X
    Categories: വിദേശം

ശ്രീലങ്കയെ കൊളംബോ സെന്‍ട്രല്‍ ബാങ്ക് സ്‌ഫോടനത്തിന്റെ ഞെട്ടല്‍ ഓര്‍മിപ്പിച്ച കറുത്ത ഞായര്‍

ശ്രീലങ്കന്‍ സര്‍ക്കാരും എല്‍ടിടിഇ തമ്മിലുള്ള ആഭ്യന്തര യുദ്ധം അവസാനിച്ച് 10 വര്‍ഷത്തിനുശേഷം നടക്കുന്ന ഏറ്റവും വലിയ സ്‌ഫോടന പരമ്പരയാണിത്

ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഈസ്റ്റര്‍ ഞായര്‍ ശ്രീലങ്കയ്ക്ക് മരണത്തിന്റെ കറുത്ത ഞായറായി. വര്‍ഷങ്ങളോളം നീണ്ടു നിന്ന, ആയിരക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയ ആഭ്യന്തര യുദ്ധം അവസാനിച്ച് പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണത്തിനാണ് ശ്രീലങ്ക ഈസ്റ്റര്‍ ദിനത്തില്‍ ഇരയായത്. മുന്നു കത്തോലിക്ക പള്ളികളിലും മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന ആറു സ്‌ഫോടനങ്ങളില്‍ ഇതുവരെ പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 138. 400 ഓളം പേര്‍ പരിക്കേറ്റ് ആശുപത്രികളുണ്ട്. മരണസംഖ്യ ഇനിയും കൂടുമെന്നാണ് കരുതുന്നത്.

സിംഹളരും തമിഴരും തമ്മില്‍ വംശീയ വേര്‍തിരിവിന്റെ പേരിലുണ്ടായ ഏറ്റുമുട്ടലുകള്‍ 1983 മുതല്‍ ശ്രീലങ്കന്‍ സര്‍ക്കാരും വിതമ തമിഴ് സംഘടനയായ എല്‍ടിടിഇ( ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം)യും തമ്മിലുള്ള രക്തരൂക്ഷിത പോരാട്ടമായി വളര്‍ന്നപ്പോള്‍ പതിറ്റാണ്ടുകള്‍ കൊണ്ട് വെടിയേറ്റും ചിന്നിച്ചിതറിയും കൊല്ലപ്പെട്ടത് 65,000 മുകളില്‍ മനുഷ്യരാണ്. എല്‍ടിടിഇ പോരാട്ടം അടിച്ചമര്‍ത്തിയെന്ന് ശ്രിലങ്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചശേഷം ആ രാജ്യം രക്തച്ചൊരിച്ചിലുകളില്ലാത്ത ദിവസങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങിയിരിക്കുമ്പോഴാണ് ഇതുവരെ നടന്നതില്‍വച്ച് ഏറ്റവും വലുതെന്നു പറയാവുന്ന സ്‌ഫോടന പരമ്പരയും ആള്‍നാശവും ഉണ്ടായിരിക്കുന്നത്.

ശ്രീലങ്ക Live: സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 168 ആയി, കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും

1996 ലെ കൊളംബോ സെന്‍ട്രല്‍ ബാങ്ക് സ്‌ഫോടനത്തിന്റെ ഞെട്ടല്‍ ഓര്‍മിപ്പിക്കുന്ന സ്‌ഫോടനമാണ് ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായിരിക്കുന്നത്. കൊളംബോയിലെ കൊച്ചികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് ഫോടനങ്ങളുണ്ടായത്. ഈസ്റ്റര്‍ ദിനത്തില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്കിടയിലാണ് മൂന്നു പള്ളികളിലും ഉഗ്രസ്‌ഫോടനങ്ങള്‍ നടന്നത്. നൊഗോമ്പോയിലെ സെന്റ്. സെബാസ്റ്റിയന്‍സ് പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. സ്‌ഫോടനത്തില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു. മൃതദേഹങ്ങള്‍ പള്ളിക്കു പുറത്തേക്കു തെറിച്ചുപോയി. അകം മുഴുവന്‍ രക്തമൊഴുകി പരന്നതായും അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടന്ന സ്‌ഫോടനത്തിലാണ് ഒമ്പത് വിദേശ വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നത്. ഇവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ എത്രപേര്‍ കൊല്ലപ്പെട്ടതായി കൃത്യമായ വിവരം പുറത്തു വന്നിട്ടില്ല.

