X

ജപ്പാന്‍ പ്രധാനമന്ത്രി ട്രംപിന് നല്‍കിയ വര്‍ണ്ണാഭമായ ഭൂപടത്തില്‍ എന്തായിരുന്നു?

ലളിതമായ ചാർട്ട് നല്‍കി ട്രംപിനെ സഹായിച്ച ആദ്യത്തെ വിദേശ നേതാവല്ല ഷിൻസോ അബെ

യുഎസിലെ ജാപ്പനീസ് നിക്ഷേപത്തെ കുറിച്ചുള്ള ലളിതവും വര്‍ണ്ണാഭവുമായ രേഖാ ചിത്രം ജപ്പാന്‍ പ്രധാനമന്ത്രി ട്രംപിനു നല്‍കി. എവിടെ എന്തൊക്കെ നിക്ഷേപങ്ങളാണ് ഉള്ളതെന്ന് അമേരിക്കയുടെ ഭൂപടത്തില്‍ കൃത്യമായി രേഖപ്പെടുത്തിയ രേഖാ ചിത്രം ട്രംപിന് ആഴത്തിലുള്ള ഉള്‍ക്കാഴ്ചയാണ് നല്‍കിയത്.

‘ജപ്പാന്‍ ഒരു മാസത്തിനുള്ളിൽ അഞ്ച് അധിക നിക്ഷേപങ്ങള്‍ നടത്തിയെന്ന’ ചുവന്ന നിറത്തിലുള്ള തലക്കെട്ടോടെയാണ് രേഖാ ചിത്രം ആരംഭിക്കുന്നത്. അതില്‍ ‘അഞ്ച്’ എന്നതും ‘ഒരു മാസത്തിനുള്ളിൽ’ എന്നതും അടിവരയിട്ട് വലിയ അക്ഷരത്തില്‍തന്നെ കൊടുത്തിട്ടുണ്ട്. ട്രംപ് സാധാരണ ട്വീറ്റ് ചെയ്യുന്ന സമയത്ത് ചില വാക്കുകള്‍ വലിയ അക്ഷരത്തില്‍ കൊടുക്കാറുണ്ട്. അതിനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ തലക്കെട്ടും.

സങ്കീർണ്ണമായ രേഖകൾ വായിക്കുന്നതിൽ വിമുഖത കാണിക്കുന്ന ആളാണ്‌ ട്രംപ്. ഹ്രസ്വവും ലളിതവുമായ രേഖകളോടാണ് അദ്ദേഹത്തിന് പ്രിയം. ജപ്പാനിൽ നടന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിൻസോ അബെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചാര്‍ട്ടില്‍ രേഖപ്പെടുത്തിയ നിക്ഷേപങ്ങളെകുറിച്ച് ട്രംപ് പ്രകീര്‍ത്തിച്ചു സംസാരിച്ചു. ‘മിഷിഗൺ, ഒഹിയോ, പെൻ‌സിൽ‌വാനിയ, നോർത്ത് കരോലിന തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലേക്ക് നിങ്ങള്‍ ഓട്ടോമൊബൈല്‍ കമ്പനികളെ അയക്കുന്നുണ്ടെന്നും അവരവിടെ ഗംഭീരമായ പ്ലാന്‍റുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും’ ട്രംപ് പറഞ്ഞു.

ലളിതമായ ചാർട്ട് നല്‍കി ട്രംപിനെ സഹായിച്ച ആദ്യത്തെ വിദേശ നേതാവല്ല ഷിൻസോ അബെ. നേരത്തെ, ട്രംപിനു ലോക വ്യാപാര നയം വിശദീകരിച്ചു നല്‍കാന്‍ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലോഡ് ജുങ്കർ കഴിഞ്ഞ വർഷം വർണ്ണാഭമായ ക്യൂ കാർഡുകൾ ഉപയോഗിച്ചതും വാര്‍ത്തയായിരുന്നു.

Read More: രാജ് കുമാറിന്‍റേത് പൊലീസ് ക്വട്ടേഷനോ? ദുരൂഹതകള്‍ വിരല്‍ ചൂണ്ടുന്നത് കുടുംബശ്രീ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള കോടികളുടെ പണമിടപാട് തട്ടിപ്പിലേക്ക്