X

അഡ്വ. മുകുന്ദൻ ചോദിക്കുന്നു, ഏതാണ് ഒരു പെൺകുട്ടിയുടെ അസമയം..?

ക്വീൻ കാണുമ്പോൾ നാം സൗമ്യയെ ഓർക്കും. ഷൊർണൂർ പാസഞ്ചറും ചെറുതുരുത്തിയിലെ രക്തക്കറ പുരണ്ട തീവണ്ടിപ്പാളങ്ങളും ഓർക്കും. പാതിരാവിൽ രാജ്യത്തിന്‍റെ തലസ്ഥാനത്ത് നരാധമന്മാരാൽ പിച്ചിചീന്തപ്പെട്ട, നിർഭയ എന്ന് പിന്നീട് വിളിക്കപ്പെട്ട പെൺകുട്ടിയെ ഓർക്കും.

രജനീകാന്ത് എന്തുകൊണ്ടാണ് തമിഴകത്തിന്‍റെ സ്റ്റൈൽ മന്നൻ ആയത്..? എത്രയോ കാലമായിട്ടും മലയാളം മമ്മൂക്കാക്കും ലാലേട്ടനും കയ്യടിക്കുന്നത് എന്തുകൊണ്ടാണ്..? ഒട്ടും യുക്തിയില്ല എന്നാകിലും ചില ചിത്രങ്ങൾ എന്തുകൊണ്ടാകാം സൂപ്പർഹിറ്റാകുന്നത്..?
പലതിനോടും പ്രതികരിക്കാൻ മടിക്കുന്ന, ഭയക്കുന്ന സമൂഹം ചിലരോട് ചില ചോദ്യങ്ങൾ ചോദിക്കാൻ സദാ വെമ്പൽ കൊള്ളുന്നുണ്ട്. രാഷ്ട്രീയക്കാരന്‍റെ കാപട്യത്തെ, ഭരണാധികാരിയുടെ അഴിമതിയെ, നീതി നിർവഹണത്തിലെ പിഴവിനെ എല്ലാം ചോദ്യം ചെയ്യാൻ സമൂഹം ആഗ്രഹിക്കുന്നുണ്ട്. നേരിൽ അത് സാധ്യമാകാതെ വരുമ്പോൾ, സിനിമയിൽ നായകൻ ആ ചോദ്യങ്ങൾ സധൈര്യം ഉന്നയിക്കുമ്പോൾ കയ്യടിക്കുകയാണ്. അപ്രകാരം കാണികൾ കയ്യടിച്ച് കയ്യടിച്ചാണ് മണ്ണിലും താരകങ്ങൾ പിറന്നത്, താരങ്ങൾ സൂപ്പർതാരങ്ങളായത്.

കൊട്ടും കുരവയും ഇല്ലാതെ ഒരു ചിത്രം പുറത്തിറങ്ങി. ആദ്യദിനം തിയ്യേറ്ററിൽ ആളനക്കമൊന്നും ഇല്ല. രണ്ടാംദിനം ആടിനും പട്ടിക്കുമെല്ലാം ടിക്കറ്റ് കിട്ടാത്തവരെ മാത്രം വരിയിൽ കണ്ടു. പിന്നെ പിന്നെ കണ്ടത് പിള്ളാരുടെ നീണ്ട നിര. ഇന്ന് പോയപ്പോൾ പകൽ ഷോ പോലും ഹൗസ് ഫുൾ. അത്ര ഗംഭീരമായ കലാസൃഷ്ടിയല്ല. പിഴവുകളും അയുക്തിയും അസ്വാഭാവികതയും ഏറെ. എങ്കിലും, ആ ചെറിയ ചിത്രത്തെ, ചെറിയ താരങ്ങൾ മാത്രം അഭിനയിച്ച, ഏറെയും പുതുമുഖങ്ങൾ ഉള്ള ചിത്രത്തെ മലയാളം കയ്യടിച്ചും ആർപ്പ് വിളിച്ചും വിജയിപ്പിക്കുകയാണ്. കാരണം, ചിലരുടെ കരണക്കുറ്റിക്ക് രണ്ട് പൊട്ടിക്കുകയാണ് ആ ചിത്രം. സമൂഹം അടക്കിവെച്ച ചില ചോദ്യങ്ങൾ ആ സിനിമ ഉറക്കെ ചോദിക്കുകയാണ്. അതാണ് സമകാലിക സമൂഹത്തിൽ ക്വീൻ എന്ന ചിത്രത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും.