ഈസ്റ്റര്‍ ദിന സ്‌ഫോടനത്തിനു മുമ്പ് കൊളംബോയെ ഞെട്ടിച്ചുകൊണ്ടു നടന്ന ഏറ്റവും വലിയ സ്‌ഫോടനമായിരുന്നു 1996 ലെ കൊളംബോ സെന്‍്ട്രല്‍ ബാങ്ക് സ്‌ഫോടനം. ഈ ആക്രമണത്തിനു പിന്നില്‍ എല്‍ടിടിഇ ആയിരുന്നു. 1996 ജനുവരി 31 ന് നടന്ന സ്‌ഫോടനത്തില്‍ 91 പേരാണ് കൊല്ലപ്പെട്ടത്. 1400 ഓളം പേര്‍ക്കു പരിക്കേറ്റു. നൂറോളം പേര്‍ക്ക് കാഴ്ച്ച ശക്തി പൂര്‍ണമായി നഷ്ടപ്പെട്ടു. സൈനികരെ ലക്ഷ്യംവച്ച് ആക്രമണം നടത്തുന്ന തമിഴ് പുലികള്‍ ആ സ്‌ഫോടനത്തില്‍ സാധാരണക്കാരെയായിരുന്നു കൊന്നൊടുക്കിയത്.

ശ്രീലങ്കയുടെ വ്യാപരകേന്ദ്രം കൂടിയായ കൊളംബോയിലെ പ്രമുഖമായ സെന്‍ട്രല്‍ ബാങ്ക് കെട്ടിടത്തിലേക്ക് 440 പൗണ്ട് സ്‌ഫേടക വസ്തുക്കള്‍ നിറച്ച ലോറി എല്‍ടിടിഇ ചാവേര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ബാങ്ക് കെട്ടിടം കൂടാതെ സമീപത്തുണ്ടായിരുന്ന എട്ടു മറ്റു കെട്ടിടങ്ങള്‍ കൂടി സ്‌ഫോടനത്തില്‍ തകര്‍ന്നു. ലോറിക്കു മുമ്പിലായി ഒരു മുച്ചക്രവാഹനത്തില്‍ തോക്കുധാരികളായ തമിഴ് പുലികള്‍ എത്തി സുരക്ഷ ജീവനക്കാരെ വെടിവച്ചിട്ട ശേഷമായിരുന്നു ചാവേര്‍ ലോറി അകത്തേക്ക് ഓടിച്ചു കയറ്റിയത്. സ്‌ഫോടനത്തില്‍ ഒമ്പത് വിദേശികളും കൊല്ലപ്പെട്ടിരുന്നു. ബാങ്കിന്റെ പരിസരത്ത് ചെറിയ കച്ചവട സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടിരുന്നവരായിരുന്നു കൊല്ലപ്പെട്ടവരില്‍ കൂടുതലും.

ശ്രീലങ്ക പള്ളികളിലെ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്? തമിഴ് തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് പങ്കില്ലെന്ന് നിഗമനം

