X

‘ഭാഷ അറിയില്ലെങ്കിലും സാമുവലിനോട് സംസാരിച്ചത് ഹൃദയഭാഷയിലായിരുന്നു’; സുഡാനിയിലെ ഉമ്മമാർ പറയുന്നു

വീട്ടിലെത്തിയ അന്യദേശക്കാരന് സ്നേഹം വിളമ്പിയ സുഡാനിയിലെ ഉമ്മമാരെ ആരും മറക്കില്ല. സു‍ഡാനിയിലെ ഉമ്മമാരാ‍യ സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയുമാണ് മികച്ച സഹനടിമാർ.

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഞ്ച് പുരസ്കാരനേട്ടങ്ങളാണ് സുഡാനി ഫ്രം നൈജീരിയ എന്ന കൊച്ചുചിത്രം സ്വന്തമാക്കിയത്.വീട്ടിലെത്തിയ അന്യദേശക്കാരന് സ്നേഹം വിളമ്പിയ സുഡാനിയിലെ ഉമ്മമാരെ ആരും മറക്കില്ല. സു‍ഡാനിയിലെ ഉമ്മമാരാ‍യ സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയുമാണ് മികച്ച സഹനടിമാർ.

നീണ്ട അഞ്ചു പതിറ്റാണ്ടത്തെ നാടകാഭിനയ പരിചയത്തിന്‍റെ ബലത്തിലാണ് ഇരുവരും സിനിമയിലേക്കെത്തുന്നത്. സിനിമയിലെ തങ്ങളുടെ പ്രകടനത്തിന് സൗബിനും സംവിധായകൻ സക്കറിയയും ഒരുപാട് പിന്തുണ നൽകിയതായി സാവിത്രി അമ്മയും സരസ അമ്മയും പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ സിനിമയിലെ അനുഭവങ്ങൾ പങ്കുവെച്ചത്.

‘ആദ്യമൊക്കെ ഞാൻ ഭയങ്ക ഓവർ ആയാണ് അഭിനയിച്ചു കൊണ്ടിരുന്നത്. നാടകത്തിൽ അത് ആവശ്യമാണല്ലോ. കരയുന്ന സീനിലൊക്കെ ഭയങ്കരമായി കരയും. അപ്പോ സൗബിൻ പറയും, ഇത്രയും വേണ്ട, കുറച്ചൂടി മിതത്വം പാലിച്ച് അഭിനയിച്ചാൽ മതി, സിനിമയിൽ ഇത്രയും മതി എന്നൊക്കെ. വളരെ സ്നേഹത്തോടെ കൂടെ നിന്നാണ് സംവിധായകനും സൗബിനും പിന്നണി പ്രവര്‍ത്തകരുമൊക്കെ സംസാരിച്ചത്. ഞങ്ങള്‍ രണ്ടും പ്രായമായവരല്ലേ? കുട്ടികളോടു പെരുമാറുന്നതു പോലെ സ്നേഹത്തോടെയാണ് ഞങ്ങളോട് ഇടപെട്ടത്. മെല്ലെ മെല്ലെ എല്ലാം ശരിയായി വരികയായിരുന്നു”, സാവിത്രി അമ്മ പറയുന്നു.

സാവിത്രിയും ഞാനുമായി 45 വർഷത്തോളം ഉള്ള പരിചയം ഉണ്ട്. ആ കൂട്ട് സിനിമയിലും ഉണ്ടായി. നാടകാഭിനയവും സിനിമാഭിനയവും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. 1984 ൽ ‘ഉയരും ഞാൻ നാടാകെ’ എന്ന സിനിമയിൽ മോഹന്‍ലാലിന്‍റെ അമ്മയായി അഭിനയിച്ചിരുന്നു. അത് കുറച്ചു സീനുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കു ശേഷമാണ് മറ്റൊരു സിനിമ തേടിയെത്തിയത്. സുഡാനിയിൽ സൗബിനും സക്കറിയക്കും മറ്റ് അണിയറപ്രവർത്തകർക്കുമൊക്കെ അവാര്‍‍‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എനിക്ക് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല” സരസ അമ്മയുടെ പ്രതികരണം ഇങ്ങനെ

ഭാഷ അറിയില്ലെങ്കിലും സാമുവലിനോട് സംസാരിച്ചത് ഹൃദയഭാഷയിലാണെന്നു പറയുന്നു സാവിത്ര അമ്മ: ”എനിക്ക് ഇംഗ്ലീഷിൽ സംസാരിക്കാനൊന്നുമറിയില്ലല്ലോ. സാമുവൽ സെറ്റില്‍ വരുമ്പോഴേ ഹായ്, മമ്മാ.. എന്നൊക്കെ പറഞ്ഞു വരും. ഞങ്ങൾ തമ്മിൽ സംസാരിച്ചത് സ്നേഹത്തിന്‍റെ ഭാഷയിലാണ്”.  മലപ്പുറം ഭാഷ സംസാരിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നില്ലെന്ന് പറയുന്നു ഇരുവരും. നാടകങ്ങളിൽ മുസ്‍ലിം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അത് ഗുണകരമായിട്ടുണ്ട്.

കൂടാതെ പുരസ്‌ക്കാര നിറവിൽ നിൽക്കുമ്പോൾ ഇരുവരും ഓർമ്മിക്കുന്നത് തങ്ങളെ വിട്ടു പോയ കെടിസി അബുള്ളാക്കയാണ്. അദ്ദേഹത്തിന്‍റെ അഭിനയം കാണുമ്പോൾ തനിക്കു തന്നെ സങ്കടം വരുമായിരുന്നെന്നു പറയുന്നു സാവിത്രി അമ്മ.

എംടി വാസുദേവൻ നായരുടെ കടവ് എന്ന സിനിമയിൽ സാവിത്രി അമ്മ ഇതിനു മുൻപ് അഭിനയിച്ചിട്ടുണ്ട്. സുഡാനി സിനിമയിലെ രണ്ടാമൂഴമാണ്. ഓഡിഷൻ വഴിയാണ് ഇരുവരും ഈ സിനിമയിലേക്ക് എത്തിയത്.