X

സൗദി അറേബ്യ വധശിക്ഷ നടപ്പിലാക്കിയത് ബലപ്രയോഗത്തിലൂടെ കുറ്റസമ്മതം വാങ്ങിയതിന് ശേഷം; തെളിവുകള്‍ പുറത്ത്

ശിയാ വിഭാഗത്തില്‍പ്പെട്ടവരാണ് വധിക്കപ്പെട്ടവരില്‍ ഏറെയും

ഭീകരവാദ ബന്ധം ആരോപിച്ച് സൗദി അറേബ്യ കഴിഞ്ഞ ദിവസം വധിച്ചവരില്‍നിന്ന് മര്‍ദ്ദിച്ച് കുറ്റസമ്മതം വാങ്ങിച്ചതിന് ശേഷമെന്ന് ആരോപണം. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ വധ ശിക്ഷ നടപ്പിലാക്കിയതെന്നാണ് സൗദി അറേബ്യ വിശദീകരിച്ചത്. ഇത് തെറ്റാണെന്ന് കോടതി രേഖകള്‍ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

കോടതിയിലെ വിചാരണ വേളയില്‍ പലരും നിരപരാധികളാണെന്നും അവരുടെ കുറ്റസമ്മതം മറ്റാരോ എഴുതി തയ്യാറാക്കിയതാണെന്നും ചിലര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് കുറ്റസമ്മതം നടത്തേണ്ടിവന്നതെന്നായിരുന്നു മറ്റ് ചിലര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കോടതി ഈ വാദങ്ങള്‍ അംഗീകരിച്ചില്ല. ചിലര്‍ ഭരണാധികാരി സല്‍മാന്‍ രാജാവിനും അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനും വിധേയപ്പെട്ട് ജീവിക്കാമെന്നും ഉറപ്പുനല്‍കിയതായും കോടതി രേഖകള്‍ ഉദ്ധരിച്ച് സിഎന്‍എന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 ലാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞ ദിവസം സൗദി അറേബ്യ വധിച്ചവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നുവെന്നും രേഖകള്‍ പറയുന്നു.

വധശിക്ഷ വിധിക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ അബ്ദുള്‍ കരീം അല്‍ ഹവാജ് എന്ന 16 കാരനായിരെന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂടത്തിനെതിരായ പ്രകടനത്തില്‍ പങ്കെടുത്തതിന് 2012 ല്‍ അറസ്റ്റ് ചെയ്യപ്പെട്ട മുജ്താബൂ അല്‍ സ്വെയ്കാതിന് 17 വയസ്സായിരുന്നു. ഇയാളെയും കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധേയനാക്കി. മിച്ചിഗന്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന് പഠിക്കാന്‍ അമേരിക്കയിലേക്ക് കടക്കുന്നതിനിടെ വിമാനത്താവളത്തില്‍വെച്ചാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാളെ പിന്നീട് 90 ദിവസം ഏകാന്ത തടവില്‍ ഇടുകയായിരുന്നു.

2016 മുതലുള്ള വിചാരണയുടെ രേഖകളാണ് സിഎന്‍എന്‍ പുറത്തുവിട്ടത്. ഇതില്‍ 25 പേരുടെ വിചാരണ രേഖകളാണ് പുറത്തുവന്നത്. ഇറാനുവേണ്ടി ചാര പ്രവര്‍ത്തി നടത്തിയതിന്റെ പേരില്‍ 11 പേരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഭീകര ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നായിരുന്നു മറ്റ് 14 പേര്‍ക്കുള്ള ആരോപണം. ഇതില്‍ ഏറെ പേരും ശിയാ വിഭാഗത്തില്‍പ്പെട്ടവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശിയ വിഭാഗക്കാര്‍ കുടുതലായി താമസിക്കുന്ന അവാമിയ നഗരത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തു എന്നായിരുന്നു ഇവര്‍ക്കെതിരായ ആരോപണം.

വിചാരണയ്‌ക്കെതിരെ യുഎന്‍ 2017 ല്‍ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് നല്‍കിയ മറുപടിയില്‍ ശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നവര്‍ കുറ്റസമ്മതം നടത്തിയെന്നായിരുന്നു സൗദി പ്രതികരിച്ചത്. കുറ്റം സമ്മതിച്ചുവെന്ന് പറഞ്ഞുണ്ടാക്കിയ കത്ത് താന്‍ എഴുതിയല്ലതെന്ന് കോടതിയില്‍ മുനിര്‍ അല്‍ അദം എന്ന് 27-കാരന്‍ പറഞ്ഞതായുള്ള രേഖയും പുറത്തുവന്നിട്ടുണ്ട്. ഭാഗികമായി അന്ധനും ബധിരനുമാണ് ഇയാള്‍. കഴിഞ്ഞ ദിവസം ഇയാളെയും വധശിക്ഷയ്ക്ക് വിധേയനാക്കി. കുറ്റസമ്മതം ബലപ്രയോഗത്തിലൂടെ ഉണ്ടാക്കിയതാണെന്ന വെളിപ്പെടുത്തലിനോട് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സൗദി അറേബ്യ വധശിക്ഷ വിധേയരാക്കിയവരില്‍ ഏറെ പേരും സൗദിയില്‍ അവഗണന നേരിടുന്ന ശിയാ വിഭാഗത്തില്‍പ്പെട്ടവരാണ്. 2011 അറബ് വസന്തത്തിന്റെ കാലത്ത് ശിയാ നഗരമായ അവാമിയയില്‍ ആയിരുന്നു ഭരണകൂട വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ശിയ പുരോഹിതനായിരുന്ന ശെയ്ക്ക് നിമിര്‍ അല്‍ നിമര്‍ അവമിയ നഗരത്തിലായിരുന്നു. ഇദ്ദേഹത്തെ 2016 ല്‍ ഭരണകൂടം വധിച്ചിരുന്നു. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി പ്രധാനമായും കുറ്റശിക്ഷ നടപ്പിലാക്കിയതെന്ന് രേഖകള്‍ തെളിയിക്കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് ബന്ധുക്കളെ വിവരം അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യാപകമായി വധ ശിക്ഷ നടപ്പിലാക്കിയതില്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്നത് സൗദി അറേബ്യയിലാണ്. 47പേരെ 2016 ല്‍ വധശിക്ഷ നടപ്പിലാക്കിയിരുന്നു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തതിന് ശേഷം വിമത അഭിപ്രായം പുലര്‍ത്തുന്നവര്‍ക്കെതിരായ നടപടി ശക്തമാക്കിയിരുന്നു.

This post was last modified on April 27, 2019 8:05 pm