ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വാണി വിശ്വനാഥ് തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നിട്ട് കുറച്ചു നാളായി. ഈ വാര്‍ത്ത സ്ഥിരീകരിക്കുകയാണ് വാണി. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഈ കാര്യം വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പില്‍ നില്ക്കുകയാണെങ്കില് അത് മറ്റൊരു തെന്നിന്ത്യന്‍ താരമായ റോജയ്ക്കെതിരേയായിരിക്കുമെന്നു വാണി സൂചന നല്കുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ അംഗമായ റോജ 2014 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച നഗരിയില്‍ മത്സരിക്കാനാണ് തെലുങ്കുദേശം പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നു വാണി വ്യക്തമാക്കുന്നു.റോജയുടെ അരങ്ങേറ്റ ചിത്രമായ സര്‍പ്പയാഗത്തില്‍ വാണിയും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപകനും വിഖ്യാത നടനുമായ എന്‍ ടി രാമറാവുവിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട് വാണി വിശ്വനാഥ്. തെലുങ്ക് സിനിമയില്‍ വാണിക്ക് വലിയ ആരാധകവൃന്ദവുമുണ്ട്. സിനിമയില്‍ നിന്നും ദീര്‍ഘനാള്‍ വിട്ടുനിന്നശേഷമുള്ള മടങ്ങി വരവും ബോയ്പതി ശ്രീനു സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ‘ജയ ജാനകി നായക’യിലൂടെയായിരുന്നു.
നഗരിയില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് ടിഡിപി പ്രതിനിധികള്‍ തന്നെ വന്നു കണ്ടിരുന്നുവെന്നു വാണി അഭിമുഖത്തില്‍ പറയുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭരണനേതൃത്വം ഇഷ്ടമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുമെങ്കില്‍ ടിഡിപിയിലൂടെയായിരിക്കുമെന്നും വാണി ഉറപ്പു പറയുന്നു. ശ്രീരാമനുവേണ്ടി അണ്ണാറക്കണ്ണന് സഹായം ചെയ്തതുപോലെ, എന്നാലാകുന്നതു ചെയ്യാം എന്നാണ് തെരഞ്ഞെടുപ്പിലെ മത്സരത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് താന്‍ മറുപടി പറഞ്ഞതെന്നും വാണി അഭിമുഖത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് വരുന്ന മുറയ്ക്ക് ഔദ്യോഗിക പ്രഖ്യാപനവും തുടര്‍നടപടികളും ഉണ്ടാകുമെന്നും വാണി വിശ്വനാഥ് വ്യക്തമാക്കുന്നു.
This post was last modified on October 13, 2017 11:19 am