പലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന യാസര്‍ അറാഫത്തിനെ കൊല്ലുന്നതിനായി യാത്ര വിമാനങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിട്ടിരുന്നതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോനെന്‍ ബെര്‍ഗ്മാന്‍ ആരോപിച്ചു. മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിക്കുന്ന സമയത്താണ് നിയമവിരുദ്ധ പദ്ധതിക്ക് രൂപം നല്‍കിയതെന്ന് ഉടന്‍ പുറത്തിറങ്ങുന്ന ബെര്‍ഗ്മാന്റെ ‘റൈസ് ആന്‍ കില്‍ ഫസ്റ്റ്: ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ഇസ്രായേല്‍’ എന്ന പുസ്തകത്തില്‍ പറയുന്നതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. സാധാരണ യാത്ര വിമാനങ്ങളിലാണ് അധികവും പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ) നേതാവ് സഞ്ചരിച്ചിരുന്നത് എന്നതിനാലാണ് അങ്ങനെയൊരു മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ ഷാരോണിനെ പ്രേരിപ്പിച്ചതെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നു.
1982 നവംബറിനും 1983 ജനുവരിക്കും ഇടയ്ക്കാണ് യാത്ര വിമാനങ്ങള്‍ ആക്രമിച്ച് അറാഫത്തിന് വധിക്കാനുള്ള ഉത്തരവ് ഇസ്രായേല്‍ വ്യോമസേനയ്ക്ക് ഷാരോണ്‍ നല്‍കിയത്. ഒരു രാജ്യത്തിന്റെയും റഡാര്‍ സംവിധാനമില്ലാത്ത മെഡിറ്ററേനിയന്‍ കടലിലെ ഒരു നിശ്ചിത സ്ഥലം ഇതിനായി കണ്ടെത്തുകയും ചെയ്തിരുന്നു. കടലിന് മൂന്ന് മൈല്‍ ആഴമുള്ള ഈ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം അസാധ്യമായിരിക്കുമെന്നാണ് ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് വിലയിരുത്തിയത്. യാത്രാവിമാനങ്ങളിലെ ഒന്നാം ക്ലാസ് ടിക്കറ്റുകള്‍ മുഴുവന്‍ അറാഫത്തിനും സഹായികള്‍ക്കുമായി ബുക്ക് ചെയ്യുന്ന രീതിയായിരുന്നു പിഎല്‍ഒ സ്വീകരിച്ചിരുന്നതെന്നും ഇതാണ് അത്തരം വിമാനങ്ങളെ ആക്രമിക്കാനുള്ള പദ്ധതിയൊരുക്കാന്‍ ഷാരോണിനെ പ്രേരിപ്പിച്ചതെന്നും ഇസ്രായേല്‍ വ്യോമസേനയിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെങ്കിലും തന്നോട് പറഞ്ഞതായും ബെര്‍ഗ്മാന്‍ രേഖപ്പെടുത്തുന്നു.
എന്നാല്‍ നിയമവിരുദ്ധമായ ഉത്തരവ് അനുസരിക്കാന്‍ വ്യോമസേന കമാന്റര്‍മാര്‍ തയ്യാറാവാത്തത് കൊണ്ടാണ് ആദ്യം ഓപ്പറേഷന്‍ സാള്‍ട്ട് ഫിഷ് എന്നും പിന്നീട് ഓപ്പറേഷന്‍ ഗോള്‍ഡ് ഫിഷ് എന്നും നാമകരണം ചെയ്യപ്പെട്ട പദ്ധതി നടപ്പിലാവാതിരുന്നതെന്ന് മുന്‍ ബ്രഗേഡിയര്‍ ജനറല്‍ അമേസ് ഗില്‍ബോവ തന്നോട് പറഞ്ഞതായും ബര്‍ഗ്മാന്‍ രേഖപ്പെടുത്തുന്നു. യാത്ര വിമാനം ആക്രമിച്ചാല്‍ അത് ഇസ്രായേലിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ നശിപ്പിക്കുമെന്ന് താന്‍ അന്നത്തെ പ്രതിരോധ സേന മേധാവി ലഫ്റ്റനന്റ് ജനറല്‍ റാഫേല്‍ എയ്റ്റന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഗില്‍ബാവോ പറയുന്നു. പ്രതിരോധ മന്ത്രി ശക്തനായിരുന്നതിനാല്‍ അദ്ദേഹത്തോട് നേരിട്ട് എതിരഭിപ്രായം പറയാന്‍ ആരും തയ്യാറായിരുന്നില്ലെന്ന് വ്യോമസേന പ്രവര്‍ത്തന മേധാവി ഏവിയെം സെല്ല പറഞ്ഞു. അതിനാല്‍ തന്നെ ദൗത്യം സാങ്കേതികമായി അസാധ്യമാക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
1982 ഒക്ടോബറില്‍ ഏതന്‍സില്‍ നിന്നും കെയ്‌റോയിലേക്ക് അരാഫത്തിനെയും വഹിച്ചുകൊണ്ട് പോകുന്ന യാത്രവിമാനം വെടിവെച്ചിടാന്‍ ഇസ്രായേലിന്റെ എഫ്-15 യുദ്ധവിമാനങ്ങള്‍ തയ്യാറെടുത്തതോടെയാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍, അറാഫത്തിന്റെ ഇളയ സഹോദരനാണ് വിമാനത്തിലുള്ളതെന്ന് മൊസാദ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അവസാന നിമിഷം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇസ്രായേലിന്റെ മേല്‍നോട്ടത്തില്‍ ബെയ്‌റൂട്ടിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ലെബനണിലെ ക്രിസ്ത്യന്‍ ഭീകരവാദികള്‍ നടത്തിയ സബ്ര, ഷാറ്റില കൂട്ടക്കൊലകള്‍ക്കിടയില്‍ പരിക്കേറ്റ 30 പലസ്തീന്‍ കുട്ടികളും ഈ വിമാനത്തിലുണ്ടായിരുന്നു. ഈ കൂട്ടക്കൊലകളില്‍ ഷാരോണിന് പരോക്ഷ പങ്കുണ്ടെന്ന് ഒരു ഇസ്രായേലി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.
ഒരു പലസ്തീന്‍ തടവുകാരനെ ചാവേറാക്കിക്കൊണ്ട് അറാഫത്തിന്റെ വിമാനം തകര്‍ക്കാനും പദ്ധതിയുണ്ടായിരുന്നു. യുഎസ് സൈനികനെ ചാവേറാകാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പ്രേരിപ്പിക്കുന്ന 1962ല്‍ പുറത്തിറങ്ങിയ ദ മഞ്ചൂറിയന്‍ കാന്‍ഡിഡേറ്റ് എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഈ നീക്കം. പക്ഷെ അതും പൊളിഞ്ഞു. പലസ്തീന്‍ നേതാവിനെ അഭിമുഖം ചെയ്യുന്നതിനായി പോയ നാല് ഇസ്രായേല്‍ മാധ്യമ പ്രവര്‍ത്തകരെ പിന്തുടര്‍ന്ന് അഭിമുഖത്തിനിടയില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള പദ്ധതിയും തയ്യാറാക്കപ്പെട്ടിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ പിന്തുടര്‍ന്ന സേനയ്ക്ക് ഇടയ്ക്ക വച്ച് ദിശതെറ്റിയതിനാലാണ് ആ പദ്ധതിയും നടപ്പിലാവാതെ പോയതെന്നും ബെര്‍ഗ്മാന്‍ വെളിപ്പെടുത്തുന്നു.
This post was last modified on January 26, 2018 1:08 pm
Leave a Comment