X

മലപ്പുറത്ത് മരിച്ച കുട്ടിക്ക് ഡിഫ്ത്തീരിയയെന്ന് സ്ഥിരീകരണം, അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ

കുട്ടിക്ക് രോഗപ്രതിരോധകുത്തിവയ്പ്പ് എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു.

മലപ്പുറം എടപ്പാളിൽ ആറു വയസുകാരൻ മരിച്ചത് ഡിഫ്ത്തീരിയ ബാധിച്ചെന്ന് സ്ഥിരീകരണം. തവനൂർ സ്വദേശിയായ കുട്ടി കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്. കുട്ടിക്ക് രോഗപ്രതിരോധകുത്തിവയ്പ്പ് എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു.

അതേസമയം, രോഗബാധ സ്ഥിരീകരിച്ചതോടെ കുട്ടിയുമായി അടുത്ത് ഇടപഴകിയവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പുതിയ സംഭവത്തിന്റെ അടിസ്ഥാനത്തിൽ എടപ്പാളിലെ തവനൂരിലും സമീപത്തെ സ്കൂളുകളിലും അടിയന്തരമായി വാക്സിനേഷൻ നൽകാൻ നീക്കം തുടങ്ങി. ചൊവ്വാഴ്ചയാണ് ഡിഫ്ത്തീരിയ ബാധിച്ച് കുട്ടി മരിക്കുന്നുന്നത്. പൊന്നാനി സർക്കാർ ആശുപത്രിയിലായിരുന്നു കൂട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് രോഗം മുർച്ഛിച്ചതിനെ തുടർന്ന് തൃശ്ശൂൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

ജൂണ്‍ ഒമ്പതാം തീയതിയാണ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കുട്ടിക്ക് ബി.സി.ജി കുത്തിവയ്പ്പ് മാത്രമാണ് എടുത്തിരുന്നത്. ജനനസമയം മുതല്‍ അഞ്ചുവയസ്സുവരെ പല ഘട്ടങ്ങളായി നല്‍കേണ്ട ഡിപിടി കുത്തിവയ്പ്പാണ് ഡിഫ്തീരിയയെ പ്രതിരോധിക്കുന്നത്. ഈ കുത്തിവയ്പ്പ് എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകപ്പിന്റെ വിലയിരുത്തൽ. എടപ്പാള്‍ പഞ്ചായത്തിലെ അംഗങ്ങളാണെങ്കിലും, കുട്ടിയുടെ കുടുംബം പലയിടങ്ങളിലായി മാറി മാറിയാണ് താമസിച്ചിരുന്നത്. വീടുകള്‍ ഇടയ്ക്കിടെ മാറുന്നതിനാലാകാം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇവരെ കണ്ടെത്തി കുത്തിവയ്പ്പ് എടുപ്പിക്കാനാകാതെ പോയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ പക്ഷം. എന്നാല്‍, രോഗബാധയുണ്ടായിരിക്കുന്നത് പൊന്നാനി മുനിസിപ്പാലിറ്റി പരിധിയില്‍ വച്ചാണെന്നും, എടപ്പാളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവര്‍ താരതമ്യേന കുറവാണെന്നുമാണ് എടപ്പാള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രതികരിച്ചത്.

എടപ്പാളിലെ പൊറൂക്കരയിലായിരുന്നു കുടുംബം ഏറെക്കാലം താമസിച്ചിരുന്നത്. അടുത്തിടെയാണ് പൊന്നാനിയില്‍ ചമ്രവട്ടത്തുള്ള ലോഡ്ജിലേക്ക് താമസം മാറിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. ‘വാക്‌സിനേഷന്‍ എടുക്കാന്‍ മടിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട്. അത് സത്യമാണ്. എന്റെ വാര്‍ഡില്‍ത്തന്നെ രണ്ടു കുടുംബങ്ങളുണ്ട് ഇങ്ങനെ എടുക്കാന്‍ മടിക്കുന്നവരായിട്ട്. ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും പല തവണ പോയിക്കണ്ട് സംസാരിച്ചിരുന്നെങ്കിലും ഇവർ തയ്യാറായിരുന്നില്ല. ജില്ലയുടെ പല ഭാഗങ്ങളിലും പ്രതിരോധ കുത്തിവയ്പ്പിനെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ തന്നെ ഉയര്‍ന്നിരുന്നു. മതപരമായ വിശ്വാസം പോലുള്ള പല കാരണങ്ങളാല്‍ കുത്തിവയ്പ്പില്‍ നിന്നും വിട്ടു നിന്നവരുടെ എണ്ണം മലപ്പുറത്ത് താരതമ്യേന കൂടുതലായിരിക്കേയാണ് ഡിഫ്തീരിയ കഴിഞ്ഞ മാസങ്ങളില്‍ ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ഒരു മരണം കൂടി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു

 

This post was last modified on June 13, 2019 12:54 pm