X

യോനിക്ക് പുറത്തും ഞങ്ങള്‍ക്ക് ജീവിതമുണ്ട്; പ്രിയ ബന്‍സാലി, താങ്കളുടേത് ഒരു ക്രിമിനല്‍ കുറ്റം

പ്രശസ്ത ഹിന്ദി നടിയും കോളമിസ്റ്റുമായ സ്വര ഭാസ്കര്‍ പദ്മാവത് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് എഴുതിയ തുറന്ന കത്തിന്റെ പൂര്‍ണ്ണരൂപം

പ്രശസ്ത ഹിന്ദി നടിയും കോളമിസ്റ്റുമായ സ്വര ഭാസ്കര്‍ പദ്മാവത് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് എഴുതിയ തുറന്ന കത്തിന്റെ സ്വതന്ത്ര പരിഭാഷ.

പ്രിയപ്പെട്ട ബന്‍സാലി സര്‍,

ഇംഗ്ലീഷ് അക്ഷരമാലയിലെ ‘ഐ’ യും, മനോഹരിയായ ദീപിക പദുക്കോണിന്റെ നഗ്നമായ അരക്കെട്ടും, ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ 70 ഷോട്ടുകളുമില്ലാതെയാണെങ്കിലും താങ്കളുടെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ‘പത്മാവത്’ റിലീസ് ചെയ്തതിന് ആദ്യമായി അഭിനന്ദനങ്ങള്‍ സര്‍. എല്ലാവരുടെയും തലകള്‍ കഴുത്തിലും മുക്കുകള്‍ തല്‍സ്ഥാനത്തും ഉണ്ടെന്ന് ഉറപ്പാക്കിക്കൊണ്ടുതന്നെ പടം റിലീസ് ചെയ്യാന്‍ താങ്കള്‍ക്ക് സാധിച്ചിരിക്കുന്നു. ‘ഇറച്ചിയുടെ’ പേരില്‍ കൊലപാതകങ്ങള്‍ നടക്കുകയും ആണ്‍കോയ്മയുടെ അഭിമാനം സംരക്ഷിക്കുന്നതിനായി സ്‌കൂള്‍ കുട്ടികള്‍ വരെ ആക്രമിക്കപ്പെടുകയും ചെയ്യുന്ന വിധത്തില്‍ ‘സഹിഷ്ണുത’ പുലര്‍ത്തുന്ന ഇന്നത്തെ ഇന്ത്യയില്‍ താങ്കളുടെ ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചത് വലിയ നേട്ടമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.

നായിക, നായകന്മാരും സഹഅഭിനേതാക്കളും ഉള്‍പ്പെടെയുള്ള താങ്കളുടെ മുഴുവന്‍ അഭിനേതാക്കളുടെയും അമ്പരപ്പിക്കുന്ന അഭിനയത്തിന്റെ പേരിലും അഭിനന്ദനം. മാത്രമല്ല, സിനിമ മൊത്തത്തില്‍ ഗംഭീരമായ ഒരു ദൃശ്യോല്‍സവം തന്നെയാണ്. പക്ഷെ, ഓരോ സ്പര്‍ശനത്തിലും സ്വന്തം മുദ്ര പതിപ്പിക്കുന്ന അങ്ങയെ പോലുള്ള സമര്‍ത്ഥനായ ഒരു സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നതു മാത്രമാണ് ഇവയൊക്കെ.

അതിനിടയില്‍ ഒരു കാര്യം സര്‍, നമ്മള്‍ ഒരിക്കല്‍ പരസ്പരം കണ്ടുമുട്ടിയിട്ടുണ്ട്. താങ്കള്‍ എന്നെ ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്ക് ഉറപ്പില്ലെങ്കിലും താങ്കളുടെ ‘ഗുസാരിഷ്’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ഞാന്‍ ചെയ്തിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ രണ്ട് സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു വേഷം. എന്റെ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് അങ്ങയുമായി നടത്തിയ ഒരു ഹൃസ്വ ചര്‍ച്ചയും ആ സംഭാഷണങ്ങളെ കുറിച്ച് എന്റെ അഭിപ്രായം എന്താണെന്ന അങ്ങയുടെ ചോദ്യവും ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു. സഞ്ജയ് ലീല ബന്‍സാലി എന്റെ അഭിപ്രായം തേടിയെന്ന അഹങ്കാരം ഒരു മാസത്തോളം സൂക്ഷിച്ചുവെച്ചു എന്നതും ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒരു സീനിനെ കുറിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടും മറ്റൊരു സീനിനെ കുറിച്ച് ജിമ്മി ജിബ് ഓപ്പറേറ്റര്‍മാരോടും നിങ്ങള്‍ ക്ഷോഭത്തോടെ വിശദീകരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്; നിങ്ങള്‍ എടുക്കുന്ന ഷോട്ടിന്റെ ഏറ്റവും ചെറിയ വിശദാംശങ്ങള്‍ പോലും വിശദീകരിക്കുന്നു. അപ്പോള്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞ കാര്യം ഇപ്പോഴും ഓര്‍ക്കുന്നു: ‘ഹൊ! ഈ മനുഷ്യന്‍ അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ഓരോ ചെറിയ വിശദാംശങ്ങള്‍ പോലും ശ്രദ്ധിക്കുന്നു.’ അതെന്നില്‍ നിങ്ങളെ കുറിച്ച് വലിയ മതിപ്പ് ഉളവാക്കി സര്‍.