ക്വീൻ കാണുമ്പോൾ നാം സൗമ്യയെ ഓർക്കും. ഷൊർണൂർ പാസഞ്ചറും ചെറുതുരുത്തിയിലെ രക്തക്കറ പുരണ്ട തീവണ്ടിപ്പാളങ്ങളും ഓർക്കും. പാതിരാവിൽ രാജ്യത്തിന്‍റെ തലസ്ഥാനത്ത് നരാധമന്മാരാൽ പിച്ചിചീന്തപ്പെട്ട, നിർഭയ എന്ന് പിന്നീട് വിളിക്കപ്പെട്ട പെൺകുട്ടിയെ ഓർക്കും. ഡൽഹി സംഭവം ഉയർത്തിയ വാദപ്രതിവാദങ്ങൾ ഓർക്കുന്നുവോ..? അപ്പോഴെല്ലാം ഉയർന്ന ഒരു ചോദ്യമുണ്ടല്ലോ, എന്തിനാണവൾ കൂട്ടുകാരനൊപ്പം ആ അസമയത്ത് അവിടെ പോയത് എന്ന്. ഈയിടെ കൊച്ചിയിൽ സുഹൃത്തിനൊപ്പം സഞ്ചരിച്ച പെൺകുട്ടിയോടും പോലീസ് ഇതേ ചോദ്യം ചോദിച്ചു. തിരുവനന്തപുരത്ത് നക്ഷത്ര ഹോട്ടലിന്‍റെ ഉടമയുടെ മകനൊപ്പം രാത്രിയിൽ കാറിൽ യാത്ര ചെയ്ത പെൺകുട്ടികളോടും ചിലർ ചോദിച്ചു, ഈ രാത്രിയിൽ നിങ്ങളെന്തിന് ഒരു ആൺകുട്ടിക്കൊപ്പം യാത്ര ചെയ്തു..?

അവരിനിയും പറയും, ‘നല്ല വടിവൊത്ത അരയാകണം’ എന്ന്; അനുസരിക്കരുത്

ഇവരോടെല്ലാമായി ഈ ചെറിയ ചിത്രത്തിൽ, കോടതി മുറിയിലെ വിസ്താരത്തിനിടയിൽ അഡ്വ. മുകുന്ദൻ ചോദിക്കുന്നു, ഏതാണ് ഒരു പെൺകുട്ടിയുടെ അസമയം..? ആരാണ് മറ്റാർക്കുമില്ലാത്ത ഒരു അസമയം ഒരു പെൺകുട്ടിക്കുണ്ടെന്ന് വിധിച്ചത്..? സിനിമയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ മുമ്പൊരിക്കൽ അർദ്ധരാത്രി സുഹൃത്തുക്കളായ ആൺകുട്ടികൾക്കൊപ്പം പാലത്തിന് മീതെ ആലിംഗനബദ്ധരായി കണ്ടെന്ന സിവിൽ പോലീസ് ഓഫീസറുടെ മൊഴിയെ പൊളിച്ചടക്കുകയാണ് സലീംകുമാർ വേഷമിട്ട അഡ്വ. മുകുന്ദൻ എന്ന കഥാപാത്രം.

പെണ്‍കുട്ടികള്‍ ഉറക്കെ കൂവിയാലെന്താ? കൈയ്യടിക്കാവുന്ന സിനിമയാണ് ക്വീന്‍

സെക്രട്ടറിയേറ്റിന് മുന്നിൽ ശ്രീജിത്തിന്‍റെ സമരപ്പന്തലിൽ എത്തിയ മുൻ ആഭ്യന്തരമന്ത്രിയെ, താങ്കൾ മന്ത്രിയായിരുന്നപ്പോൾ എന്തു ചെയ്തു, ഇപ്പോൾ ഈ കണ്ണീരൊഴുക്കൽ എന്തിന് എന്നും ചോദിച്ച് ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്നവർ നേരിട്ടതും മുൻ മന്ത്രി ഇളിഭ്യനായി തിരിച്ചു പോയതും രണ്ട് നാൾ മുമ്പാണല്ലോ. ഈ ചിത്രത്തിലും ഉണ്ട് ഒരു ആഭ്യന്തരമന്ത്രി. പീഡനത്തെ മന്ത്രി ന്യായീകരിക്കുന്നത് ഇപ്രകാരം. കൂട്ടിൽ കിടക്കുന്ന നായക്ക് എല്ലാ സൗകര്യങ്ങളും ഉണ്ട്. കൂട് വിട്ട് പുറത്ത് പോയാൽ ചിലപ്പോൾ തെരുവുനായ്ക്കൾ ആക്രമിക്കും. അവിടെ തെരുവുനായ്ക്കൾ അല്ല, കൂട് വിട്ടു പുറത്തു പോയ നായയാണ് തെറ്റ് ചെയ്തത്. ശ്രീജിത്തിന്‍റെ സമരപ്പന്തലിൽ മുൻ മന്ത്രിയെ എപ്രകാരം നേരിട്ടുവോ അപ്രകാരമല്ലാതെ മറ്റൊരു വിധത്തിൽ പെൺകുട്ടിയുടെ കൂട്ടുകാർ ചിത്രത്തിൽ ഈ മന്ത്രിയേയും നേരിടുന്നു.

