X

ശ്രീലങ്ക പള്ളികളിലെ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്? തമിഴ് തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് പങ്കില്ലെന്ന് നിഗമനം

ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഭീകരാക്രമണത്തിന്റെ സ്വഭാവം പരിശോധിച്ച് വരുകയാണ്.

ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് ഗവണ്‍മെന്റിന് സംശയം. കൊളംബോയിലും ബാട്ടിക്കലോവയിലുമായി മൂന്ന് പള്ളികളും രണ്ട് ഹോട്ടലുകളാണ് ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടക്കുകയും പരിക്കേറ്റവരുടെ എണ്ണം 400ലധികമാവുകയും ചെയ്തു. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു.

ഇന്ത്യയും സ്ഥിതിഗതികള്‍ ആശങ്കയോടെയാണ് കാണുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇക്കാര്യമാണ് വ്യക്തമാക്കിയത്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഭീകരാക്രമണത്തിന്റെ സ്വഭാവം പരിശോധിച്ച് വരുകയാണ്. പ്രധാന നഗരങ്ങളില്‍ വലിയ വിഭാഗം ജനങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍. ഇതെല്ലാം നോക്കുമ്പോള്‍ ഇതിന് ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തുന്ന ആക്രമണങ്ങളുമായി സമാനതയുണ്ട്. ശ്രീലങ്ക ഗവണ്‍മെന്റുമായി സഹകരിച്ച് ഇന്ത്യ ഇന്റലിജന്‍സ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയിലൂടെ ഉപയോഗിച്ച സ്‌ഫോടക വസ്തു, ഡിറ്റണേറ്റര്‍, മറ്റ് വിശദ വിവരങ്ങള്‍ എന്നിവയെല്ലാം കൂടുതല്‍ വ്യക്തമാകും. അന്താരാഷ്ട്ര ശ്രദ്ധ നേടാന്‍ കഴിയും വിധമാണ് ആക്രമണ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ലൈവ് മിന്റിനോട് പറഞ്ഞു.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഐഎസ് മൊഡ്യൂളുകളെ പിടികൂടാനായി എന്‍ഐഎ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചാവേര്‍ ആക്രമണത്തിനായി ഇന്ത്യയില്‍ നിന്നും ഇന്‍ഡോനേഷ്യയില്‍ നിന്നുമുള്ള യുവാക്കളെ ഐഎസ് നിയോഗിക്കുന്നതായാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. അതേസമയം തമിഴ് തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ഈ ആക്രമണത്തില്‍ പങ്കില്ല എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.

This post was last modified on April 21, 2019 3:10 pm