X

മൈ സ്റ്റോറി; ഒരു അര്‍ബന്‍ റൊമാന്റിക് കോമഡി; വീണ്ടും വിസ്മയിപ്പിച്ച് പാര്‍വതി

സിനിമയിലെ നായികയായ പാർവതിയുടെ പൊതുവിഷയങ്ങളിലെ നിലപാടുകളോടുള്ള എതിര്‍പ്പ് സിനിമയെ ആവുംവിധം പരാജയപ്പെടുത്താനാണ് ഒരു സംഘം തീരുമാനിച്ചത്.

ഒരുപാടു പ്രതിസന്ധികൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് മൈ സ്റ്റോറി തീയേറ്ററുകളിലെത്തുന്നത്. റോഷ്നി ദിനകർ എന്ന പുതുമുഖ സംവിധായിക ഈ സിനിമയിലൂടെ മലയാളത്തിലെത്തുന്നു. ബോളിവുഡിലേയും സാൻഡൽവുഡിലേയും പ്രശസ്തയായ കോസ്റ്റ്യൂം ഡിസൈനര്‍ കൂടിയാണ് റോഷ്നി. പതിനഞ്ചു വർഷത്തെ അനുഭവപരിചയമുണ്ട്. പക്ഷെ സൈബർ ആക്രമണം അടക്കം നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് സിനിമ തീയേറ്ററിലെത്തുന്നത്. സിനിമയിലെ നായികയായ പാർവതിയുടെ പൊതുവിഷയങ്ങളിലെ നിലപാടുകളോടുള്ള എതിര്‍പ്പ് സിനിമയെ ആവുംവിധം പരാജയപ്പെടുത്താനാണ് ഒരു സംഘം തീരുമാനിച്ചത്. അത്തരമൊരു വെല്ലുവിളി നേരിട്ട സിനിമ എന്ന സവിശേഷ ശ്രദ്ധ ഓരോ ഘട്ടത്തിലും മൈ സ്റ്റോറി നേടിയിരുന്നു. എന്നു നിന്റെ മൊയ്തീനു ശേഷം പാർവതിയും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയാണ് മൈ സ്റ്റോറി. അന്തർദേശീയ ശ്രദ്ധ നേടിയ ടേക്ക് ഓഫിലെ പ്രകടനത്തിനു ശേഷം പാർവതി അഭിനയിച്ച് പുറത്തിറങ്ങുന്ന മലയാള സിനിമ കൂടിയാണിത്‌.

ജയകൃഷ്ണൻ (പൃഥ്വിരാജ്) ഒരു സിനിമ നടനാവാൻ മോഹിച്ചു നടക്കുന്ന ചെറുപ്പക്കാരനാണ്. നിരന്തര ശ്രമത്തിനൊടുവിൽ അയാൾ ഒരു വലിയ പ്രൊജക്റ്റിന്റെ ഭാഗമാവുന്നു. ഇതോടെ ജയ് എന്ന പേരയാൾ സ്വീകരിക്കുന്നു. അന്ന് ഇന്ത്യയിലെ സ്വപ്ന സുന്ദരിമാരിൽ ഒരാളായ താര (പാർവതി) ആയിരുന്നു അനുയാത്ര എന്ന ആ സിനിമയിലെ നായിക. പോർച്ചുഗലിൽ വച്ചായിരുന്നു ആ സിനിമയുടെ ഷൂട്ടിങ്ങ്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ജയ്ക്കും താരക്കുമിടയിൽ രൂപപ്പെടുന്ന സവിശേഷമായ ബന്ധവും ഇരുപത് വർഷങ്ങൾക്കിടയിൽ ആ ബന്ധത്തിനു സംഭവിക്കുന്ന വിചിത്രമായ പരിണാമങ്ങളുമൊക്കെയാണ് സിനിമ. സിനിമയേക്കാൾ വിചിത്രമായ കഥയാണ് ജയ്-യുടെയും താരയുടെയും പ്രണയം.