നിങ്ങളുടെ ചിത്രങ്ങള്‍ ഉത്സാഹത്തോടെ കാണുന്ന ഒരാള്‍ എന്ന നിലയില്‍, നിങ്ങള്‍ സൃഷ്ടിക്കുന്ന ഓരോ ചിത്രത്തിലും നിങ്ങള്‍ അതിരുകള്‍ ലംഘിക്കുന്നതും നിങ്ങളുടെ കഴിവുറ്റ സംവിധാനത്തിന് കീഴില്‍ താരങ്ങള്‍ തീവ്രവും ആഴത്തിലുള്ളതുമായ അഭിനേതാക്കള്‍ ആയി മാറുന്നതും ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുണ്ട്. ഐതിഹാസിക പ്രേമം എങ്ങനെയായിരിക്കണം എന്ന ആശയം എന്നില്‍ മുളപ്പിച്ചത് താങ്കളാണ്. ഒരു മുഖ്യകഥാപാത്രമായി ഒരിക്കലെങ്കിലും നിങ്ങളുടെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ഞാന്‍ സ്വപ്‌നം കാണാറുമുണ്ട്. ഞാന്‍ നിങ്ങളുടെ ഒരു ആരാധികയാണ്. അതങ്ങനെ തുടരുകയും ചെയ്യും.

നിങ്ങളുടെ ചിത്രത്തിന്റെ പേര് പത്മാവതി എന്നായിരുന്ന സമയത്ത് അതിനുവേണ്ടി ഞാന്‍ പോരാടിയിട്ടുണ്ടെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യുദ്ധമുഖത്തല്ല മറിച്ച് ട്വിറ്ററിലായിരുന്നു എന്റെ പോരാട്ടം. അതിന്റെ പേരില്‍ ഞാന്‍ ട്രോളുകള്‍ക്ക് ഇരയായി; എന്നിട്ടും ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പോരാടി. നിങ്ങളുടെ 185 കോടി രൂപ മുടങ്ങിക്കിടക്കുന്നതിനാല്‍ നിങ്ങള്‍ക്ക് പറയാന്‍ സാധിക്കില്ല എന്ന് ഞാന്‍ കരുതിയ പല കാര്യങ്ങളും ഞാന്‍ ടിവി കാമറയ്ക്ക് മുന്നില്‍ പറഞ്ഞു.

പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ സത്യസന്ധമായും വിശ്വസിക്കുന്നു. പറയാന്‍ ആഗ്രഹിക്കുന്ന കഥകള്‍ പറയാനുള്ള അവകാശം, അത് പറയാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുഖ്യകഥാപാത്രങ്ങള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്ന ഊര്‍ജ്ജം നല്‍കിക്കൊണ്ട് പറയാനുള്ള അവകാശം ഈ രാജ്യത്തെ ഓരോ പൗരനുമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അവരുടെ സെറ്റുകള്‍ കത്തിക്കപ്പെടാതെയും അവര്‍ അധിക്ഷേപിക്കപ്പെടാതെയും അവരുടെ അവയവങ്ങള്‍ മുറിച്ചുമാറ്റപ്പെടാതെയും അവരുടെ ജീവന്‍ നഷ്ടപ്പെടാതെയും പറയാന്‍ ആഗ്രഹിക്കുന്ന കഥകള്‍ പറയാനുള്ള അവകാശം ഉണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഇപ്പോഴും വിശ്വസിക്കുന്നു.

മാത്രമല്ല, പൊതുവില്‍, ആളുകള്‍ക്ക് ചിത്രങ്ങള്‍ നിര്‍മ്മിക്കാനും റിലീസ് ചെയ്യാനും കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളുകളില്‍ എത്താനും സാധിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ചിത്രം ഒരു വലിയ വിജയമാകണമെന്നും ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് കര്‍ണിസേന ഭീകരരുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും മുഖത്ത് ഏല്‍പ്പിക്കുന്ന ഒരടിയായി ആ കളക്ഷന്‍ റെക്കോഡുകള്‍ മാറണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ വലിയ ഉത്സാഹത്തോടെയും ഉദ്വേഗത്തോടെയുമാണ് പത്മാവതിന്റെ ആദ്യ ദിവസത്തെ ആദ്യ പ്രദര്‍ശനം കാണുന്നതിനായി എനിക്കും കുടുംബാംഗങ്ങള്‍ക്കും ഞങ്ങളുടെ പാചകക്കാര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്തതും.

ഒരുപക്ഷെ ആ ചിത്രത്തോട് ഇത്തരത്തിലുള്ള ഒരു ബന്ധവും ജാഗ്രതയും ഉണ്ടായിരുന്നത് കൊണ്ടാവാം ചിത്രം കണ്ടപ്പോള്‍ ഇത്രയധികം ഞെട്ടിപ്പോയതും. അതുകൊണ്ട് തന്നെയാവാം താങ്ങള്‍ക്ക് കത്തെഴുതാനുള്ള സ്വാതന്ത്ര്യം ഞാനെടുക്കുന്നതും അങ്ങനെയൊരു സാഹസത്തിന് മുതിരുന്നതും. കൂറെ കാര്യങ്ങള്‍ പറയാനുണ്ടെങ്കിലും പരമാവധി ചുരുക്കത്തില്‍ നേരിട്ട് കാര്യങ്ങള്‍ പറയുന്നതിന് ഞാന്‍ ശ്രമിക്കാം.

