X

സൗദിയിലെ അരാംകോ പ്ലാന്റുകള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണം – എണ്ണവില കുതിച്ചുയരുന്നു

ആക്രമണമുണ്ടായ അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്റുകളില്‍ നിന്നുള്ള എണ്ണ ഉത്പാദനമാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.

അരാംകോ എണ്ണ സംസ്കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടർന്ന് സൗദി അറേബ്യയിൽ എണ്ണ ഉൽപാദനം പകുതിയായി കുറഞ്ഞു. 57 ലക്ഷം വീപ്പ എണ്ണ ഉൽപ്പാദനം നിർത്തിവച്ചതായി സൗദി സ്ഥിരീകരിച്ചു. അത് അന്താരാഷ്ട്ര എണ്ണവിപണിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എണ്ണ വില അഞ്ച് മുതല്‍ പത്ത് ഡോളര്‍ വരെ ഉയരുമെന്ന് വിലയിരുത്തപ്പെടുന്നു. ആക്രമണമുണ്ടായ അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്റുകളില്‍ നിന്നുള്ള എണ്ണ ഉത്പാദനമാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാല്‍ സൗദി അറേബ്യയുടെ വിലയിരുത്തലുകള്‍ക്കായി ഞങ്ങള്‍ കാതോര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമത്തിന് ശേഷം സൈനികനീക്കം ഉണ്ടായേക്കുമെന്ന സൂചന നല്‍കുന്ന പ്രതികരണം ട്രംപിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ഇതാദ്യമാണ്. നേരത്തെ ട്രംപുമായി ഫോണില്‍ സംസാരിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഭീകരാക്രമണങ്ങളെ ഒറ്റയ്ക്ക് നേരിടാന്‍ സൗദിക്ക് കഴിയുമെന്ന് അറിയിച്ചിരുന്നു.
ആക്രമണത്തെ തുടർന്ന് എണ്ണവില കുതിച്ചുയർന്ന് തിങ്കളാഴ്ച ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.

അതിനിടെ, ആവശ്യമെങ്കിൽ യുഎസ് സ്ട്രാറ്റജിക് പെട്രോളിയം റിസർവിൽ നിന്ന് എണ്ണ വിട്ടുനല്‍കാന്‍ അനുമതി നൽകിയതായും, ആഗോള എണ്ണ വിതരണം സുഗമമാക്കുന്നതിനായി എണ്ണ പൈപ്പ്ലൈൻ പദ്ധതികൾക്ക് അംഗീകാരം നല്‍കുന്നത് വേഗത്തിലാക്കാൻ ഏജൻസികൾക്ക് നിർദ്ദേശം നൽകിയതായും ട്രംപ് പറഞ്ഞു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നും അതേസമയം ഡ്രോൺ ആക്രമണത്തിന് പിന്നിൽ യെമനിലെ ഹൂതികളാണ് എന്ന് വിശ്വസിക്കാൻ തെളിവുകളില്ലെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുഎസും സൌദിയും ആരോപിക്കുന്നത്. എന്നാൽ, ആരോപണം തള്ളിയ ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരീഫ് പോംപിയോ വഞ്ചകനാണെന്നാണ് പറഞ്ഞത്. ആക്രമണത്തിന്റെ ആഘാതം തങ്ങള്‍ക്ക് എളുപ്പത്തില്‍ മറികടക്കാനാവുമെന്ന ആത്മവിശ്വാസം അരാംകോ പങ്കുവെച്ചിട്ടുണ്ട്. അത് സാധ്യമായില്ലെങ്കില്‍ എണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തും.

This post was last modified on September 16, 2019 8:32 am