X

ഇമ്രാന്‍ ഖാന്‍: പാകിസ്താന്റെ പുതിയ ‘ക്യാപ്റ്റന്‍’

ക്രിക്കറ്റ് ഗ്രൗണ്ടിലായാലും രാഷ്ട്രീയ ഗോദയിലായാലും ഇമ്രാന്റെ വിജയതൃഷ്ണ ലക്ഷ്യം കാണാതെ അടങ്ങില്ല. എന്നാല്‍ പാകിസ്താന്‍റെ ജനാധിപത്യത്തെ സംരക്ഷിക്കുക, അതിനെ മുന്നോട്ട് നയിക്കുക എന്നതെല്ലാം ക്രിക്കറ്റ് ലോകകപ്പ് നേടുന്നതിനേക്കാള്‍ എത്രയോ മടങ്ങ്‌ ദുഷ്കരവും ശ്രമകരവുമാണ് എന്ന് ഇമ്രാന്‍ ഖാന് അറിയുമായിരിക്കും.

ഇന്നലെ പാകിസ്താനില്‍ പോളിംഗ് പുരോഗമിക്കുമ്പോള്‍ തന്നെ ഇമ്രാന്‍ ഖാന്‍ വിജയാഹ്‌ളാദം തുടങ്ങിയിരുന്നു. തന്റെ കാര്‍ സ്റ്റീരിയോയില്‍ 1992ലെ ക്രിക്കറ്റ് ലോകകപ്പ് ഗാനമാണ് ഇമ്രാന്‍ കേട്ടുകൊണ്ടിരുന്നത്. പാകിസ്താന്‍ നേടിയിട്ടുള്ള ഒരേയൊരു ലോകകപ്പാണിത്. വോട്ട് ചെയ്ത് പോളിംഗ് സ്‌റ്റേഷിനില്‍ നിന്ന് പുറത്തിറങ്ങി കാറില്‍ കയറിയ ഇമ്രാന്‍ ഖാന്‍ ഉറക്കെ പാട്ട് വച്ചു – The world is coming down എന്ന പാട്ട്.

the world is coming down
the flags r up
who wanna be no.1
who’s gonna take up the cup
who will it be
who’ll be king
it’s once in a lifetime chance
who’ll rule the world
gotta see who rule the world

ക്രിക്കറ്റ് ഗ്രൗണ്ടിലായാലും രാഷ്ട്രീയ ഗോദയിലായാലും ഇമ്രാന്റെ വിജയതൃഷ്ണ ലക്ഷ്യം കാണാതെ അടങ്ങില്ല. ക്രിക്കറ്റില്‍ പാകിസ്താന്റെ അഭിമാനമായിരുന്ന ഓള്‍ റൗണ്ടറായിരുന്നു ഇമ്രാന്‍ ഖാന്‍. ഫാസ്റ്റ് ബൗളറും വെടിക്കെട്ട് ബാറ്റ്‌സ്മാനും. ക്രിക്കറ്റില്‍ ഇന്ത്യക്ക് കപില്‍ ദേവ് എന്ന പോലെയാണ് പാകിസ്താന് ഇമ്രാന്‍ ഖാന്‍. എന്നാല്‍ ഇമ്രാന്‍ ഖാന്‍ പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായിരുന്നു എന്നാണ് ഇനി ചരിത്രം പറയുക. തന്റെ വലിയ സ്വപ്‌നമായ പ്രധാനമന്ത്രി പദത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് ഇന്നലെ നടന്ന പൊതുതിരഞ്ഞെടുപ്പിലൂടെ ഇമ്രാന്‍ ഖാന്‍. ‘Man of the match’ എന്നാണ് ഇമ്രാന്റെ വിജയത്തിന് ദ നാഷന്റെ സ്വാഭാവികമായ തലക്കെട്ട്. Imran bowls all Out എന്നാണ് ദ ന്യൂസിന്റെ തലക്കെട്ട്.

