X

പ്രണവ് മോഹന്‍ലാലിനെ ഇടി പഠിപ്പിക്കാന്‍ പീറ്റര്‍ ഹെയ്ന്‍

രാമലീലക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപി ഒരുക്കുന്ന പ്രണവ് ചിത്രത്തിലാണ് പീറ്റര്‍ ഹെയ്ന്‍ വീണ്ടും മലയാളത്തിലെത്തുന്നത്.

അസാമാന്യ സംഘട്ടന രംഗങ്ങളുമായെത്തിയ മോഹന്‍ലാലിന്റെ പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്ന്‍ പ്രണവ് മോഹന്‍ലാലുമായി കൈകോര്‍ക്കുന്നു. ദിലീപ് ചിത്രം രാമലീലക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപി ഒരുക്കുന്ന പ്രണവ് ചിത്രത്തിലാണ് പീറ്റര്‍ ഹെയ്ന്‍ വീണ്ടും മലയാളത്തിലെത്തുന്നത്. പുതിയ ചിത്രത്തിലും ആക്ഷന്‍ ഡയറക്ടറായി പീറ്റര്‍ ഹെയ്ന്‍ എത്തുന്നതോടെ പ്രണവിന്റെ മികച്ച ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പുലിമുരുകനും രാമലീലയ്ക്കും ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം.

അതേസമയം, ഈ മാസം ഒമ്പതിന് എറണാകുളം ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ പൂജ നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന് ഇതുവരെയും പേരിട്ടില്ല. അഭിനന്ദ് രാമാനുജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. ഗോപി സുന്ദറിന്റേതാണ് സംഗീതം. ജൂലൈ അവസാന വാരത്തോടെ വാരംപാല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമക്ക് ഗോവയും ലൊക്കേഷനാവും.