ട്രെയിലറും മറ്റും സൂചിപ്പിക്കുന്ന പോലെ റൊമാന്റിക്ക് കോമഡി വിഭാഗത്തിൽ പെട്ട സിനിമയാണ് മൈ സ്റ്റോറി. ഭൂഗോളം മൊത്തം കഥകളാൽ നിർമിക്കപ്പെട്ടിരിക്കുന്നു എന്ന കവി വചനത്തെ ഓർമിപ്പിക്കുന്നു സിനിമയുടെ ടൈറ്റിൽ. പ്രിത്വിരാജിന്റെ ശബ്ദത്തിലുള്ള വിവരണത്തിലാണ് സിനിമ മുന്നോട്ടു പോകുന്നത്. ജയും താരയും മാത്രമാണ് മുക്കാൽഭാഗത്തിലധികം സിനിമയിലുള്ളത്. ബോളിവുഡിൽ സാധാരണമാണെങ്കിലും മലയാളത്തിൽ ഈ ഗണത്തിലുള്ള സിനിമകൾ കുറവാണ്. സിനിമക്കെതിരെ ഉയർന്നു വന്ന ഒരു പ്രധാന ആരോപണം പ്രശസ്ത ബോളിവുഡ് സിനിമ തമാശയുമായുള്ള സാമ്യമായിരുന്നു. സംവിധായിക പൂർണമായും ആ ആരോപണത്തെ നിഷേധിച്ചിരുന്നു. പ്രകടമായി സാമ്യമൊന്നുമില്ലെങ്കിലും സിനിമയുടെ മൂഡ് പലപ്പോഴും തമാശയെ ഓർമിപ്പിക്കുന്നു. ജയും താരയും ലക്ഷ്യമില്ലാതെ അലയുന്ന ചില രംഗങ്ങൾ ഉദാഹരണമാണ്. താരങ്ങളും സഹതാരങ്ങളുമൊക്കെ കൊണ്ട് സമ്പന്നമായ ഇടമാണ് പൊതുവെ മലയാള സിനിമ. അവിടെ നായകനും നായികയും ചേർന്നു മുന്നോട്ടു നയിക്കുന്ന ഒരു തിരക്കഥ ഒരു പരീക്ഷണം തന്നെയാണ്. ഉറുമിക്കും നത്തോലി ഒരു ചെറിയ മീനല്ല സിനിമയ്ക്കും ശേഷം ശങ്കർ രാമകൃഷ്ണൻ ഒരു വ്യത്യസ്ത പരീക്ഷണമൊരുക്കിയ തിരക്കഥ കൂടിയാണ് ആ നിലയ്ക്ക് മൈ സ്റ്റോറി.

Read More: My Story സംവിധായിക റോഷ്നി ദിനകറിനു പറയാനുള്ളത്/അഭിമുഖം

ചേതൻ ഭഗതിന്റെ നോവലുകളിലൂടെ, ചില ബോളിവുഡ് സിനിമകളിലൂടെ ഒക്കെ കണ്ടു ശീലിച്ച നഗരവത്കൃത പ്രണയങ്ങളുണ്ട്. വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കുന്ന, ഏതു ഗ്രാമീണനും പരിഷ്കൃത ഭാഷ സംസാരിക്കുന്ന ചില പ്രണയങ്ങൾ. മൈ സ്റ്റോറി ഏറിയും കുറഞ്ഞും അത്തരമൊരു സിനിമയാണ്. അതിവൈകാരികതകളിലൂടെ കടന്നു പോകുമ്പോഴും ജനസാമാന്യത്തിന് ആ വഴികൾ ഒരു അപരിചിതത്വം ഉണ്ടാക്കും. ആ അപരിചിതത്വം മൈ സ്റ്റോറിയിലും ചിലയിടത്തെങ്കിലും കാണാം. കഥാപാത്രങ്ങളുടെ വൈകാരികത പ്രേക്ഷകരെ തൊടാതെ ഉപരിപ്ലവമായി കടന്നു പോകും പോലെ തോന്നി. വളരെയടുപ്പമുള്ള രണ്ടു മനുഷ്യർ സംസാരിക്കും പോലെ പലപ്പോഴും ജയ്-യുടേയും താരയുടേയും സംഭാഷണങ്ങൾ തോന്നിച്ചില്ല. പോർച്ചുഗലിലെ അന്തരീക്ഷവും മലയാളി പ്രേക്ഷകർക്ക് കൗതുകത്തേക്കാൾ അപരിചിതത്വം ആയിരിക്കും ഉണ്ടാക്കിയിരിക്കുക. വെൻ ഹാരി മെറ്റ് സേ ജൽ അടക്കമുള്ള ഇംതിയാസ് അലി സിനിമകളുടെ സ്വാധീനവും മൈ സ്റ്റോറിയിലെ പാത്ര നിർമിതിയിൽ കടന്നു വന്നിട്ടുണ്ട്. നിറങ്ങളും കാഴ്ചകളുമെല്ലാം ബോളിവുഡ് സെറ്റിങ്ങിനെ ഓർമിപ്പിക്കും. പൃഥ്വിരാജിൽ ഇടയ്ക്കെല്ലാം അതിനാടകീയത കടന്നു വന്നപ്പോൾ പാർവതി പതിവു പോലെ മനോഹരമായി താരയും ഹിമയുമായി. രണ്ടു കാലത്തെ തീർത്തും വിഭിന്നരായ രണ്ടുപേര്‍ അവരിൽ ഭദ്രമായിരുന്നു.

ആത്മാവില്ലാതായി തോന്നി ചിലയിടങ്ങളിലെങ്കിലും സിനിമയ്ക്ക് . പക്ഷെ അർബൻ റൊമാൻറിക് കോമഡിയുടെ ആരാധകർക്ക് ചിലപ്പോൾ രസിച്ചേക്കാം.

Read More: മൈ സ്റ്റോറി; പാര്‍വതി, യു ആര്‍ സിംപ്ലി ബ്രില്ല്യന്റ്, റോഷ്നിയും

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:

This post was last modified on July 8, 2018 10:16 am