അഭിപ്രായ സര്‍വേകളെല്ലാം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ (പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ്) അധികാരത്തില്‍ വരുമെന്നാണ് പറഞ്ഞിരുന്നെങ്കിലും സൈന്യം നടത്തിയ മറ്റൊരു ജനാധിപത്യ അട്ടിമറിയായിട്ടാണ് രാഷ്ട്രീയ എതിരാളികള്‍ ഇതിനെ കാണുന്നത്. പാകിസ്താനില്‍ സൈന്യത്തിന്റെ അപ്രമാദിത്വം അവസാനിപ്പിക്കുക എന്നത് ആ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ സാധ്യമാകാത്ത ഒന്നാണ്. സൈന്യത്തിന് വെല്ലുവിളിയാകും എന്നും തോന്നിയ ജനാധിപത്യ കക്ഷി നേതാക്കളെല്ലാം അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ലണ്ടനിലെയും ദുബായിലേയും പ്രവാസ ജീവിതം, മടങ്ങിവരവ്, അറസ്റ്റ്, ജയില്‍ അങ്ങനെ പോകുന്നു. സൈന്യത്തിന് അനഭിമതനായി മാറിയ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ സിയാ ഉള്‍ ഹഖിന്റെ പട്ടാള ഭരണകൂടം തൂക്കിലേറ്റി. നവാസ് ഷരീഫ് പ്രവാസ ജീവിതത്തിന് നിര്‍ബന്ധിക്കപ്പെടുകയും പല തവണ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. ബേനസീര്‍ ഭൂട്ടോ കൊല ചെയ്യപ്പട്ടതിനെ പിന്നിലെ പങ്കാളിത്തവും ഗൂഢാലോചനയും ദുരൂഹമായി തുടരുന്നു. ഇമ്രാന്‍ ഖാന്‍ ഏതായാലും സൈന്യത്തിന് ലാഡ്‌ലാ (പ്രിയപ്പെട്ടവന്‍) ആണെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്. സൈന്യത്തെ പിണക്കേണ്ടി വന്നാല്‍ ഇമ്രാന്‍ ഖാന്റെ അവസ്ഥ എന്താകും എന്നത് കണ്ടുതന്നെ അറിയണം.

സൈന്യവും ജനാധിപത്യ ഭരണകൂടവും കൊണ്ടും കൊടുത്തും മുന്നോട്ടുപോയി എന്നതിനേക്കാള്‍ എക്കാലവും സൈന്യത്തിന്റെ ‘വെടിയുണ്ടകളേറ്റ്’ ജനാധിപത്യ സര്‍ക്കാരുകള്‍ വീഴുന്നതാണ് പാകിസ്താന്റെ ചരിത്രം. ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ ഇന്ദിര ഗാന്ധിക്ക് സാം മനേക് ഷായെ പേടിയുണ്ടായിരുന്നു എന്ന് പല പത്രക്കാരും എഴുതിയിട്ടുണ്ട്. പട്ടാളത്തെ ഉപയോഗിച്ച് തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മനേക് ഷാ കോപ്പ് കൂട്ടുന്നുണ്ടോ എന്ന സംശയം. അത്തരത്തില്‍ യാതൊരു ദുരുദ്ദേശവുമില്ലെന്നും ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിക്കും ജനാധിപത്യ സര്‍ക്കാരിനും കീഴ്‌പ്പെട്ട് മാത്രമേ ഇന്ത്യന്‍ സൈന്യം പ്രവര്‍ത്തിക്കൂ എന്ന മനേക് ഷായുടെ ഉറപ്പാണ് ഇന്ദിരയെ സമാധാനിപ്പിച്ചത്. എന്നാല്‍ പാകിസ്താന് അത്തരം മനേക് ഷാമാരല്ല ഉള്ളത്. അയ്യൂബ് ഖാന്‍ മുതലുള്ള പാക് പട്ടാള ഭരണാധികാരികളുടെ ചരിത്രമെടുത്താല്‍ ജനറല്‍ പര്‍വേസ് മുഷറഫ് ആണ് പാകിസ്താന്‍ ഓടിച്ചുവിട്ട സൈനിക മേധാവികളില്‍ അവസാനത്തെയാള്‍. ആദ്യ പട്ടാള മേധാവി അയൂബ് ഖാന്‍ പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നു. 1971ല്‍ ബംഗ്ലാദേശിന് വേണ്ടി ഇന്ത്യയുമായി നടത്തിയ യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ രണ്ടാമത്തെ സൈനിക ഭരണാധികാരി യാഹ്യ ഖാന്‍ രാജി വച്ചു. ഇതിനിടയിലെല്ലാം പേരിന് ജനാധിപത്യ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നെങ്കിലും ഒന്ന് പോലും കാലാവാധി പൂര്‍ത്തിയാക്കിയില്ല.

