X

ഇന്ത്യയടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാമെന്ന് അമേരിക്ക

ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ താല്‍ക്കാലികമാണെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. വരും മാസങ്ങളില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാന്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കും.

ഇറാന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളും ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്ന നിലപാട് മാറ്റി യുഎസ്. ഇന്ത്യയും ജപ്പാനും ദക്ഷിണ കൊറിയയും അടക്കമുള്ള എട്ട് രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് യുഎസ് ഗവണ്‍മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ അഞ്ചിനാണ് ഇറാന് മേലുള്ള ഉപരോധം പുനസ്ഥാപിക്കുന്നത്. ഇറാനില്‍ നിന്ന ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈന യുഎസുമായി ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുകയായിരുന്നു. ഇറാനില്‍ നിന്ന് എണ്ണ ഒരു രാജ്യവും വാങ്ങില്ല എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. മറിച്ചാണെങ്കില്‍ ഉപരോധത്തെക്കുകിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ നേരത്തെ പറഞ്ഞത്.

എണ്ണ വരുമാനം തടഞ്ഞ് ഇറാനെ സാമ്പത്തികമായി തളര്‍ത്താനാണ് ട്രംപ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. ഇതിനാല്‍ ഇറാന് മേലുള്ള ഉപരോധം അപ്രസക്തമാകുന്നില്ലെന്ന് ഉറപ്പുവരുത്താനും യുഎസ് നീക്കങ്ങള്‍ നടത്തും. തങ്ങളുടെ ഊര്‍ജ്ജാവശ്യങ്ങള്‍ പരിഹരിക്കാന്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ആവശ്യമാണെന്ന് ഇറക്കുമതിക്കാരായ രാജ്യങ്ങള്‍ യുഎസിനെ അറിയിച്ചിരുന്നു. ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ താല്‍ക്കാലികമാണെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. വരും മാസങ്ങളില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാന്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കും. 2015ല്‍ ഒബാമ ഗവണ്‍മെന്റിന്റെ കാലത്ത് ഇറാനുമായി യുഎസ് അടക്കമുള്ള എഴ് രാജ്യങ്ങള്‍ ഒപ്പുവച്ച ആണവ കരാറിനെ തുടര്‍ന്ന് ഇറാന് മേലുള്ള ഉപരോധം യുഎസ് നീക്കിയിരുന്നു. ഇതാണ് ട്രംപ് ഗവണ്‍മെന്റ് വീണ്ടും പുനസ്ഥാപിക്കുന്നത്.