അഴിമുഖം പ്രതിനിധി
109 പേരുടെ മരണത്തിന് കാരണമായ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം എമ്പാടു നിന്നും ഉയരുകയും ഹൈക്കോടതി പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയും ചെയ്യുമ്പോള്‍ നിരോധന വിഷയത്തില്‍ ആര്‍ എസ് എസും കേരളത്തിലെ ബിജെപിയും രണ്ടു തട്ടില്‍.
കരിയും വേണ്ട, കരിമരുന്നും വേണ്ട എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്യങ്ങള്‍ ഓര്‍ക്കണമെന്ന് ആര്‍ എസ് എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍ അഭിപ്രായപ്പെടുമ്പോള്‍ കടത്തു വള്ള ദുരന്തം ഉണ്ടാകുമ്പോള്‍ കടത്തു വള്ളം നിരോധിക്കണമോയെന്ന ചോദ്യമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉന്നയിക്കുന്നത്. നിരോധിച്ചതു കൊണ്ട് പ്രശ്‌നപരിഹാരമാകില്ല. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണം എന്ന നിലപാടാണ് കുമ്മനം മാതൃഭൂമി ന്യൂസിനോട് പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍ ആനയെഴുന്നള്ളത്തിനും വെടിക്കെട്ടിനുമായി കോടിക്കണക്കിന് രൂപ ചെലവാക്കിയുള്ള ക്ഷേത്രാഘോഷങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് നന്ദകുമാറിന്റെ അഭിപ്രായം. കാലാനുസൃതമായി ക്ഷേത്രാചാരങ്ങളിലും മാറ്റം വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
വെടിക്കെട്ട് വേണ്ടെന്ന നിലപാടാണ് ശിവഗിരി മഠവും എന്‍ എസ് എസും ഒക്കെ സ്വീകരിക്കുന്നത്. ഗുരുവിന്റെ ഉപദേശം തന്നെയാണ് ശിവഗിരി മഠവും പിന്തുടരുന്നത്. മഠത്തിന്റെ ആരാധനാലയങ്ങളില്‍ നിരോധനം നടപ്പിലാക്കിയിട്ടുണ്ടെന്നും ആരാധനാലയങ്ങള്‍ മനുഷ്യന്‍ തീര്‍ക്കുന്ന ദുരിതങ്ങളുടെ സങ്കേതമായി മാറരുതെന്നും ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ അഭിപ്രായപ്പെടുന്നു.
മത്സരവെടിക്കെട്ടും ആനകമ്പവും നിയന്ത്രിക്കാന്‍ നിയമവും നടപടിയും
വേണമെന്നാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറയുന്നു. ധന-ചികിത്സാ സഹായങ്ങള്‍ പ്രഖ്യാപിച്ചതു കൊണ്ട് ദുരുന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ശാശ്വത പരിഹാരം ആകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
നിരോധനം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ 14-ാം തിയതി സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
This post was last modified on April 12, 2016 11:38 am
Leave a Comment