X

ഗാനങ്ങൾക്കിടയിൽ സംഭാഷണങ്ങള്‍ കുത്തിനിറയ്ക്കുന്നത് ശരിയല്ല; വിമർശനവുമായി പി ജയചന്ദ്രന്‍

'ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക സിനിമകളിലെ പാട്ടുകളിലും ആദ്യ നാലു വരികള്‍ കഴിഞ്ഞാല്‍ പിന്നെ സംഭാഷണങ്ങളാണ്. പല ഭാഗങ്ങളായാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ ഈ ഗാനങ്ങളെത്തുന്നത്'

സിനിമാ ഗാനങ്ങൾക്കിടയിൽ സംഭാഷണങ്ങൾ ഉൾപെടുത്തുന്നതിനെ വിമർശിച്ച് ഗായകന്‍ പി ജയചന്ദ്രന്‍. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക സിനിമകളിലെ പാട്ടുകളിലും ആദ്യ നാലു വരികള്‍ കഴിഞ്ഞാല്‍ പിന്നെ സംഭാഷണങ്ങളാണ്. പല ഭാഗങ്ങളായാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ ഈ ഗാനങ്ങളെത്തുന്നത്. അതിനാല്‍ പല പാട്ടുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ഈ പ്രവണത നല്ലതാണെന്നു തോന്നിയിട്ടില്ലെന്നും ജയചന്ദ്രന്‍ അഭിപ്രായപ്പെടുന്നു. പാട്ടുകളുടെ പ്രശസ്തിയെ ഇതു ബാധിക്കുന്നുണ്ട്. ഈയിടെ താന്‍ പാടിയ പല പാട്ടുകളിലും ഈ പ്രവണത കാണുന്നുണ്ടെന്നും എന്നാല്‍ ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന ഈ പുതിയ ചിത്രത്തില്‍ അതില്ലെന്നും ഗാനങ്ങള്‍ മുഴുവനായിത്തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനും സന്തോഷ് വര്‍മ്മയും ചേര്‍ന്നാണ്. സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പുതുമുഖമായ അഖില്‍ പ്രഭാകറാണ് നായകനായി എത്തുന്നത്. ചിത്രം ജൂലൈയിൽ പ്രദർശനത്തിനെത്തും.

This post was last modified on June 13, 2019 12:50 pm