മൂന്നാമത്തെ പട്ടാള ഭരണാധികാരി സിയ ഉള്‍ ഹഖ്, പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ സര്‍ക്കാരിന് അട്ടിമറിച്ചാണ് സിയ ഉള്‍ ഹഖ് 1977ല്‍ അധികാരം പിടിച്ചെടുത്തത്. 1971 മുതല്‍ പാകിസ്താന്‍ പ്രസിഡന്റായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോ 1973ല്‍ ബ്രിട്ടീഷ് രീതിയിലുള്ള വെസ്റ്റ്മിനിസ്റ്റര്‍ പാര്‍ലമെന്ററി സംവിധാനത്തിലേയ്ക്കും കാബിനറ്റ് ഭരണത്തിലേയ്ക്കും നീങ്ങിയതോടെ രാജ്യത്തിന്റെ ഭരണനേതൃത്വം വഹിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി. എന്നാല്‍ ഭൂട്ടോയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ സിയ ഭരണകൂടം അദ്ദേഹത്തെ ജയിലിലിടുകയും രാജ്യദ്രോഹത്തിന് വിചാരണ ചെയ്ത് 1979ല്‍ വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തു. ലോകം മൊത്തം പ്രതിഷേധത്തില്‍ ഇളകിമറിഞ്ഞെങ്കിലും സിയ ഉള്‍ ഹഖോ പാകിസ്താനിലെ പട്ടാള ഭരണകൂടമോ സൈന്യമോ കുലുങ്ങിയില്ല. 1988ല്‍ വിമാനാപകടത്തില്‍ സിയ കൊല്ലപ്പെടും വരെ സൈന്യം ഭരണം നിയന്ത്രിച്ചു.
പിന്നീടും തുടര്‍ന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥകളും ഇതിനിടയില്‍ അധികാരത്തില്‍ വന്ന ജനാധിപത്യ സര്‍ക്കാരുകള്‍ക്കുമെല്ലാം ശേഷം പാക് ചരിത്രത്തിലെ ഏറ്റവും ഒടുവിലെ പട്ടാള അട്ടിമറി 1999 ഒക്ടോബറില്‍ നടന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് ശേഷം. സൈനിക മേധാവിയായ ജനറല്‍ പര്‍വേസ് മുഷറഫ് അധികാരം പിടിച്ചെടുത്തു. നവാസ് ഷെരീഫ് വീട്ടുതടങ്കലിലും ജയിലിലുമായി. പിന്നീട് വിദേശത്ത് പ്രവാസജീവിതം നയിക്കാന്‍ നിര്‍ബന്ധിതനായി. 2008ല്‍ മുഷറഫിനും രാജ്യം വിട്ട് പലായനം ചെയ്യേണ്ടി വന്നു.