ജാഫ്‌നയില്‍ നിന്നെത്തിയ തമിഴ് പുലി സംഘമായിരുന്നു സെന്‍ട്രല്‍ ബാങ്ക് സ്‌ഫോടനം നടത്തിയത്. രാജു എന്നായിരുന്നു ചാവേറിന്റെ പേര്. ഇയാളെ കൂടാതെ സുബ്രഹ്മണ്യം വിഘ്‌നേശ്വരന്‍ എന്ന കിട്ടു, ശിവസാമി ധര്‍മേന്ദ്ര എന്ന രാജു എന്നിവരും ആക്രമണത്തില്‍ പങ്കെടുത്തിരുന്നു. സെന്‍ട്രല്‍ ബാങ്ക് സ്‌ഫോടനത്തില്‍ എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിടികൂടാന്‍ കഴിയാത്ത പ്രഭാകരന് 200 വര്‍ഷത്തെ തടവ് ആണ് കൊളംബോ ഹൈക്കോടതി ജഡ്ജി ജ.ശരത് അമ്പേപിടിയ വിധിച്ചത്. ജ. ശരത് 2004 ല്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ ആ കൊലപാകത്തിനു പിന്നില്‍ എല്‍ടിടിഇ ആയിരുന്നില്ല. ജ.ശരത് ശിക്ഷിച്ച് ഒരു മയക്കു മരുന്ന് മാഫിയ സംഘമായിരുന്നു.

2006 വരെ ഇല്‍ടിടിഇ-സര്‍ക്കാര്‍ ആഭ്യന്തര യുദ്ധത്തിനിടയിലെ ഏറ്റവും കൂടുതല്‍ പേരെ കൊന്നൊടുക്കിയ സ്‌ഫോടനം സെന്‍ട്രല്‍ ബാങ്ക് സ്‌ഫോടനം ആയിരുന്നു. 2006 ല്‍ എല്‍ടിടിഇ അതു തിരുത്തി. ഹബറാനയിലെ ദിഗംബതാനയില്‍ ശ്രീലങ്കന്‍ നാവികസേന വാഹനവ്യൂഹത്തിനു നേരെ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 91 പേരാണ് കൊലപ്പെട്ടത്. സൈനികരും നാട്ടുകാരും സ്‌ഫോടനത്തിന്റെ ഇരകളായി. ജനീവയില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ തുടര്‍ച്ചയ്ക്കായി ജാപ്പനീസ് പ്രതിനിധി പ്രസിഡന്റ് മഹീന്ദ രാജപക്ഷയെ കാണാനെത്തിയ അതേ ദിവസത്തിലായിരുന്നു സ്‌ഫോടനവും.

അവധിക്കു പോകുന്നവരും അവധി കഴിഞ്ഞു വരുന്നവരുമായ നാവിക സേനാംഗങ്ങള്‍ ഹബറാനയിലെ നേവി ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന വഴിയായിരുന്നു സ്‌ഫോടനം. 15 ബസുകളിലായിട്ടായിരുന്നു സൈനികര്‍ സഞ്ചരിച്ചിരുന്നത്. ദിഗംബതാനയില്‍ ബസുകള്‍ നിര്‍ത്തി പുറത്തിറങ്ങിയ സൈനികര്‍ക്കിടയിലേക്ക് ചാവേര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് വാഹനം ഓടിച്ചു കയറ്റുകയായിരുന്നു.ആുധങ്ങളുമൊന്നില്ലാതെ സിവിലിയന്‍ വേഷത്തിലായിരുന്നു സൈനികരെല്ലാം. സ്‌ഫോടനം നടന്നതിനു സമീപത്തെ കച്ചവടസ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നവരും കൊല്ലപ്പെട്ടു.

ഇത്തരത്തില്‍ നിരവധി ചെറുതും വലുതമായ സ്‌ഫോടനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള ശ്രീലങ്കയില്‍ ഒരു പതിറ്റാണ്ടിനിപ്പുറം നടന്ന സ്‌ഫേടന പരമ്പര വീണ്ടും ഭയത്തിന്റെതായൊരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.

ഈസ്റ്റര്‍ ചടങ്ങുകള്‍ക്കിടെ ശ്രീലങ്കന്‍ പള്ളികളിലെ സ്‌ഫോടന പരമ്പര/ ചിത്രങ്ങള്‍ / വീഡിയോ

This post was last modified on April 21, 2019 8:18 pm