X

സര്‍വീസ് നിര്‍ത്തിയ ബോയിംഗ് 737 മാക്‌സ് വിമാനങ്ങളില്‍ കൂടുതല്‍ സുരക്ഷാപ്രശ്‌നങ്ങള്‍

737 മാക്സ് 8 മോഡൽ വിമാനങ്ങൾക്ക് എല്ലാ രാജ്യങ്ങളും പറക്കൽ അനുമതി നിഷേധിച്ചിരിക്കുകയാണിപ്പോൾ.

ബോയിങ് 737 മാക്സ് വിമാനങ്ങളിലും അതിന്‍റെ മുന്‍തലമുറയില്‍പെട്ട വിമാനങ്ങളിലും അമേരിക്ക കൂടുതല്‍ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തി. മുന്നൂറോളം 737 മാക്സ് വിമാനങ്ങള്‍ പരിശോധിക്കാന്‍ വിമാന കമ്പനികളോട് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നിര്‍ദ്ദേശിച്ചിരുന്നു.

തുടരെത്തുടരെ അപകടങ്ങള്‍ ഉണ്ടായതോടെ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ മാര്‍ച്ചു മാസത്തില്‍ സർവീസ് അവസാനിപ്പിച്ചിരുന്നു. എത്യോപ്യൻ എയർലൈൻസ്, ലയൺ എയർ അപകടങ്ങളില്‍ മാത്രം ഈ വര്‍ഷം 346 പേരാണ് മരണപ്പെട്ടത്. 2 ദുരന്തങ്ങളും 737 മാക്സ് വിമാനങ്ങളിലെ നിയന്ത്രണ സോഫ്റ്റ്‌വെയറിന്റെയും സെൻസറുകളുടെയും തകരാർ മൂലമാണെന്ന് വിമാന നിര്‍മ്മാണ കമ്പനി അംഗീകരിച്ചിരുന്നു. എന്നാല്‍ വിമാനത്തിന്‍റെ ചിറകുകളടക്കം പല ഭാഗങ്ങളും ശരിയായ രീതിയിലല്ല നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇരുപത് 737 മാക്സ് വിമാനങ്ങളില്‍ മാത്രമാണ് പ്രശ്നങ്ങള്‍ ഉള്ളതെന്ന് ബോയിങ് വിശദീകരിക്കുന്നു. 159 വിമാനങ്ങൾകൂടെ പരിശോധിക്കും. കൂടാതെ, മുന്‍കാല മോഡലായ 737 എൻ.ജി വിമാനങ്ങളില്‍ 133 എണ്ണവും പരിഷിധിക്കുമെന്നും കമ്പനി പറയുന്നു.

737 മാക്സ് 8 മോഡൽ വിമാനങ്ങൾക്ക് എല്ലാ രാജ്യങ്ങളും പറക്കൽ അനുമതി നിഷേധിച്ചിരിക്കുകയാണിപ്പോൾ. മാർച്ചിൽ ഒറ്റ ഓർഡർ പോലും 737 മാക്സിന് ലഭിച്ചിട്ടില്ലെന്ന് ബോയിങ്ങിന്‍റെ വിൽപനക്കണക്കുകൾ വ്യക്തമാക്കുന്നു. 737 ശ്രേണിയിലെ മറ്റു മോഡലുകളുടെ കച്ചവടവും കുത്തനെ ഇടിയുകയാണ്. ഇത്തരം വിമാനങ്ങളിലെ നിയന്ത്രണ സോഫ്റ്റ്‌വെയർ പരിഷ്കരിക്കുമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അതിലൊരു തീരുമാനവും ആയിട്ടില്ല.

This post was last modified on June 4, 2019 2:18 pm