X

ബ്രിട്ടീഷ് ബന്ധമുള്ള രണ്ട് എണ്ണക്കപ്പലുകള്‍ കൂടി ഇറാന്‍ പിടിച്ചെടുത്തു, ഹോർമുസ് കടലിടുക്ക് പൊട്ടിത്തെറിയിലേക്ക്

പ്രശ്നം വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യു.കെയുടെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്

പശ്ചിമേഷ്യൻ മേഖലയിൽ ആശങ്ക ശക്തമാക്കി ഹോർമുസ് കടലിടുക്കിൽനിന്നും രണ്ട് ഓയിൽ ടാങ്കറുകൾ ഇറാന്‍ പിടിച്ചെടുത്തു. ഒന്ന് യു.കെയിലും മറ്റൊന്ന് ലൈബീരിയയിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമുദ്രനിയമങ്ങൾ ലംഘിച്ചതിനാല്‍ ബ്രിട്ടീഷ് പതാകയുള്ള സ്റ്റെന ഇംപീറോ എന്ന കപ്പല്‍ കണ്ടുകെട്ടിയതായി ഇറാന്‍ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. കപ്പലില്‍ 23 അംഗങ്ങളുണ്ട്.

വെള്ളിയാഴ്ച സൗദി തുറമുഖമായ റാസ് തനുരയിലേക്ക് പോവുകയായിരുന്ന ലൈബീരിയൻ ഫ്ലാഗുള്ള രണ്ടാമത്തെ ടാങ്കര്‍ പെട്ടന്ന് ഇറാനിയൻ തീരം ലക്ഷ്യമാക്കി വടക്കോട്ട് നീങ്ങിയതിനാല്‍ ഇറാന്‍ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, പാരിസ്ഥിതിക ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കപ്പലിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും, കപ്പല്‍ ഹ്രസ്വമായി തടഞ്ഞുവച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും, ഔപചാരിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കപ്പലിന് യാത്ര തുടരാമെന്നും ഇറാന്‍റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘ഫാര്‍സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലില്‍ സായുധരായ ഗാര്‍ഡുകള്‍ കയറിയെങ്കിലും യാത്ര തുടരാന്‍ അനുവദിച്ചുവെന്ന് ഗ്ലാസ്ഗോ ആസ്ഥാനമായുള്ള ഓപ്പറേറ്റർ ‘നോർബുൾക്ക് ഷിപ്പിംഗ് യുകെ’ പിന്നീട് വ്യക്തമാക്കി.

എന്നാല്‍ സ്റ്റെന ഇംപീറോ ഇപ്പോഴും ഇറാന്‍റെ കസ്റ്റഡിയിലാണ്. കപ്പല്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് സ്റ്റെന ബൾക്കും നോർത്തേൺ മറൈൻ മാനേജ്‌മെന്റും പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ‘കപ്പല്‍ എല്ലാ നാവിഗേഷനും, അന്താരാഷ്ട്ര നിയമങ്ങളും പൂര്‍ണ്ണമായും പാലിച്ചിട്ടുണ്ടെന്ന്’ കമ്പനി അറിയിച്ചു. ഇന്ത്യൻ, റഷ്യൻ, ലാത്വിയൻ, ഫിലിപ്പിനോ സ്വദേശികളായ 23 പേരാണ് കപ്പലിലുള്ളതെന്ന് സ്റ്റെന ബൾക്ക് ചീഫ് എക്സിക്യൂട്ടീവ് എറിക് ഹാനെൽ പറഞ്ഞു.

പ്രശ്നം വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യു.കെയുടെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കി. എന്നാല്‍ സൈനിക നടപടിയല്ല, നയതന്ത്ര മാര്‍ഗ്ഗങ്ങളാണ് നോക്കുന്നതെന്നും, എന്നാല്‍ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഹണ്ട്, പ്രദേശത്തെ നാവിഗേഷൻ സ്വാതന്ത്ര്യം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും, എല്ലാ കപ്പലുകൾക്കും ഹോര്‍മുസിലൂടെ സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാൻ കഴിയണമെന്നും പറഞ്ഞു. സംഭവങ്ങളെക്കുറിച്ച് യു.എസ് ബ്രിട്ടനുമായി സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

അതേ സമയം ഇറാൻ-അമേരിക്ക ബന്ധം വീണ്ടും വഷളാകുകയാണ്. ഹോർമുസ് കടലിടുക്കിൽ നിയന്ത്രണ പരിധി ലംഘിച്ച ഇറാന്‍റെ ഡ്രോൺ വെടിവച്ചിട്ടെന്ന് അമേരിക്ക അവകാശപ്പെട്ടു. എണ്ണ കള്ളക്കടത്ത് ആരോപിച്ച് പിടികൂടിയ വിദേശ കപ്പൽ ഉടൻ വിട്ടയക്കണമെന്ന് ഇറാന് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദം.

ഇറാനിൽ നിന്ന് അനധികൃതമായി എണ്ണ കടത്തുന്നുവെന്നാരോപിച്ച് പനാമൻ കപ്പലായ റിയാ പിടിച്ചെടുത്തതായി ഇന്നലെയാണ് ഇറാൻ അവകാശപ്പെട്ടത്. എന്നാല്‍ കപ്പലുകൾക്ക് സ്വൈര്യമായി കടന്നുപോകുന്ന അന്തരീക്ഷം പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി ഇറാൻ നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി.

Read More: ആറു മാസം പോലും ഓടില്ല എന്ന് വിധി എഴുതി; ‘അടുക്കളയില്‍ നിന്നും പിടിച്ചു കൊണ്ടുവന്ന കുട്ടികളെ’ വെച്ച് നിരത്തിലിറങ്ങിയ തൃശൂരിലെ വനിത ബസ്സിന് 20 വയസ്

This post was last modified on July 20, 2019 9:03 am

Related Post
Leave a Comment