X

“ഇത് നിങ്ങളുടെ ചവറിടാനുള്ള സ്ഥലമല്ല” – 1,600 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ യുഎസിലേക്കും കാനഡയിലേക്കും തിരിച്ചയക്കുമെന്ന് കംബോഡിയ

വികസിത രാജ്യങ്ങൾ അവരുടെ മാലിന്യങ്ങള്‍ അവിടെത്തന്നെ സംസ്കരിക്കട്ടെ എന്നാണ് ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാട്.

ഷിപ്പിംഗ് കണ്ടെയ്നറുകളിൽ നിന്ന് കണ്ടെത്തിയ 1,600 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ യുഎസിലേക്കും കാനഡയിലേക്കും തിരിച്ചയക്കുമെന്ന് കംബോഡിയ അറിയിച്ചു. മാലിന്യ കയറ്റുമതിക്കെതിരെ വളരെ ശക്തമായാണ് തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഇപ്പോള്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ വർഷം വിദേശ പ്ലാസ്റ്റിക് മാലിന്യ ഇറക്കുമതി നിരോധിക്കാനുള്ള ചൈനയുടെ തീരുമാനം ആഗോള റീസൈക്ലിംഗ് രംഗത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. വികസിത രാജ്യങ്ങൾ അവരുടെ മാലിന്യങ്ങള്‍ അവിടെത്തന്നെ സംസ്കരിക്കട്ടെ എന്നാണ് ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാട്.

കംബോഡിയയിലെ പ്രധാന തുറമുഖമായ സിഹനൌക്വില്ലില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച എൺപത്തിമൂന്ന് ഷിപ്പിംഗ് കണ്ടെയ്നറുകളാണ് കണ്ടെത്തിയതെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വക്താവ് നെത്ത് ഫെക്ട്ര പറഞ്ഞു. ‘വിദേശ രാജ്യങ്ങൾക്ക് അവരുടെ ഇ-മാലിന്യങ്ങൾ പുറന്തള്ളാനുള്ള ചവറ്റുകുട്ടയല്ല കംബോഡിയ. പ്ലാസ്റ്റിക് മാലിന്യങ്ങളും ലൂബ്രിക്കന്റുകളും ഇറക്കുമതിചെയ്യുന്നതിനും ഇവിടെത്തന്നെ റീസൈക്കിള്‍ ചെയ്യുന്നതിനും സര്‍ക്കാര്‍ ഒരിക്കലും അംഗീകരിക്കുകയില്ലെന്നും’ അദ്ദേഹം വ്യക്തമാക്കി.

70 കണ്ടെയ്നറുകൾ യുഎസിൽ നിന്നും 13 എണ്ണം കാനഡയിൽ നിന്നുമാണ് വന്നത്. ഇരു രാജ്യങ്ങളും ഇത്തരം മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നവരാണ്. കംബോഡിയയിൽ എങ്ങനെ, എന്തുകൊണ്ട് ഇത്തരം കണ്ടെയ്നറുകൾ എത്തിയെന്നത് ഇക്കാര്യം പരിശോധിക്കാൻ രൂപീകരിച്ച സർക്കാർ സമിതി അന്വേഷിക്കുമെന്ന് ഫെക്ട്ര പറഞ്ഞു. മാലിന്യം കൊണ്ടുവരുന്നതിൽ പങ്കാളികളാണെന്ന് കണ്ടെത്തുന്ന എല്ലാ കമ്പനികളേയും പിഴ ചുമത്തി കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ടെയ്നറുകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും, ബണ്ടിൽ ചെയ്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ചിത്രങ്ങളും കംബോഡിയൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള മാലിന്യങ്ങൾ വലിച്ചെറിയാനുള്ള സ്ഥലമല്ല കംബോഡിയയെന്നും, അത്തരം വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനോ പുനരുപയോഗം നടത്താനോ അനുവദിക്കില്ലെന്നും കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ഹുൻ സെൻ പറഞ്ഞിരുന്നു. ആഭ്യന്തരമായി ഉൽ‌പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തന്നെ കംബോഡിയയ്ക്ക് കടുത്ത പ്രശ്നമാണ് ഉണ്ടാക്കുന്നത്.

വിഷയത്തെകുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനും, മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും കഴിയുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. തെക്ക്-കിഴക്കൻ ഏഷ്യൻ തീരങ്ങളിൽ വൻതോതിൽ മാലിന്യങ്ങൾ കുന്നുകൂടുന്നുണ്ട്. അതോടെ മേഖലയില്‍ നിന്നുള്ള എതിര്‍പ്പും ശക്തമാണ്. ഫ്രാൻസും, ഓസ്‌ട്രേലിയയും മറ്റു വികസിത രാജ്യങ്ങളും കയറ്റിവിട്ട മാലിന്യം നിറച്ച കണ്ടെയ്നറുകള്‍ അതതു രാജ്യങ്ങളിലേക്കുതന്നെ തിരിച്ചയക്കുകയാണെന്ന് ഇന്തോനേഷ്യയും അടുത്തിടെ പ്രക്യാപിച്ചിരുന്നു.

This post was last modified on July 18, 2019 5:40 pm