കാലത്താണ് പി എ ബക്കര്‍ സംവിധാനം ചെയ്ത കബനീനദി ചുവന്നപ്പോള്‍ എന്ന സിനിമയ്ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. സാംസ്‌കാരികമായി അതിനേക്കാള്‍ രൂക്ഷമായ അടിയന്തരാവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ഇപ്പോള്‍ സെക്‌സി ദുര്‍ഗയ്ക്ക് അനുമതി നിഷേധിച്ചതിലൂടെ തെളിഞ്ഞിരിക്കുന്നത്. ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മന്ത്രാലയത്തിന്റെ അനുമതി തേടുമ്പോള്‍ 150ഓളം ചിത്രങ്ങളുടെ ലിസ്റ്റ് ആണ് അയയ്ക്കുന്നത്. അവര്‍ അത് കണ്ടിട്ടുപോലും ആയിരിക്കില്ല അനുമതി നല്‍കുന്നതും നിഷേധിക്കുന്നതും. സെക്‌സി ദുര്‍ഗ സെന്‍സര്‍ ബോര്‍ഡിന്റെ മുന്നില്‍ പോലും എത്തിയിട്ടില്ല. ആകെ അവര്‍ക്ക് ഈ ചിത്രത്തെക്കുറിച്ച് അറിയാവുന്നത് സെക്‌സി ദുര്‍ഗ എന്ന പേര് മാത്രമാണ്. അത് ആരെയോ വേദനിപ്പിക്കുന്നുവെന്നതിന് തെളിവാണ് ഈ അനുമതി നിഷേധിക്കല്‍. ഇത് യഥാര്‍ത്ഥത്തില്‍ അപ്രഖ്യാപിത സെന്‍സര്‍ഷിപ്പിന്റെ ലക്ഷണം തന്നെയാണ്. ഇത് സിനിമയില്‍ മാത്രമല്ല, പല മേഖലകളിലും ഇപ്പോള്‍ പതിവായിരിക്കുന്നു. അക്കാദമിക സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി ശക്തമായ ഇടപെടലുകളുണ്ട്. അതിനെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ലെന്നും മനോജ് കുമാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഇരുപത് വര്‍ഷമായി സെക്‌സി ദുര്‍ഗ പോലെ അംഗീകരിക്കപ്പെട്ട മറ്റൊരു ഇന്ത്യന്‍ സിനിമയില്ല. ഇന്ത്യന്‍ സിനിമയ്ക്കും മലയാള സിനിമയ്ക്കും അഭിമാനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രത്തിനാണ് പേരിന്റെ പേരിലും മതവികാരത്തിന്റെ പേരിലും ഇവിടെ അനുമതി നിഷേധിക്കപ്പെടുന്നത്. മറ്റു രാജ്യങ്ങളില്‍ ആശ്ലേഷിക്കപ്പെടുമ്പോള്‍ സ്വന്തം നാട്ടില്‍ അവഗണിക്കപ്പെടുന്നത് ഏതൊരു കലാരൂപത്തിനാണെങ്കിലും അത് നല്ലതല്ല.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on October 1, 2017 6:52 pm