ഫാസിസത്തെ പ്രതിരോധിക്കാനായി ആരും തീയേറ്ററിലേക്ക് ഓടണ്ട; അതാണുറുമീസ്

ബലാല്‍സംഗം ചെയ്യപ്പെട്ടതിന് ശേഷവും ജീവിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട് സര്‍. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, ആണ്‍ ‘സംരക്ഷകര്‍’, ‘ഉടമസ്ഥര്‍’ അല്ലെങ്കില്‍ ‘അവരുടെ ലൈംഗീകതയെ നിയന്ത്രിക്കുന്നവര്‍’ തുടങ്ങിയ ആണുങ്ങളെ കുറിച്ച് അങ്ങ് മനസിലാക്കിയ രീതിയിലുള്ളവര്‍ മരിച്ചാലും സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട് സര്‍.  പുരുഷന്മാര്‍ ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്നതിനപ്പുറം സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട് സര്‍. കാലങ്ങള്‍ക്കപ്പുറം സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. -ഇതൊരു അടിസ്ഥാന കാര്യമാണ്.

ചില അടിസ്ഥാന കാര്യങ്ങള്‍ കൂടി:

സഞ്ചരിക്കുന്ന യോനികള്‍ മാത്രമല്ല സ്ത്രീകള്‍.

ശരിയാണ് സ്ത്രീകള്‍ക്ക് യോനിയുണ്ട്. പക്ഷെ അതിലുപരിയായ കാര്യങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ അവരുടെ മൊത്തം ജീവിതം യോനിയില്‍ മാത്രം കേന്ദ്രീകരിക്കുകയും അതിനെ നുിയന്ത്രിക്കുകയും സംരക്ഷിക്കുകയും അതിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ട കാര്യമില്ല. (ഒരുപക്ഷെ 13-ാം നൂറ്റാണ്ടില്‍ അതായിരുന്നിരിക്കാം സാഹചര്യം. പക്ഷെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇത്തരം പരിമിത ആശയങ്ങളെ പിന്തുണയ്‌ക്കേണ്ട കാര്യമില്ല. അത്തരം ആശയങ്ങളെ വാഴ്‌ത്തേണ്ട ആവശ്യവും നമുക്കില്ല.)

യോനിയെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അത് നല്ലതാണ്; എന്നാല്‍ ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ പോലും തുടര്‍ന്ന് ജീവിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്. മറ്റൊരാള്‍ അവളുടെ അനുമതിയില്ലാതെ അവളുടെ യോനിയോട് അനാദരവ് കാണിച്ചതിന്റെ പേരില്‍ അവള്‍ക്ക് മരണശിക്ഷ നല്‍കേണ്ട ആവശ്യമില്ല.

യോനിക്ക് പുറത്തും ജീവിതമുണ്ട്. ബലാല്‍സംഗത്തിന് ശേഷവും ജീവിതമുണ്ട്. (ആവര്‍ത്തിക്കുകയാണെന്ന് എനിക്കറിയാം. എന്നാല്‍ ഈ പ്രശ്‌നം എത്ര ഊന്നി പറഞ്ഞാലും അധികമാവില്ല.)

പൊതുവില്‍ യോനിക്ക് ഉപരിയായി ഒരു ജീവിതമുണ്ട്.

ഞാന്‍ പദ്മാവത് കാണില്ല; എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് കാണാനുള്ള അവകാശത്തെ മരണം വരെ പ്രതിരോധിക്കും

ഞാന്‍ യോനികളെ കുറിച്ച് ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണെന്ന് ഒരുപക്ഷെ നിങ്ങള്‍ അത്ഭുതം കൂറുന്നുണ്ടാവും. പക്ഷെ നിങ്ങളുടെ മാസ്റ്റര്‍പീസ് കണ്ടുകഴിഞ്ഞപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്. ഒരു യോനിയായിപ്പോയതുപോലെ എനിക്ക് തോന്നി. ഒരു യോനിമാത്രമായി ചുരുങ്ങിപ്പോയതുപോലെ എനിക്ക് തോന്നി. സ്ത്രീകളും സ്ത്രീ പ്രസ്ഥാനങ്ങളും വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത വോട്ട് ചെയ്യാനുള്ള അവകാശം, കുടുംബസ്വത്തിലുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, തുല്യ വേതനത്തിനുള്ള അവകാശം, പ്രസവാവധി, വിശാഖ വിധിന്യായം, കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം തുടങ്ങിയ ‘ചെറിയ’ നേട്ടങ്ങളൊക്കെ അപ്രസക്തമായതായി എനിക്ക് തോന്നി; കാരണം നമ്മള്‍ ഏറ്റവും പ്രാഥമിക കാര്യത്തിലേക്ക് മടങ്ങിപ്പോയിരിക്കുന്നു.

ജീവിക്കാനുള്ള അവകാശം എന്ന അടിസ്ഥാന പ്രശ്‌നത്തിലേക്ക് മടങ്ങിവരാം. വിധവകളായ, ബലാല്‍സംഗം ചെയ്യപ്പെട്ട, വൃദ്ധരായ, ഗര്‍ഭിണികളായ, യൗവനയുക്തകളല്ലാത്ത സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ടോ എന്ന ഇരുണ്ട കാലഘട്ടത്തിലെ ചോദ്യത്തിലേക്ക് താങ്കളുടെ ചിത്രം ഞങ്ങളെ മടക്കിക്കൊണ്ടുപോയി എന്ന് കരുതേണ്ടിയിരിക്കുന്നു.

