X

ഇത്രയും കറുത്തകാലം ജോണും അരവിന്ദനും റെയും കണ്ടിട്ടില്ല-ടിവി ചന്ദ്രന്‍

അഭിപ്രായം പറയാന്‍ വിലക്കുള്ളിടത്ത് സിനിമയോ ചലച്ചിത്രോത്സവങ്ങളോ ഉണ്ടാവില്ല

ജോണ്‍ എബ്രാഹാമും അരവിന്ദനും സത്യജിത് റേയുമൊന്നും നേരിടാത്ത ആഴമുള്ള ഇരുട്ടിനെയാണ് നാമിന്ന് നേരിടുന്നത് എന്നു സംവിധായകന്‍ ടിവി ചന്ദ്രന്‍. ഇത്രയും കറുത്തകാലം അവരൊന്നും കണ്ടിട്ടില്ല. ആ ഇരുട്ടിനെ നേരിടാന്‍ കൂടുതല്‍ ആഴ്ത്തിലേക്ക് പോകേണ്ടതുണ്ട്. നമുടെ സിനിമകള്‍ അതിനുതകും വിധം കൂടുതല്‍ ശക്തമാകേണ്ടിയിരിക്കുന്നു. ഇരുട്ടില്‍ ജീവിക്കുമ്പോഴാണ് കൂടുതല്‍ വെളിച്ചം ലഭിക്കാനുതകുന്ന സിനിമകള്‍ ഉണ്ടാകേണ്ടത്. കേരള സംസ്ഥാന ചലചിത്ര അക്കാദമി കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രാദേശിക ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായം പറയാന്‍ വിലക്കുള്ളിടത്ത് സിനിമയോ ചലച്ചിത്രോത്സവങ്ങളോ ഉണ്ടാവില്ല. സിനിമയെടുക്കല്‍ എന്നു പറഞ്ഞാല്‍ അഭിപ്രായം രേഖപ്പെടുത്തലാണ്. ഇന്ന് സിനിമയ്ക്കു പല തരത്തിലുള്ള വിലക്കുകളാണ്. ഇത് കൂടിക്കൂടി വരുമ്പോള്‍ ചലച്ചിത്രോത്സവങ്ങള്‍ക്കുള്ള വേദികള്‍ ഇല്ലാതാവും.

അഗര്‍ത്തല വീണു കഴിഞ്ഞു. അവിടെ ഫാസിസം തകര്‍ത്തെറിഞ്ഞ പ്രതിമകളുടെ നിലവിളികളാണ് ഉയരുന്നത്. അവിടെ ഇനി ചലച്ചിത്രോത്സവങ്ങള്‍ ഉണ്ടാവാന്‍ ഇടയില്ല. ചെന്നൈയില്‍ രണ്ടുവര്‍ഷമായി അത് നടക്കുന്നില്ല. ബെംഗളൂരുവില്‍ എത്രകാലം ഉണ്ടാവുമെന്ന് അറിയില്ല. ഒടുവില്‍ ഇത് കോഴിക്കോടും തിരുവനന്തപുരത്തുമൊക്കെ ചെറിയ തുരുത്തുകളിലായി മാത്രമായി ഒതുങ്ങും.

ജോണ്‍ എബ്രഹാമിന്റെ ‘വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ’ എന്ന ചിത്രത്തില്‍ പശു കേന്ദ്രമന്ത്രിയുടെ പോസ്റ്റര്‍ തിന്നുന്ന രംഗം ഉണ്ട്. സെന്‍സര്‍ ബോര്‍ഡ് വിശദീകരണം ചോദിച്ചപ്പോള്‍ വിശന്നുവലഞ്ഞ പശു തിന്നുകൊഴുത്ത കേന്ദ്ര മന്ത്രിയുടെ പോസ്റ്റര്‍ തിന്നുന്നു എന്നാണ് ജോണ്‍ വിശദീകരണം കൊടുത്തത്. എന്നാല്‍ ഇന്നായിരുന്നു ആ രംഗം ചിത്രീകരിച്ചിരുന്നതെങ്കില്‍ പശുവിനെ അപമാനിച്ചതിന്റെ പേരില്‍ ജോണ്‍ ക്രൂശിക്കപ്പെട്ടേനെ.

വിദേശ സിനിമകള്‍ കാണിക്കാനുള്ളതു മാത്രമാകരുത് ചലച്ചിത്രോത്സവങ്ങള്‍. ചലചിത്ര അക്കാദമി സിനിമ നിര്‍മ്മിക്കണം. അക്കാദമിയുടെ സഹായത്തോടെ പുതിയ സംവിധായകരും നിര്‍മാതാക്കളും എഴുത്തുകാരും ഉണ്ടാകുന്ന അത്തരം സിനിമയാകണം ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന്‍ ചിത്രം.

അവാര്‍ഡ് നിര്‍ണയത്തില്‍ വ്യക്തികള്‍ക്കല്ല സിനിമകള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയെന്ന് ടിവി ചന്ദ്രന്‍ പറഞ്ഞു. അവാര്‍ഡ് നല്‍കിയവരില്‍ 28 പേര്‍ക്കും ആദ്യമായാണ് അവാര്‍ഡ് ലഭിക്കുന്നത്. ഇത് നല്ലൊരു സന്ദേശമാണ് സിനിമയ്ക്കും സമൂഹത്തിനും നല്‍കുന്നത്.

This post was last modified on March 10, 2018 12:00 pm