X

“ഇന്ന് നമുക്ക് ഒരു ശത്രു മാത്രമേയുള്ളൂ”; ആമസോണില്‍ കാട് കത്തിക്കുന്നതിനെതിരെ 14 ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ യോഗം ചേര്‍ന്നു, പോരാടാന്‍ തീരുമാനം

തദ്ദേശീയ സമൂഹങ്ങൾ ദീർഘകാലമായി നിലനിൽക്കുന്ന വംശീയ സംഘർഷങ്ങൾ മാറ്റിവെച്ചുകൊണ്ട് ജെയർ ബോൾസോനാരോയുടെ ഭരണത്തിനെതിരെ ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്

ബ്രസീലിയന്‍ ആമസോണിലെ സിങ്കു നദീതടത്തിൽ താമസിക്കുന്ന തദ്ദേശീയ സമൂഹങ്ങൾ ദീർഘകാലമായി നിലനിൽക്കുന്ന വംശീയ സംഘർഷങ്ങൾ മാറ്റിവെച്ചുകൊണ്ട് ജെയർ ബോൾസോനാരോയുടെ ഭരണത്തിനെതിരെ ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. 14 തദ്ദേശീയ ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ ഒരുമിച്ച് കഴിഞ്ഞയാഴ്ച കുബെങ്കോക്രെ ഗ്രാമത്തിൽ വെച്ച് യോഗം ചേർന്നു.

ബോള്‍സോനാരയുടെ നയങ്ങളോട് നേരത്തെ തന്നെ ഇവിടെ പ്രതിഷേധങ്ങളുയരുന്നുണ്ട്. കാര്‍ഷിക – ഖനന ആവശ്യങ്ങള്‍ക്കായി ആമസോണ്‍ കാടുകള്‍ കയ്യേറുന്നതുമായി ബന്ധപ്പെട്ട് യാതൊരെതിര്‍പ്പും ഉണ്ടായില്ലെന്നും, അതേസമയം അതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് ബോള്‍സോനാരയുടേതെന്നും നേരത്തെതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വന നശീകരണത്തിന്‍റെ മറ്റൊരു രൂപം മായിരുന്നു മനപ്പൂര്‍വ്വം തീയിട്ട് കാടു നശിപ്പിക്കല്‍. തദ്ദേശീയരായ സമൂഹങ്ങളാണ് അതിന്‍റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്.

നദീതടത്തിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റികളിലൊന്നായ കയാപസ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലാണ് സുപ്രധാനമായ യോഗം അവര്‍ വിളിച്ചുചേര്‍ത്തതെന്ന് ‘ബിബിസി ബ്രസീൽ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഇന്ന് നമുക്ക് ഒരു ശത്രു മാത്രമേയുള്ളൂ, അത് ബോള്‍സോനാരയുടെ സർക്കാറാണ്’ എന്നാണ് തദ്ദേശീയ സമുദായ നേതാക്കളില്‍ ഒരാളായ മുജ്ജൈർ കയാപെ പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ, ഇപ്പോള്‍ എല്ലാവരുടെയും ജീവിതത്തിന് ഭീഷണിയായി പുറത്ത് നിന്നുള്ളവര്‍ വരുമ്പോള്‍ അതിനെതിരെ ഒരുമിച്ചു പോരാടാനും ഞങ്ങള്‍ തയ്യാറാണ് എന്നും അദ്ദേഹം പറയുന്നു. അവരുടെ അവകാശങ്ങള്‍ ശക്തിയുക്തം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി ഒരു പ്രതിനിധി സമിതി രൂപീകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവരുംകൂടി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ആമസോണില്‍ തീപിടുത്തം വ്യാപകമായതോടെ ബോൾസോനാരോയുടെ ജനപിന്തുണയിലും കാര്യമായ ഇടിവുണ്ടായതായി ഡേറ്റാഫോൾഹ പോളിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രസിഡന്‍റിന്‍റെ പ്രവര്‍ത്തനത്തെ വളരെ മോശമായി വിലയിരുത്തുന്നവുടെ എണ്ണം ജൂലൈയില്‍ 33 ശതമാനമായിരുന്നത് ഓഗസ്റ്റില്‍ 38 ശതമാനമായി ഉയർന്നു.

വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ബോള്‍സോനാരോ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ തലവനെ പുറത്താക്കിയിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്നത് 2013-നുശേഷമുള്ള ഏറ്റവും വലിയ കാട്ടുതീയാണ്. പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടതായി വരുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ഒന്നടങ്കം മുന്നറിയിപ്പു നല്‍കുന്നത്.

Read More: ആമസോണിലെ കാട്ടു തീ: ലോകത്തിലെ അവസാനത്തെ ‘അവാ’ ഗോത്ര വര്‍ഗ്ഗകാരായ എണ്‍പത് പേരുടെ നിലനില്‍പും ഭീഷണിയില്‍

This post was last modified on September 4, 2019 8:20 am