മാലിക് മുഹമ്മദ്‌ ജയസി കാണാത്ത പദ്മാവതി, ബിജെപിയും കോണ്‍ഗ്രസും കാണിക്കാന്‍ ഇഷ്ടപ്പെടാത്ത പദ്മാവതി

ജോഹറും സതിയും നമ്മുടെ സാമൂഹ്യ ചരിത്രത്തിന്റെ ഒരു ഭാഗമായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതൊക്കെ സംഭവിച്ചിരുന്നു. ഉജ്ജ്വലവും തീവ്രവും ഞെട്ടിക്കുന്നതുമായ ദൃശ്യ പ്രതിനിധീകരണത്തിന് അവസരം നല്‍കുന്ന ഉദ്വേഗജനകമായ നാടകീയ സംഭവങ്ങളാണ് അവ പ്രദാനം ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും; പ്രത്യേകിച്ചും താങ്കളെ പോലുള്ള കൃതഹസ്തനായ ഒരു ചലച്ചിത്രകാരന്റെ കൈകളില്‍. എന്നാല്‍ യുഎസില്‍ 19-ാം നൂറ്റാണ്ടില്‍ കൊലയാളികളായ വെള്ളക്കാരുടെ ആള്‍ക്കൂട്ടം കറുത്തവര്‍ഗ്ഗക്കാരെ കൂട്ടക്കൊല ചെയ്തതും ഉദ്വേഗജനകവും ഞെട്ടുക്കുന്നതുമായ നാടകീയ സംഭവങ്ങളായിരുന്നു. വംശീയതയെ കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലാതെ ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഒരാള്‍ക്ക് സാധിക്കുമെന്ന് അത് അര്‍ത്ഥമാക്കുന്നുണ്ടോ? വംശീയ വിദ്വേഷത്തിനെതിരെ ഒരു അഭിപ്രായവും പ്രകടിപ്പിക്കാത്ത ഒരു ചിത്രം? രക്തത്തിളപ്പിന്റെയും ശുദ്ധിയുടെയും ധീരതയുടെയും നിര്‍മ്മിക്കപ്പെട്ട വാര്‍പ്പ് മാതൃകളുടെ സൂചനകളായാണ് ഇത്തരം കൂട്ടക്കൊലകള്‍ ചിത്രീകരിക്കപ്പെടുന്നതെന്നാണ് ഏറ്റവും ശോചനീയം. ഇത്രയും ഹീനമായ വിദ്വേഷ കുറ്റങ്ങളെ എങ്ങനെയാണ് ഒരാള്‍ക്ക് മഹത്വവല്‍ക്കരിക്കാന്‍ സാധിക്കുന്നത് എന്നതിനെ കുറിച്ച് എനിക്ക് സങ്കല്‍പിക്കാനേ പറ്റുന്നില്ല.

ബന്‍സാലി നിങ്ങള്‍ നിരാശപ്പെടുത്തി; സീതയും ശീലാവതിയും കണ്ണകിയുമൊന്നുമല്ല, ആണ്ടാള്‍ ദേവനായികമാരാണ് ഞങ്ങളുടെ നായികമാര്‍

സതിയും ജോഹറും മഹത്വവല്‍ക്കരിക്കപ്പെടേണ്ട ആചാരങ്ങളല്ലെന്ന് നിങ്ങള്‍ തീര്‍ച്ചയായും സമ്മതിക്കുന്നുണ്ട് സര്‍. ഇത്തരം ആചാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സ്ത്രീകളെയും പുരുഷന്മാരെയും പ്രേരിപ്പിക്കുന്ന അഭിമാനത്തിന്റെയും ത്യാഗത്തിന്റെയും വിശുദ്ധിയുടെയും പ്രാചീന സങ്കല്‍പങ്ങളെ പിന്തുണയ്‌ക്കേണ്ടതില്ല എന്ന കാര്യത്തിലും നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസം ഉണ്ടാവില്ല; സ്ത്രീ ചേലകര്‍മ്മവും (എഫ്ജിഎം) അഭിമാന കൊലകളും പോലെ തന്നെ പുരുഷകേന്ദ്രീകൃതവും സ്ത്രീവിരുദ്ധവും അതിനാല്‍ തന്നെ പ്രശ്‌നവല്‍കൃതവുമായ ആശയങ്ങളാണ് സതിയും ജോഹറും. സ്ത്രീകളുടെ വൈശിഷ്ട്യം നിലനില്‍ക്കുന്നത് അവരുടെ യോനികളിലാണെന്ന, അവരുടെ ആണധികാരികള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന സ്ത്രീകള്‍ വിലയില്ലാത്തവരാണെന്ന, ഒരു അന്യന്റെ സ്പര്‍ശനത്തില്‍ അശുദ്ധമാക്കപ്പെടുന്നതാണ് അവരുടെ ശരീരങ്ങള്‍ എന്ന് വിശ്വസിക്കുന്ന ഒരു മാനസികാവസ്ഥയുടെ പ്രതിഫലനമാണിത്; അല്ലെങ്കില്‍ സ്ത്രീയുടെ മേല്‍ സാമൂഹികമായി അംഗികരിക്കപ്പെട്ട ‘ഉടമസ്ഥതയോ’ ‘നിയന്ത്രണമോ’ ഇല്ലാത്ത ഒരു പുരുഷന്റെ നോട്ടം പോലും അവളെ കളങ്കിതയാക്കും എന്ന വിശ്വാസത്തിന്റെ ഭാഗമാണത്.