ജനവികാരം തനിക്കനുകൂലമാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന നവാസ് ഷെരീഫ് അഴിമതി കേസിലെ ജയില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായി നാട്ടില്‍ മടങ്ങിയെത്തിയത്. പാക് നേതാക്കളുടെ ഈ ദുരവസ്ഥ മാറ്റാനും സുസ്ഥിരമായ ഭരണം കാഴ്ച വയ്ക്കാനും അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ പ്രധാനമന്ത്രിയാകാനും ഇമ്രാന്‍ ഖാന് കഴിയുമോ എന്നതാണ് ചോദ്യം. പാകിസ്താനില്‍ പിപിപിയുടേയും പിഎംഎല്ലിന്റേയും ഓരോ സര്‍ക്കാരുകള്‍ വീതം കാലാവധി പൂര്‍ത്തിയാക്കിയ ചരിത്രം മാത്രമേയുള്ള. എന്നാല്‍ ഈ രണ്ട് സര്‍ക്കാരുകളേയും നയിക്കുന്ന പ്രധാനമന്ത്രിമാര്‍ മാറിയിരുന്നു. സൈന്യത്തിന്‍റെ പ്രിയപ്പെട്ടവന്‍ എന്ന് രാഷ്ട്രീയ എതിരാളികള്‍ പറയുന്ന ഇമ്രാന്‍ ഖാന് പാകിസ്താനില്‍ എന്ത് പുതിയ ജനാധിപത്യ ചരിത്രമാണ് എഴുതിച്ചേര്‍ക്കാന്‍ പോകുന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്.

1952 ഒക്ടോബര്‍ അഞ്ചിന് ലാഹോറിലാണ് ഇമ്രാന്‍ അഹമ്മദ് ഖാന്‍ നിയാസിയുടെ ജനനം. നവാസ് ഷരീഫിനെ പോലെ തന്നെ പഞ്ചാബി. ഉപരി മധ്യവര്‍ഗ കുടുംത്തിലെ അംഗമായി, സിവില്‍ എഞ്ചിനിയറായിരുന്ന ഇക്രാമുല്ലാ ഖാന്‍ നിയാസിയുടേയും ഷൗക്കത്ത് ഖാനൂമിന്റേയും മകന്‍. വടക്കുപടിഞ്ഞാറന്‍ പഞ്ചാബിലെ മിയാന്‍വാലിയിലാണ് കുടുംബം ഏറെക്കാലമായി കഴിഞ്ഞിരുന്നത്. ഇംഗ്ലണ്ടിലെ വോഴ്‌സ്റ്ററിലുള്ള റോയല്‍ ഗ്രാമര്‍ സ്‌കൂളില്‍ വച്ചാണ് ക്രിക്കറ്റാണ് തന്റെ വഴിയെന്ന് തിരിച്ചറിയുന്നത്. 1975ല്‍ ഓക്‌സ്‌ഫോഡിലെ പഠനം പൂര്‍ത്തിയാക്കി. ലാഹോറിലെ എയ്ച്ചിന്‍സണ്‍ കോളേജിലും പഠിച്ചിരുന്നു. ഇതിനിടെ 1971ല്‍ ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണില്‍ വച്ച് പാകിസ്താന്‍ ദേശീയ ടീമിന് വേണ്ടി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഇമ്രാന്‍ അരങ്ങേറിയിരുന്നു.

16ാം വയസില്‍ ലാഹോറില്‍ വച്ചാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം. 1973-75 കാലത്ത് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് ടീമിന്റെ ഭാഗം. വോഴ്‌സ്റ്റര്‍ഷയറില്‍ 1971 മുതല്‍ 76 വരെ കൗണ്ടി ക്രിക്കറ്റ് കളിച്ചു. ഇക്കാലത്ത് ഒരു ശരാശരി മീഡിയം പേസറായി മാത്രമേ ഇമ്രാന്‍ അംഗീകരിക്കപ്പെട്ടിരുന്നുള്ളൂ. 1971ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുകയും 1976 മുതല്‍ ടീമില്‍ സ്ഥിരമായി സ്ഥാനം പിടിച്ചെങ്കിലും 1978ലാണ് ഇമ്രാന്‍ ഖാന്‍ എന്ന സൂപ്പര്‍ താരത്തിന്റെ ഉദയം. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന ഫാസ്റ്റ് ബൗളിംഗ് കോണ്‍ടസ്റ്റില്‍ ലോകത്തെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ പേസ് ബൗളറായി ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു. മണിക്കൂറില്‍ 139.7 കിലോമീറ്റര്‍ എന്ന ഇമ്രാന്റെ വേഗതയാണ് അന്ന് മൂന്നാം സ്ഥാനം നേടിയത്.