അനുരാഗം ചുണ്ടുകൾ കോർക്കും, സൗഹൃദം വൈൻ പകരും; ആരുണ്ട് ആഷിഖ് അബുവിനെ തൊടാൻ?

നേരത്തെ പറഞ്ഞല്ലോ, അസ്വാഭാവികതയും അയുക്തിയും ഏറെയാണ്. പുതിയ സംവിധായകനും പുതുമുഖങ്ങളും നിരക്കുന്ന സിനിമയുടെ കുറവുകളായി അവയെ പരിഗണിച്ച് ചിത്രം മുന്നോട്ട് വെക്കുന്ന സന്ദേശത്തിലേക്ക് വന്നാൽ, ശ്രീജിത്തിന്‍റെ സമരത്തിൽ നാം ദർശിച്ച വിധം പ്രതികരണങ്ങളിലും പ്രക്ഷോഭങ്ങളിലും ഇതുവരെയില്ലാത്ത വണ്ണം സമൂഹം ഒരു ബദൽ തേടുന്നു എന്നും അത് നവമാധ്യമങ്ങളിലൂടെയും കലാലയങ്ങളിലൂടെയും സാധ്യമാകുന്നു എന്നും വായിച്ചെടുക്കാം. സിനിമ ഏതുമാകട്ടെ, ഒടുവിൽ ഒരു സൂപ്പർതാരം അതിഥിതാരമായി പ്രത്യക്ഷപ്പെട്ട് കോടതിമുറിയിൽ യഥാർത്ഥ പ്രതികൾക്ക് ശിക്ഷ ഉറപ്പിക്കുന്ന അഭിഭാഷകനായി, നെടുനീളൻ ഡയലോഗുകളിലൂടെ കയ്യടി നേടുന്ന പതിവും സലീം കുമാറിലൂടെ ഇവിടെ ലംഘിക്കപ്പെടുകയാണ്.

ഒന്ന് കെട്ടിപ്പിടിച്ചാൽ തീരാവുന്ന കുഴപ്പമേയുള്ളൂ കേരളത്തിന്; നിർഭാഗ്യവശാൽ അതിപ്പോൾ കിടപ്പറയിൽ പോലുമില്ല

വിഗ്രഹങ്ങളുടെ അപനിർമ്മാണത്തിലൂടെ മലയാള സിനിമ മുന്നോട്ടു പോകുന്നത് കാണാൻ കൗതുകമുണ്ട്. അതിനിയും തുടരും എന്ന് തന്നെയാണ് വരാനിരിക്കുന്ന ചിത്രങ്ങളും സൂചിപ്പിക്കുന്നത്. ആരെയും ചോദ്യം ചെയ്യാൻ മടിക്കാത്ത ഒരു തലമുറ വളരുന്നുണ്ട്. അർദ്ധരാത്രി പാട്ടും പാടി കൂട്ടുകാർക്കൊപ്പം നഗരത്തിലൂടെ നടന്നു നീങ്ങുന്നുണ്ട് പെൺകുട്ടികൾ. മാധ്യമങ്ങൾ പോലും പല ഘട്ടങ്ങളിൽ തമസ്ക്കരിച്ച സമരങ്ങളെ നവമാധ്യമങ്ങൾ തോളിലേറ്റി പ്രക്ഷോഭങ്ങളുടെ വേലിയേറ്റങ്ങൾ തീർക്കുന്നുണ്ട്. അതെല്ലാം ഇനിമേൽ കലയിലും കാണും. അതിനാൽ ആ ചോദ്യം ഇനിയുമുയരും, ആരാണ്, ആർക്കാണ് നിങ്ങൾ അസമയം കുറിയ്ക്കുന്നത്..?

നടിയെ അധിക്ഷേപിച്ചവന് ദുബായിൽ ജോലിയാണ് ഓഫറെങ്കിൽ റേപ്പ് ചെയ്തവന് അമേരിക്കയിൽ തോട്ടവും വീടും ആകുമോ പാരിതോഷികം..?

സുബീഷ് തെക്കൂട്ട്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:

This post was last modified on January 18, 2018 1:16 pm