സ്ത്രീ സമത്വത്തെ നിരാകരിക്കുന്നു എന്നതുകൊണ്ട് മാത്രമല്ല സതിയും ജോഹറും സ്ത്രീ ചേലകര്‍മ്മവും അഭിമാനക്കൊലകളും മഹത്വവല്‍ക്കിരിക്കപ്പെടരുത് എന്ന് പറയുന്നത്. മറിച്ച്, അത് സ്ത്രീകളുടെ സ്വത്വത്തെ തന്നെ നിരാകരിക്കുന്നത് കൊണ്ടുകൂടിയാണ്. സ്ത്രൈണ മനുഷ്യത്വത്തെ അത് നിരാകരിക്കുന്നു. ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അത് നിരാകരിക്കുന്നു. അത് തെറ്റാണ്. 2018ല്‍ ഇത്തരത്തിലുള്ള ഒരു പ്രശ്‌നം ഉന്നയിക്കപ്പെടേണ്ടത് പോലുമില്ലെന്ന് ഒരാള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കണം; പക്ഷെ അങ്ങനെയല്ല സംഭവിച്ചത്. സ്ത്രീ ചേലകര്‍മ്മത്തെയോ അഭിമാന കൊലകളെയോ മഹത്വവല്‍ക്കിരിക്കുന്ന ഒരു സിനിമ നിങ്ങള്‍ ചെയ്യില്ലെന്ന് ഉറപ്പാണ്!

ഇവിടെ പദ്മാവതിയും ദുര്‍ഗയും, അവിടെ വെര്‍ണ: ഇന്ത്യയും പാകിസ്ഥാനും ആവിഷ്‌കാര സ്വാതന്ത്ര്യവും

ഞാന്‍ അമിതാവേശമാണ് പ്രകടിപ്പിക്കുന്നതെന്നും ചിത്രത്തെ അതിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടതെന്നും സര്‍, നിങ്ങള്‍ പറയുമായിരിക്കും. 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നവരുടെ കഥയാണിത്. 13-ാം നൂറ്റാണ്ടിലെ ജീവിതത്തില്‍ ബഹുഭാര്യത്വം അംഗീകരിക്കപ്പെടുകയും ഇറച്ചിയോടും സ്ത്രീകളോടും മുസ്ലീങ്ങള്‍ അത്യാര്‍ത്തി കാണിക്കുകയും ആഢ്യരായ ഹിന്ദു വനിതകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ചിതയിലേക്ക് അഭിമാനപൂര്‍വം എടുത്തു ചാടുകയും, അതിന് കഴിയാത്തവര്‍ സ്വന്തമായി ചിത സൃഷ്ടിച്ച് അതില്‍ ആത്മഹൂതി നടത്തുകയും ചെയ്യുന്ന ഒരു സാമൂഹ്യ സാഹചര്യം 13-ാം നൂറ്റാണ്ടില്‍ നിലനിന്നിരിക്കാം. ദൈനംദിന സൗന്ദര്യവല്‍ക്കരണ പരിപാടികള്‍ക്കിടയില്‍ അവര്‍ സന്തോഷത്തോടെ ചര്‍ച്ച ചെയ്തിരുന്നു എന്നതിനാല്‍ തന്നെ സാമൂഹ്യ ആത്മഹത്യ എന്ന ആശയം അവര്‍ക്ക് പ്രിയങ്കരമായിരുന്നു എന്നും വേണമെങ്കില്‍ മനസിലാക്കാം.

അല്ല സര്‍; പത്മാവത് എന്ന സിനിമയിലേക്ക് നിങ്ങള്‍ സ്വാംശീകരിച്ച ഐതിഹ്യത്തിന് ചരിത്രപരമായ പശ്ചാത്തലം ഒരുക്കുക മാത്രമാണ് 13-ാം നൂറ്റാണ്ടില്‍ രാജസ്ഥാനില്‍ നടന്ന ക്രൂരതകള്‍ ചെയ്യുന്നത്. പക്ഷെ നിങ്ങളുടെ സിനിമയുടെ യഥാര്‍ത്ഥ പശ്ചാത്തലം 21-ാം നൂറ്റാണ്ടാണ്; അഞ്ച് വര്‍ഷം മുമ്പ് തലസ്ഥാനത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ബസില്‍ വച്ച് കൂട്ടമാനഭംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ രാജ്യമാണ് നമ്മളുടേത്. സ്വന്തം അഭിമാനം പങ്കിലമാക്കിപ്പെട്ടതിന്റെ പേരില്‍ ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തില്ല സര്‍. ആറ് ആക്രമണകാരികളോട് അവള്‍ പോരാടി. അവളുടെ പോരാട്ടം തീവ്രമായതിനാല്‍ ഒരു അക്രമി അവരുടെ യോനിയിലേക്ക് ഒരു ഇരുമ്പ് ദണ്ഡ് കുത്തികയറ്റുകവരെ ചെയ്തു. ആന്തരികാവയവങ്ങള്‍ പുറത്തേക്ക് തള്ളിയ നിലയില്‍ വഴിയോരത്ത് അവരെ കണ്ടെത്തേണ്ടി വന്നു. ദൃശ്യാത്മകമായി വിവരിക്കേണ്ടി വന്നതിന് മാപ്പ് തരൂ സര്‍, പക്ഷെ, നിങ്ങളുടെ ചിത്രത്തിന്റെ പശ്ചാത്തലം ഇതാണ്.

