X

ജര്‍മ്മന്‍ തീവ്ര വലതുപക്ഷ നേതാവ് ഇസ്ലാം സ്വീകരിച്ചു; പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വച്ചു

2013ല്‍ യൂറോ വിരുദ്ധ നിലപാടുകളുമായാണ് എ എഫ് ഡി നിലവില്‍ വന്നതെങ്കിലും സമീപകാലത്ത് പാര്‍ട്ടി കടുത്ത കുടിയേറ്റ വിരുദ്ധ, ഇസ്ലാം വിരുദ്ധ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

ജര്‍മ്മനിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയുടെ (എ എഫ് ഡി) നേതാവ് ആര്‍തര്‍ വാഗ്നര്‍ ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയിലുള്ള തന്റെ സ്ഥാനങ്ങള്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വാഗ്നര്‍ കിഴക്കന്‍ സംസ്ഥാനമായ ബ്രഡന്‍ബര്‍ഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും ജനുവരി 11ന് രാജിവെച്ചതെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആന്‍ഡ്രിയാസ് കല്‍ബിറ്റ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വാഗ്നര്‍ തന്നെ ഫോണില്‍ വിളിച്ചപ്പോഴാണ് രാജിക്കാര്യം അറിഞ്ഞതെന്നും കല്‍ബിറ്റ്‌സ് സിഎന്‍എന്നിനോട് ബുധനാഴ്ച വെളിപ്പെടുത്തി.

എ എഫ് ഡി മതസ്വാതന്ത്ര്യം അനുവദിക്കുന്ന പാര്‍ട്ടിയാണെന്നും അതിനാല്‍ തന്നെ വാഗ്നറുടെ രാജിക്ക് പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദം ഉണ്ടായിട്ടില്ലെന്നും കല്‍ബിറ്റ്‌സ് പറഞ്ഞു. 2013ല്‍ യൂറോ വിരുദ്ധ നിലപാടുകളുമായാണ് എ എഫ് ഡി നിലവില്‍ വന്നതെങ്കിലും സമീപകാലത്ത് പാര്‍ട്ടി കടുത്ത കുടിയേറ്റ വിരുദ്ധ, ഇസ്ലാം വിരുദ്ധ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 2015ല്‍ ഒരു ദശലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ അഭയം നല്‍കാനുള്ള ആഞ്ജല മെര്‍ക്കല്‍ സര്‍ക്കാരിന്റെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയ പാര്‍ട്ടിയാണ് എ എഫ് ഡി. കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 12.6 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.

ഇസ്ലാം മതത്തിന് ജര്‍മ്മനിയുമായി ബന്ധമില്ലെന്നും ജര്‍മ്മന്‍ സംസ്‌കാരവുമായി ഇസ്ലാമിക സംസ്‌കാരം ഒത്തുപോകില്ലെന്നുമാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. യഥാസ്ഥിതിക ഇസ്ലാം ജര്‍മ്മനിയുടെ പൊതു, രാജ്യക്രമവും സാംസ്‌കാരിക സ്വത്വവും ആഭ്യന്തര സമാധാനവുമായി ഒത്തുപോകില്ലെന്നായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിയുടെ സഹഅദ്ധ്യക്ഷന്‍ അലക്‌സാണ്ടര്‍ ഗൗലാണ്ട് വിശദീകരിച്ചത്. യൂറോപ്പില്‍ വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, രാജ്യത്തെ മുസ്ലീം പള്ളികള്‍ അടച്ചിടണമെന്നും മസ്ലീം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കണമെന്നും ജര്‍മ്മനിയിലെ തീവ്രവലതു കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.

This post was last modified on January 25, 2018 2:31 pm