1982ഓടെ ഇമ്രാന്‍ ഖാന്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി വാഴ്ത്തപ്പെട്ടു. ആ വര്‍ഷം ടീമിന്റെ ക്യാപ്റ്റനായി. ഒമ്പത് ടെസ്റ്റുകളില്‍ നിന്ന് 13.29 ശരാശരിയില്‍ 62 വിക്കറ്റുകള്‍ ഇമ്രാന്‍ വീഴ്ത്തി. ഒരു വര്‍ഷം 50 വിക്കറ്റുകള്‍ വീഴ്ത്തിയ ഏത് ടെസ്റ്റ് ബൗളറേയുമെടുത്താല്‍ ഏറ്റവും കുറഞ്ഞ ശരാശരിയായിരുന്നു അത്. 1983ല്‍ ഇന്ത്യക്കെതിരെയുള്ള പരമ്പരയടക്കം എടുത്താല്‍ ഐസിസിയുടെ എക്കാലത്തേയും മികച്ച ബൗളിംഗ് റാങ്കുകളില്‍ ഇമ്രാന്‍ ഖാന്‍ ഇടംപിടിച്ചു. കുറച്ച് മത്സരങ്ങളില്‍ നിന്ന് മൂവായിരം റണ്ണും 300 വിക്കറ്റും എന്ന ഓള്‍റൗണ്ടര്‍ റെക്കോഡില്‍ ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോഥത്തിന് പിന്നില്‍ രണ്ടാമനായി. ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന ഒരു ടെസ്റ്റ് താരത്തിന്റെ ഏറ്റവും വലിയ ബാറ്റിംഗ് ശരാശരി (61.86) കുറിച്ചു. ഇമ്രാന്‍ ഖാന്റെ അവസാന ടെസ്റ്റ് മത്സരം 1992 ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു. ഇതിന് നാല് മാസങ്ങള്‍ക്ക് ആറ് മാസങ്ങള്‍ക്ക് ശേഷം ഇമ്രാന്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നിറമുള്ള ജഴ്‌സികളില്‍ ക്രിക്കറ്റ് ടീമുകള്‍ ആദ്യമായി അണിനിരന്ന ആ ലോകകപ്പില്‍ ഇമ്രാന്‍ ഖാന്റെ പച്ചപ്പട ചാമ്പ്യന്മാരായി. പാകിസ്താനെ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ കയറ്റിവച്ച ശേഷമാണ് ഇമ്രാന്‍ ഖാന്‍ പടിയിറങ്ങിയത്.

ക്രിക്കറ്റിലേക്കാള്‍ ദീര്‍ഘമാണ് രാഷ്ട്രീയത്തില്‍ വിജയത്തിനായുള്ള ഇമ്രാന്‍ ഖാന്റെ കാത്തിരിപ്പ്. തെഹ്രീക് ഇ ഇന്‍സാഫ് രൂപീകരിച്ചത് 1996ലാണ്. പെഷവാറിലെ ഒരു റാലിയിലായിരുന്നു പുതിയ പാര്‍ട്ടിയെ ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്. 22 വര്‍ഷം വേണ്ടി വന്നു പാക്കിസ്താന്‍റെ ഭരണ തലപ്പെത്തെത്താന് ഇമ്രാന്‍ ഖാന്. ഇതിനിടയില്‍ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും മൂന്ന് വിവാഹങ്ങളും നിരവധി സ്ത്രീകളുമായുള്ള ബന്ധങ്ങളെക്കുറിച്ച് ഇമ്രാന്‍റെ മുന്‍ ഭാര്യമാര്‍ തന്നെ പറഞ്ഞ അരാജക ലൈംഗിക ജീവിതത്തിന്‍റെ കഥകളും. 2013ല്‍ നവാസ് ഷരീഫിന്‍റെ പാകിസ്താന്‍ മുസ്ലീം ലീഗ് വിജയിച്ച് അധികാരം നേടിയപ്പോള്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടിരിക്കുന്നതായി ആരോപിച്ച് ഇമ്രാന്‍ ഖാന്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനമന്ത്രി പദത്തിനുള്ള ഇമ്രാന്‍റെ കാത്തിരിപ്പ് നീണ്ടു. അവസാനം ഇമ്രാന്‍ ഖാന്‍ പാകിസ്താനെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സൈന്യത്തിന്‍റെ പിന്തുണയോടെ, അവരുമായി ധാരണയുണ്ടാക്കി ജുഡീഷ്യറിയെ വരെ വിലയ്ക്കെടുത്താണ് ഇമ്രാന്‍റെ അധികാരം പിടിച്ചെടുക്കല്‍ എന്നാണ് നവാസ് ഷരീഫിന്‍റെ ആരോപണം.