ആരാണ് റാണി പത്മാവതി? ചരിത്രമേത്, കഥയേതെന്ന് സംഘപരിവാര്‍ തീരുമാനിക്കും

നിങ്ങളുടെ ചിത്രം പുറത്തിറങ്ങുന്നതിന് ഒരാഴ്ച മുമ്പ്, ഹരിയാനയിലെ ജിന്ദില്‍ വച്ച് 15കാരിയായ ഒരു ദളിത് പെണ്‍കുട്ടി ക്രൂരമായ കൂട്ടബലാല്‍സംഗത്തിന് ഇരയായി; നിര്‍ഭയയെ ബലാല്‍സംഗം ചെയ്തതിന് സമാനമായ ക്രൂരതകള്‍ ഉള്ള ഒരു കുറ്റകൃത്യം.

ഒരേ മാനസികാവസ്ഥയുടെ രണ്ട് വശങ്ങളാണ് സതിയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതും എന്ന് നിങ്ങള്‍ക്കറിയാം. സ്ത്രീകളുടെ ഗുഹ്യ പ്രദേശങ്ങളെ ആക്രമിക്കാനും ബലാല്‍ക്കാരമായി അവളില്‍ പ്രവേശിക്കാനും അവളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അംഗഭംഗങ്ങള്‍ വരുത്താനും അവളില്‍ അധികാരം സ്ഥാപിക്കാനോ അല്ലെങ്കില്‍ ഇല്ലായ്മ ചെയ്യാനുമോ ആണ് ഒരു ബലാല്‍സംഗി ശ്രമിക്കുന്നത്. അവരുടെ ഗുഹ്യഭാഗങ്ങള്‍ അധിക്ഷേപിക്കപ്പെടുകയോ അല്ലെങ്കില്‍ അവരുടെ ‘യഥാര്‍ത്ഥ’ അവകാശിയുടെ നിയന്ത്രണത്തില്‍ ഉണ്ടാവാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ആ സ്ത്രീയെ ഉന്മൂലനം ചെയ്യാനാണ് സതി-ജോഹര്‍ വക്താക്കളും അവരുടെ പിന്തുണക്കാരും ശ്രമിക്കുന്നത്. സ്ത്രീയെ അവളുടെ ഗുഹ്യഭാഗങ്ങളിലേക്ക് ചുരുക്കിക്കെട്ടാനാണ് രണ്ട് ആശയങ്ങളും ശ്രമിക്കുന്നത്.

ഇനി കലയുടെ പശ്ചാത്തലം പറയുകയാണെങ്കില്‍, സൃഷ്ടിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്ന സമയവും സ്ഥലവുമാണ് ആ കലയുടെ പശ്ചാത്തലം. അതുകൊണ്ടാണ് സര്‍, ഇന്ത്യയെ ബാധിച്ച കൂട്ടബാലാല്‍സംഗങ്ങള്‍, അതിനെ അംഗീകരിക്കുന്ന മാനസികാവസ്ഥ, ഇരകളെ കുറ്റവാളികളായി ചിത്രീകരിക്കുപ്പെടുന്ന പ്രവണത നിങ്ങളുടെ ചിത്രത്തിന്റെ ഭാഗമായി മാറുന്നത്. സര്‍, ഈ പശ്ചാത്തലത്തില്‍ സതിയെയും ജോഹറിനെയും വിമര്‍ശിക്കുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ അങ്ങയുടെ ചിത്രത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടോ?

പത്മാവതി എന്ന മിത്തിക്കല്‍ സുന്ദരിയാണോ സംഘപരിവാറിന്റെ യഥാര്‍ത്ഥ പ്രശ്നം?

സതി, ജോഹര്‍ എന്നീ അനാചാരങ്ങളെ അംഗീകരിക്കുന്നില്ലെന്ന് നിങ്ങളുടെ ചിത്രത്തിന്റെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്നു. പക്ഷെ അതിന് ശേഷം രണ്ട് മണിക്കൂര്‍ 45 മിനിട്ട് നീണ്ടു നില്‍ക്കുന്ന രജപുത്ര അഭിമാന സ്‌തോത്രങ്ങളില്‍, ആളിക്കത്തുന്ന അഗ്നിഗോളങ്ങളില്‍ സ്വന്തം ജീവിതം സന്തോഷത്തോടെ ത്യജിക്കാന്‍ തയ്യാറാവുന്ന ബഹുമാനിതകളായ രജപുത്ര വനിതകളുടെ ജീവിതത്തില്‍ അവരെ സ്പര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന പരപുരുഷന്മാര്‍ സാംഗത്യവശാല്‍ മുസ്ലീങ്ങളാണ്.

സതി അല്ലെങ്കില്‍ ജോഹര്‍ ബഹുമാനിതമായ ഒരു തിരഞ്ഞെടുപ്പായി ‘നല്ല’ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന മൂന്ന് സന്ദര്‍ഭങ്ങളെങ്കിലും താങ്കളുടെ കഥാകഥനത്തില്‍ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല, സൗന്ദര്യവും ബുദ്ധിയും പാതിവ്രത്യവും പുലര്‍ത്തുന്ന താങ്കളുടെ നായിക സ്വന്തം ഭര്‍ത്താവിന്റെ അനുമതിയില്ലാതെ മരിക്കാന്‍ സാധിക്കാത്തതിനാല്‍ ജോഹര്‍ അനുഷ്ടിക്കുന്നതിനുള്ള അനുവാദം ഭര്‍ത്താവിനോട് ചോദിക്കുന്നുമുണ്ട്; അതിന് ശേഷം സത്യവും അസത്യവും തമ്മിലുള്ള, ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള യുദ്ധത്തെ കുറിച്ച് ഒരു ദീര്‍ഘപ്രഭാഷണം നടത്തുന്ന നായിക, സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പാതയില്‍ കൂട്ടായി സതി അനുവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പറയുന്നു.

