X

ട്രംപിന്റെ നോമിനി ബ്രെറ്റ് കവനോയ്ക്കെതിരെ വീണ്ടും ലൈംഗികാരോപണം: സുപ്രീം കോടതി പ്രവേശനം ദുഷ്കരമാകും

രണ്ടാമതൊരു ആരോപണംകൂടെ ഉയര്‍ന്ന സാഹചര്യത്തില്‍ റിപ്പബ്ലിക്കന്‍ പക്ഷത്തിന് കവനോയെ സംരക്ഷിക്കുകയെന്നത് പ്രയാസമാകും.

യു.എസ് സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക്‌ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നിർദേശിച്ച ബ്രെറ്റ് കവനോയ്ക്കെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം. 1983ൽ യേൽ സർവകലാശാലയിലെ പഠന കാലത്ത് അനുചിതമായ രീതിയിലുള്ള ലൈംഗിക പെരുമാറ്റമുണ്ടായെന്നു ചൂണ്ടിക്കാടിയാണ് മറ്റൊരു സ്ത്രീ രംഗത്തെത്തിയിരിക്കുന്നത്.

കോളേജില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ കവനോവ് അശ്ലീലപ്രദർശനം നടത്തിയെന്നാണ് 53 കാരിയായ ഡെബോറോ റാമിരെസ് ആരോപിക്കുന്നത്. കൌമാരക്കാരനായിരുന്ന അദ്ദേഹത്തിന്‍റെ മുഖം തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നും, പിന്നീട് പുച്ഛഭാവത്തില്‍ എഫ്ബിഐ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കവനോവ് പറഞ്ഞതായും അവര്‍ പറയുന്നു.

നേരത്തെ, 1980-കളുടെ തുടക്കത്തിൽ ഒരു ഹൈസ്കൂൾ പാർട്ടിക്കിടെ കവനോവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പാലോ ഓൾട്ടോ സർവകലാശാല അധ്യാപികയായ ക്രിസ്റ്റീൻ ബ്ലാസി ഫോർഡും ആരോപിച്ചിരുന്നു. ആരോപണങ്ങൾ സംബന്ധിച്ച തെളിവെടുപ്പിന് വ്യാഴാഴ്ച സെനറ്റ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ ഫോർഡിനോടും കവനോയോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ താന്‍ ആരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ കവനോ വ്യക്തമാക്കി. റാമിരെസിന്‍റെ ആരോപണവും അദ്ദേഹം നിഷേധിച്ചു. ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നും എല്ലായ്‌പ്പോഴും കവനോയ്ക്കൊപ്പം നില്‍ക്കുമെന്നുമാണ് ട്രംപിന്‍റെ നിലപാട്.

സെനറ്റിന്‍റെ അംഗീകാരവും വിശ്വാസവും നേടിയെടുക്കുക എന്ന വലിയ കടമ്പയാണ് ഇനി കവനോയ്ക്ക് മുന്‍പിലുള്ളത്. നിലവില്‍ 51 – 49 എന്ന നിലയിലാണ് സെനറ്റിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് കക്ഷി നില. എന്നാല്‍ രണ്ടാമതൊരു ആരോപണംകൂടെ ഉയര്‍ന്ന സാഹചര്യത്തില്‍ റിപ്പബ്ലിക്കന്‍ പക്ഷത്തിന് കവനോയെ സംരക്ഷിക്കുകയെന്നത് പ്രയാസമാകും.

This post was last modified on September 25, 2018 9:27 pm