അഴിമതിവിരുദ്ധ പ്രചാരണത്തിലാണ് ഇമ്രാന്‍ ഖാന്‍ കേന്ദ്രീകരിച്ചത്. ശക്തമായ ഭരണവിരുദ്ധ വികാരം തുണയായി. ഇന്ത്യയില്‍ നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയ കുടുംബവാഴ്ച ആരോപണങ്ങള്‍ പാകിസ്താന്‍ മുസ്ലീം ലീഗിനും പിപിപിയ്ക്കും എതിരെ ഇമ്രാന്‍ ഉയര്‍ത്തിയിരുന്നു. താലിബാന്‍ അടക്കമുള്ള ഭീകര സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ഭരിക്കുന്ന ഇമ്രാന്റെ പാര്‍ട്ടിയായ പിടിഐയുടെ സര്‍ക്കാരാണ് താലിബാനുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന കുപ്രസിദ്ധമായ ഹഖാനിയ മദ്രസയ്ക്ക് നല്‍കിയത്. ഇത്തവണ വോട്ടെടുപ്പില്‍ വ്യാപകമായ ലിംഗ വിവേചനവും മനുഷ്യാവകാശ ലംഘനവും നടന്നതായി ആരോപണമുണ്ട്. പലയിടങ്ങളിലും സ്ത്രീകളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതികളുണ്ട്.

പാകിസ്താന്‍റെ ജനാധിപത്യത്തെ സംരക്ഷിക്കുക, അതിനെ മുന്നോട്ട് നയിക്കുക എന്നതെല്ലാം ക്രിക്കറ്റ് ലോകകപ്പ് നേടുന്നതിനേക്കാള്‍ എത്രയോ മടങ്ങ്‌ ദുഷ്കരവും ശ്രമകരവുമാണ് എന്ന് ഇമ്രാന്‍ ഖാന് അറിയുമായിരിക്കും. സൈന്യത്തിന് വേണ്ടപ്പെട്ടയാള്‍, സൈന്യത്തിന്‍റെ ശത്രുവായ നവാസ് ഷരീഫിന്‍റെ എതിരാളി എന്നീ ഘടകങ്ങളെയെല്ലാം അടിസ്ഥാനപ്പെടുത്തിയുള്ള മുന്‍വിധികള്‍ ശരിവയ്ക്കുന്നത് തന്നെ ആയിരിക്കുമോ ഇമ്രാന്‍ ഖാന്‍റെ ഇന്ത്യ നയം എന്ന് വരുംദിവസങ്ങളില്‍ അറിയാം. കാശ്മീര്‍ പ്രശ്നം, നിര്‍ത്തിവച്ചിരിക്കുന്ന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ഉഭയകക്ഷി ബന്ധം ശക്തമാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയോട് എന്ത് സമീപനമായിരിക്കും പുതിയ പാകിസ്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടി വരും.

This post was last modified on July 26, 2018 5:23 pm