പിന്നീട് ചിത്രത്തിന്റെ ഒടുവില്‍, മാനസികരോഗിയായ ഒരു മുസ്ലീം വില്ലന്‍ നോക്കി നില്‍ക്കുന്ന ഹൃദയമിടിപ്പുണ്ടാക്കുന്ന പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ നൂറുകണക്കിന് സ്ത്രീകള്‍ ദുര്‍ഗ്ഗ ദേവിയെ പോലെ അലങ്കരിക്കപ്പെട്ട് ജോഹര്‍ തീയിലേക്ക് നടന്നടുക്കുന്ന ഹൃദയഭേദകമായ ദൃശ്യം വരുന്നു. ആ വാഴ്ത്തിന് ഒരു ദേശീയഗാനത്തിന്റെ ശക്തിയുണ്ട്. കാണികളെ ഭയപരവശരാക്കാനും അതിനാല്‍ തന്നെ ആകര്‍ഷിക്കാനും സാധിക്കുന്ന ഒരു പ്രവര്‍ത്തി തന്നെയാണ് സര്‍ അത്. സര്‍, സതിയേയും ജോഹറിനെയും മഹത്വവല്‍ക്കരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യന്നില്ലെങ്കില്‍ പിന്നെന്താണ് അതെന്ന് എനിക്ക് ശരിക്കും മനസിലാവുന്നില്ല സര്‍.

ആര്‍എസ്എസിന്റെ സാംസ്കാരിക ദേശീയതയെ മുറിവേല്‍പ്പിക്കുന്ന പത്മാവതി

നിങ്ങളുടെ പടത്തിന്റെ ഒടുവില്‍ ഗര്‍ഭിണിയായ സ്ത്രീയും ചെറിയ പെണ്‍കുട്ടിയും തീയിലേക്ക് നടന്നടുക്കുന്ന ദൃശ്യം എന്നെ അസ്വസ്ഥയാക്കി സര്‍. മരണത്തിന് മേല്‍ ജീവിതത്തെ തിരഞ്ഞെടുത്തത് തെറ്റാണെന്നു ആ നിമിഷം എനിക്ക് തോന്നി. ജീവിക്കണമെന്ന് അഭിലഷിക്കുന്നത് തെറ്റാണ് എന്ന്. ഇതാണ് സര്‍ സിനിമയുടെ ശക്തി.

താങ്കളുടെ സിനിമ പ്രചോദനപരവും ഓര്‍മ്മകള്‍ ഉണ്ടാക്കുന്നതും ശക്തവുമാണ്. പ്രേക്ഷകരുടെ വൈകാരിക തലങ്ങളെ വളര്‍ത്താനും തളര്‍ത്താനും അതിന് സാധിക്കുന്നുണ്ട്. ആ സ്വാധീനം കൊണ്ടുതന്നെയാണ് സര്‍ നിങ്ങളുടെ ചിത്രത്തിലൂടെ ചെയ്യുകയും പറയുകയും ചെയ്ത കാര്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരവാദിയാകേണ്ടി വരുന്നതും.

1829നും 1861നും ഇടയിലുള്ള തുടര്‍ച്ചയായ നിരവധി കോടതി വിധികളിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് പരിഷ്ക്കരണവാദികളായ ഇന്ത്യക്കാരും ബ്രിട്ടിഷ് കോളനി സര്‍ക്കാരും നാട്ടുരാജ്യങ്ങളും സതിയെ ഒരു ക്രിമിനല്‍ കുറ്റമാക്കിയതും നിരോധിച്ചതും. സ്വാതന്ത്ര്യത്തിന് ശേഷം ദി ഇന്‍ഡ്യന്‍ സതി പ്രിവന്‍ഷന്‍ ആക്ട് (1988) സതി നുഷ്ഠിക്കുന്നതിന് ഏത് തരത്തിലുമുള്ള സഹായം ചെയ്യുക, പിന്തുണയ്ക്കുക, സതിയെ മഹത്വവത്ക്കരിക്കുക എന്നിവയും ക്രിമിനല്‍ കുറ്റമാക്കി. തികച്ചും സ്ത്രീ വിരുദ്ധമായ ഈ കുറ്റകൃത്യത്തെ ബുദ്ധിശൂന്യമായ രീതിയില്‍ മഹത്വവത്ക്കരിച്ച നടപടിക്ക്, സര്‍, താങ്കള്‍ ഉത്തരം പറയേണ്ടതുണ്ട്. താങ്കളുടെ സിനിമ കാണാന്‍ ടിക്കറ്റെടുത്ത് കയറിയ ഒരാള്‍ എന്ന നിലയില്‍ എന്തിന് ഇങ്ങനെ ചെയ്തു എന്നു ചോദിക്കാനുള്ള അവകാശം എനിക്കുണ്ട്.

