X

ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തു നിന്ന് പ്രിയങ്കയെ പുറത്താക്കണം; ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ച് പാകിസ്ഥാൻ

ബാലക്കോട്ടിലും പുല്‍വാമയിലും ഇന്ത്യന്‍ സൈന്യം പാകിസ്താന് തിരിച്ചടിയായി ആക്രമണം നടത്തിയതിനെ പ്രശംസിച്ചും നടി ട്വീറ്റ് ചെയ്തിരുന്നു.

യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തു നിന്ന് നടി പ്രിയങ്കാ ചോപ്രയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. പാക്ക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരിൻ മസാരിയാണ് കത്തയച്ചിരിക്കുന്നത്.

കശ്മീര്‍ വിഷയത്തില്‍ ഭാരത സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് പ്രിയങ്ക സ്വീകരിച്ചത്. പാകിസ്താനെതിരേ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ഉയര്‍ത്തിയ ആണവഭീഷണിയെയും പ്രിയങ്ക അനുകൂലിച്ചിരുന്നു. ഈ നീക്കങ്ങളെല്ലാം തന്നെ സമാധാനത്തിനും സദ്മൂല്യങ്ങള്‍ക്കും എതിരാണെന്നും യു എന്‍ ഗുഡ്‌വില്‍ അംബാസിഡറാകാനുള്ള നിബന്ധനകള്‍ക്കെതിരെയാണെന്നും പാക് മന്ത്രി കത്തില്‍ പറയുന്നു.

ബാലക്കോട്ടിലും പുല്‍വാമയിലും ഇന്ത്യന്‍ സൈന്യം പാകിസ്താന് തിരിച്ചടിയായി ആക്രമണം നടത്തിയതിനെ പ്രശംസിച്ചും നടി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യത്തെ ടാഗ് ചെയ്ത് ജയ് ഹിന്ദ് എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയ നടപടിയുണ്ടായപ്പോള്‍ പാകിസ്താൻകാരിയായ യുവതി പ്രിയങ്കയെ കപടവേഷധാരിയെന്നു വിളിച്ചിരുന്നു. തനിക്കു യുദ്ധം ഇഷ്ടമല്ലെങ്കിലും ദേശഭക്തിയുണ്ടെന്നും മറുപടി നല്‍കി പ്രയങ്ക ചോപ്ര രംഗത്തെത്തിയിരുന്നു.

‘ബിജെപി സർക്കാരിന്റെ എല്ലാ നയങ്ങളും വംശീയ ഉന്മൂലനം, വംശീയത, ഫാസിസം, വംശഹത്യ എന്നിവ സംബന്ധിച്ച നാസി സിദ്ധാന്തത്തിന് സമാനമാണ്. ഇന്ത്യൻ സർക്കാർ നിലപാടിനെ പ്രിയങ്ക ചോപ്ര പരസ്യമായി അംഗീകരിക്കുകയും ഇന്ത്യൻ പ്രതിരോധ മന്ത്രി പാകിസ്ഥാന് നൽകിയ ആണവ ഭീഷണിയെ പിന്തുണയ്ക്കുകയും ചെയ്തു. സമാധാനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ ഗുഡ്‌വിൽ അംബാസഡർ എന്ന നിലയിൽ പ്രിയങ്ക ഉയർത്തിപ്പിടിക്കേണ്ട സമാധാനത്തിന്റെയും സൽസ്വഭാവത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമാണ് ഇതെല്ലാം. മോദിസർക്കാറിന്റെ നയങ്ങളെ അനുകൂലിക്കുകയും യുദ്ധത്തെ, പ്രത്യേകിച്ച് ന്യൂക്ലിയർ യുദ്ധത്തെ അനുകൂലിക്കുകയും ചെയ്യുന്നതുവഴി യൂണിസെഫിന്റെ അംബാസഡർ പദവിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. തൽസ്ഥാനത്ത് നിന്ന് പ്രിയങ്കയെ നീക്കം ചെയ്തില്ലെങ്കിൽ അത് സമാധാനത്തിന്റെ ഗുഡ്‌വിൽ അംബാസഡർ എന്ന ആശയത്തെ ആഗോളതലത്തിൽ തന്നെ പരിഹാസ്യമാക്കി തീർക്കും’- ഷിരിൻ മസായി വ്യക്തമാക്കി