ബിജെപിയോ കോണ്‍ഗ്രസോ ആവട്ടെ, ആവിഷ്കാര സ്വാതന്ത്ര്യം അവര്‍ക്ക് മനസിലാകുന്ന ഒന്നല്ല

ജോഹര്‍ പോലുള്ള ചിലത് ആധുനിക ഇന്ത്യയുടെ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം താങ്കള്‍ അറിഞ്ഞിരിക്കണം. നശിച്ച ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനകാലത്ത് ‘അന്യ’ മതസ്ഥരാല്‍ 75,000ത്തില്‍ അധികം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയോ, തട്ടിക്കൊണ്ടുപോകപ്പെടുകയോ, നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭിണികള്‍ ആക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. സ്വമേധയയോ അല്ലെങ്കില്‍ ആരുടേയും സഹായത്തോടെയോ നടന്നിട്ടുള്ള നിരവധി ആത്മഹത്യകളുടെ ഉദാഹരണങ്ങള്‍ ആ കാലത്ത് നിന്നും എടുത്തുകാണിക്കാന്‍ പറ്റും. ചില സംഭവങ്ങളില്‍ അന്യ മതത്തിലെ പുരുഷന്‍മാര്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കാന്‍ ഭര്‍ത്താക്കന്മാരും അച്ഛന്‍മാരും തങ്ങളുടെ ഭാര്യമാരുടെയും മക്കളുടെയും തലയറുത്ത സംഭവങ്ങള്‍ വരെ ഉണ്ടായി.

തോഅ ഖല്‍സ കലാപത്തില്‍ നിന്നും രക്ഷപ്പെട്ട ബിര്‍ ബഹാദൂര്‍ സിംഗ് സ്ത്രീകള്‍ ഗ്രാമത്തിലെ കിണറുകളില്‍ ചാടി ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. വെറും അര മണിക്കൂര്‍ കൊണ്ട് ആ കിണര്‍ സ്ത്രീകളുടെ ശരീരം കൊണ്ട് നിറഞ്ഞു എന്നു അയാള്‍ ഓര്‍മ്മിക്കുന്നു. ഏറ്റവും മുകളിലുള്ള സ്ത്രീകളുടെ ജീവന്‍ ബാക്കിയായി. അദ്ദേഹത്തിന്റെ അമ്മ അങ്ങനെ രക്ഷപ്പെട്ടവരില്‍ ഒരാളായിരുന്നു. ഉര്‍വശി ഭൂട്ടാലിയയുടെ 1998 ലെ ‘നിശബ്ദതയുടെ മറുവശം’ എന്ന പുസ്തകത്തില്‍ തന്റെ അമ്മ ജീവിച്ചിരിക്കുന്നത് തനിക്ക് നാണക്കേടായിരുന്നു എന്നു ബിര്‍ ബഹാദൂര്‍ സിംഗ് ഓര്‍ക്കുന്നുണ്ട്.

എനിക്ക് 1,600 ഭാര്യമാരുണ്ട്; പിന്നെ എന്തിന് പത്മാവതി?

ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തെ കുറിച്ചുള്ള വിവരണമാണ്. ഈ സംഭവങ്ങള്‍ നാണക്കേടോടെയും ഭയത്തോടെയും വേദനയോടെയും അനുകമ്പയോടെയും മാത്രമേ ഓര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാതെ ആളുകളെ ആകര്‍ഷിക്കാന്‍ നടത്തുന്ന ബുദ്ധിശൂന്യമായ മഹത്വവത്ക്കരണമല്ല വേണ്ടത്. വിഭജനത്തിന്റെ വേദനാപൂര്‍ണ്ണമായ ഈ കഥകള്‍ താങ്കളുടെ ചിത്രമായ പദ്മാവതിന് പുറത്തുള്ള കാര്യമായിരിക്കാം.

മിസ്റ്റര്‍ ബന്‍സാലി, താങ്കള്‍ ആഗ്രഹിക്കുന്നതുപോലെ കൂടുതല്‍ ചിത്രങ്ങള്‍ സമാധാനത്തോടെ സംവിധാനം ചെയ്യാനും പ്രദര്‍ശനത്തിന് എത്തിക്കാനും കഴിയട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു. താങ്കള്‍, താങ്കളുടെ നടീനടന്‍മാര്‍, താങ്കളുടെ സ്റ്റുഡിയോ, പ്രേക്ഷകര്‍ എല്ലാവരും ഭീഷണികളില്‍ നിന്നും ഗുണ്ടായിസത്തില്‍ നിന്നും സുരക്ഷിതരായിരിക്കട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. താങ്കളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ട്രോള്‍ ആക്രമണങ്ങള്‍ക്ക് എതിരെയും ടെലിവിഷന്‍ അവതാരകര്‍ക്കെതിരെയും ഞാന്‍ പോരാടും. ഒപ്പം താങ്കള്‍ ജനങ്ങളുടെ മുന്‍പിലേക്ക് വെക്കുന്ന കലാരൂപത്തെ ഞാന്‍ ചോദ്യം ചെയ്യുമെന്നും ഓര്‍മ്മിപ്പിക്കുന്നു. അതേസമയം കര്‍ണി സേനയിലോ മര്‍ണി സേനയിലോ ഉള്ള ഒരു തീവ്രവാദിക്കും സതി ക്രിമിനല്‍ കുറ്റം അല്ലാതാക്കാനുള്ള ആവശ്യം ഉയര്‍ത്താനുള്ള ആശയം ഈ ചിത്രത്തില്‍ നിന്നും കിട്ടാതെ പോകട്ടെ എന്നും ഞാന്‍ പ്രത്യാശിക്കുന്നു!

(കടപ്പാട്: ദി വയര്‍)

പദ്മാവതി, ദുര്‍ഗ്ഗ, ഹാദിയ, പാര്‍വ്വതി; നമ്മുടെ സ്വാതന്ത്ര്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍

This post was last modified on January 30, 2018 1:21 pm